ഇഫ്‌കോയുടെ നാനോ യൂറിയ പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
ലോകത്തെ ആദ്യത്തെ നാനോ യൂറിയ ( ദ്രാവകം ) ഉല്‍പ്പാദന നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാഷ്ട്രത്തിനു സമര്‍പ്പിച്ചു. കൂടുതല്‍ ലാഭം കുറഞ്ഞ ചെലവില്‍ എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് ( ഇഫ്‌കോ ) ഈ യൂറിയ പ്ലാന്റ് ഗുജറാത്ത് ഗാന്ധിനഗറിലെ കലോളില്‍ സ്ഥാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിലേക്കും ആത്മനിര്‍ഭര്‍ കൃഷിയിലേക്കുമുള്ള വലിയൊരു കുതിച്ചുചാട്ടമാണിതെന്ന് ഇഫ്‌കോ വിശേഷിപ്പിച്ചു. കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ഇഫ്‌കോ ചെയര്‍മാന്‍ ദിലീപ് സംഘാനി, മാനേജിങ് ഡയരക്ടര്‍ ഡോ. യു.എസ്. അവസ്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
500 മില്ലി ലിറ്റര്‍ വരുന്ന നാനോ യൂറിയയുടെ ഒരു കുപ്പി ഒരു ചാക്ക് യൂറിയ തരികള്‍ക്കു തുല്യമാണെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഇതു ഗതാഗതച്ചെലവു കുറയ്ക്കും. ചെറുകിട കര്‍ഷകര്‍ക്കു ഇതു വളരെയേറെ ഗുണം ചെയ്യും. ഇഫ്‌കോയുടെ ഈ പ്ലാന്റില്‍ പ്രതിദിനം ഒന്നര ലക്ഷം കുപ്പി നാനോ യൂറിയ ഉല്‍പ്പാദിപ്പിക്കും. ഇത്തരത്തിലുള്ള എട്ടു പ്ലാന്റുകള്‍കൂടി ഇഫ്‌കോ സ്ഥാപിക്കുന്നുണ്ട. ഇതോടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാവും – മോദി പറഞ്ഞു.
ഇതുവരെയായി ഇഫ്‌കോ 3.6 കോടി കുപ്പി നാനോ യൂറിയ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ഇതില്‍ 2.5 കോടിയും രാജ്യത്തെങ്ങുമുള്ള കര്‍ഷകര്‍ക്കു വിറ്റുകഴിഞ്ഞു. അയോണ്‍ല, ഫൂല്‍പ്പൂര്‍, കലോള്‍, ബംഗളൂരു, പാരദ്വീപ്, കണ്ട്‌ല, ദേവഗഢ്, ഗുവാഹതി എന്നിവിടങ്ങളിലാണു പുതിയ പ്ലാന്റുകള്‍. 3000 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന ഈ പ്ലാന്റുകളില്‍ പ്രതിദിനം രണ്ടു ലക്ഷം നാനോ യൂറിയ കുപ്പികള്‍ ഉല്‍പ്പാദിപ്പിക്കാനാവും.
വില കുറഞ്ഞതും ഫലപ്രദവുമായ ഈ യൂറിയ ദ്രാവകം വര്‍ധിച്ച ഉല്‍പ്പാദനവും കര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമിടുന്നു. ഉല്‍പ്പന്നത്തിനു വര്‍ധിച്ച പോഷകഗുണം നല്‍കുന്ന ഈ യൂറിയ കുറഞ്ഞ തോതിലേ മലിനീകരണമുണ്ടാക്കൂ. കുപ്പി സൂക്ഷിച്ചുവെക്കാനും കൊണ്ടുനടക്കാനും എളുപ്പമാണ്.
[mbzshare]