ആന്ധ്ര പ്രദേശില്‍ നഷ്ടത്തിലുള്ള സഹകരണ സംഘങ്ങളെ കരകയറ്റാന്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നു

moonamvazhi

ആന്ധ്രപ്രദേശില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ കരകയറ്റാന്‍ പെട്രോള്‍പമ്പുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി ‘ ടൈംസ് ഓഫ് ഇന്ത്യ ‘  റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സഹകരണ ബാങ്കാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ( എച്ച്.പി.സി.എല്‍ ) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമാണു ( ഐ.ഒ.സി ) നഷ്ടത്തിലുള്ള സഹകരണസംഘങ്ങള്‍ക്കു പെട്രോള്‍പമ്പുകള്‍ അനുവദിക്കുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളെ കണ്ടെത്തി അവയെയൊക്കെ സുസ്ഥിര വരുമാനവും ലാഭവും ഉറപ്പുവരുത്തുന്ന ബിസിനസുകളിലേക്കു കൊണ്ടുവരാനാണു സംസ്ഥാന സഹകരണ ബാങ്കിന്റെ ശ്രമം. 110 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു പെട്രോള്‍ /   ഡീസല്‍ വില്‍പ്പനകേന്ദ്രങ്ങള്‍ അനുവദിക്കാനാണു നീക്കം. ഈ സംഘങ്ങള്‍ക്കു ഇതുവഴി പ്രതിമാസം മൂന്നു ലക്ഷം രൂപ സ്ഥിരവരുമാനമുണ്ടാക്കാനാവുമെന്നാണു കണക്കാക്കുന്നത്.

പ്രധാന കേന്ദ്രങ്ങളില്‍, പ്രത്യേകിച്ച് ഹൈവേകളില്‍, സ്വന്തമായി ഭൂമിയുള്ള സംഘങ്ങള്‍ക്ക് ഇന്ധനവില്‍പ്പനശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാന സഹകരണ ബാങ്ക് നടത്തിയ സാധ്യതാപഠനത്തില്‍ 97 ഇടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍വഴി ലാഭമുണ്ടാക്കാനാവുമെന്നു കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളും അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളും എണ്ണക്കമ്പനികള്‍ സ്വന്തമായി നിര്‍മിച്ചുനല്‍കും. ഇതിനായി HPCL അമ്പതു ലക്ഷം രൂപ ചെലവഴിക്കും. പമ്പുകള്‍ നിര്‍മിച്ചശേഷം ഇതിന്റെ പ്രവര്‍ത്തനവും പരിപാലനവും പ്രാഥമിക സഹകരണസംഘങ്ങളെ ഏല്‍പ്പിക്കുമെന്നു ആന്ധ്രപ്രദേശ് സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടര്‍ ഡോ. ആര്‍. ശ്രീനാഥ റെഡ്ഡി അറിയിച്ചു.

പ്രതിമാസം മൂന്നു ലക്ഷം രൂപ വരുമാനം കിട്ടുന്നതോടെ ചെറിയ സംഘങ്ങളെല്ലാം നഷ്ടത്തില്‍ നിന്നു കരകയറുമെന്നാണു പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ മറ്റു ബിസിനസ്സുകളിലേക്കു കടക്കാനും ആന്ധപ്രദേശ് സഹകരണ ബാങ്ക് പ്രാഥമിക സംഘങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. HPCL ഇതിനകം 77 സഹകരണസംഘങ്ങള്‍ക്കു ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കു ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലാണ് – ഡോ. റെഡ്ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News