ഇരുപതു വര്‍ഷമായി പുതിയ അര്‍ബന്‍ ബാങ്കുകളില്ല, കൂടുതല്‍ ബാങ്കുകള്‍ സ്ഥാപിക്കണം – സഹകാര്‍ ഭാരതി

Deepthi Vipin lal

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പുതുതായി ഒരു അര്‍ബന്‍ സഹകരണ ബാങ്കും രൂപവത്കരിച്ചിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സഹകാര്‍ ഭാരതി ജനറല്‍ സെക്രട്ടറി ഡോ. ഉദയ് ജോഷി അഭിപ്രായപ്പെട്ടു. പുതിയ അര്‍ബന്‍ ബാങ്കുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആര്‍.ബി.ഐ.ക്ക് അയച്ച കത്തില്‍ ഡോ. ഉദയ് ജോഷി ആവശ്യപ്പെട്ടു.

അര്‍ബന്‍ ബാങ്കുകളെ സംബന്ധിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളെക്കുറിച്ച് പ്രതികരിച്ചുകൊണ്ടാണു ഡോ. ജോഷി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കൂടുതല്‍ക്കൂടുതല്‍ അര്‍ബന്‍ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനു പ്രചാരണ നടപടികള്‍ എത്രയുംവേഗം കൈക്കൊള്ളണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നവംബര്‍ 14-നാരംഭിക്കുന്ന സഹകരണ വാരത്തിന്റെ തുടക്കത്തില്‍ത്തന്നെ മാനദണ്ഡങ്ങള്‍ പ്രഖ്യാപിക്കണം. പുതിയ അര്‍ബന്‍ ബാങ്കുകളുടെ രജിസ്ട്രേഷന്‍ അംബ്രല്ല ഓര്‍ഗനൈസേഷന്റെ ( യു.ഒ ) രൂപവത്കരണവുമായി ബന്ധപ്പെടുത്തരുത് – ഡോ. ജോഷി ആവശ്യപ്പെട്ടു.

യു.ഒ.യുടെ അംഗത്വവും പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹകരണ സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ആര്‍.ബി.ഐ. എല്ലാ കാലത്തും അര്‍ബന്‍ ബാങ്കുകളെയും നിയന്ത്രിക്കണം. അയല്‍ സംസ്ഥാനങ്ങളുടേതടക്കം തൊട്ടടുത്ത ജില്ലകളില്‍ ശാഖകള്‍ തുറക്കാന്‍ അനുവദിക്കണം. ഇത് ഒരേ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ അയല്‍ ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. വിവിധ സംസ്ഥാനങ്ങളിലെ / കേന്ദ്രഭരണ പ്രദേശങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ബാങ്കുകള്‍ക്കു ഇത്തരം ഇളവുകള്‍ പ്രത്യേകിച്ചും ആവശ്യമാണ് – ജോഷി അഭിപ്രായപ്പെട്ടു.

അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റിംഗും ട്രേഡിംഗും സുഗമമാക്കുന്നതിന് സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ടിന് കീഴില്‍ അര്‍ബന്‍ ബാങ്ക് സെക്യൂരിറ്റികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ നല്‍കണം. ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്കുശേഷം ഇത്തരം അധികാരം റിസര്‍വ് ബാങ്കിനു കൈവന്നിട്ടുണ്ട്. ഇതു മൂലധനമോ ദീര്‍ഘകാല ഫണ്ടുകളോ സമാഹരിക്കാന്‍ അര്‍ബന്‍ ബാങ്കുകളെ സഹായിക്കും. പുതിയ ഭേദഗതിയനുസരിച്ച് ഒരു ഓഹരിയുടമയ്ക്കു പരമാവധി എട്ടു വര്‍ഷം തുടര്‍ച്ചയായി ഡയറക്ടറായി തുടരാം. ആര്‍.ബി.ഐ. ഈ വ്യവസ്ഥ പരിഷ്‌കരിച്ച് ഓഹരിയുടമയെ അഞ്ചു വര്‍ഷം വീതം കാലാവധിയുള്ള രണ്ടു ടേമില്‍ തുടര്‍ച്ചയായി ഡയറക്ടറായി തുടരാന്‍ അനുവദിക്കണം – ജോഷി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News