ആദായ നികുതി സെക്‌ഷൻ 80 (പി ) – വിഷയത്തിലുള്ള ലേഖനം തുടരുന്നു..
ആദായ നികുതി സെക്‌ഷൻ 80 (പി ) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു.ഭാഗം-ഒൻപത് :
58. കഴിഞ്ഞ ലക്കത്തിൽ തുടങ്ങിവെച്ച കേരള ഹൈക്കോടതിയുടെ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ വിധിയെ കുറിചുള്ള വിശകലനം തുടരുന്നു.
59. ബഹു: കോടതി പിന്നീട് ബിആർ നിയമത്തിലെ സെക്‌ഷൻ 5 (cciv)ലെ ”പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി” യുടെ നിർവചനം പരിശോധിച്ചു. സെക്‌ഷൻ 5 (cciv) അനുസരിച്ച ‘പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി’ എന്നാൽ ഒരു സഹകരണ സൊസൈറ്റി, അതിന്റെ പ്രാഥമിക ലക്ഷ്യം അല്ലെങ്കിൽ പ്രധാന ബിസിനസ്സ് അതിന്റെ അംഗങ്ങൾക്ക് കാർഷിക ആവശ്യങ്ങൾക്കായി അല്ലെങ്കിൽ കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട (വിളകളുടെ വിപണനം ഉൾപ്പെടെ) സാമ്പത്തിക സൗകര്യം ഒരുക്കുക എന്നതാണ്. ”പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി” ഒരു “കോഓപ്പറേറ്റീവ് സൊസൈറ്റി” ആണെന്നുള്ളതിനു യാതൊരു തർക്കത്തിനും വഴിയില്ല.
60. അപ്പോൾ എന്താണ് “കോഓപ്പറേറ്റീവ് സൊസൈറ്റി” ? “കോഓപ്പറേറ്റീവ് സൊസൈറ്റി” യുടെ നിർവചനം ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 5 (cciia) യിൽ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാന നിയമം അനുസരിച്ചോ അല്ലെങ്കിൽ കേന്ദ്രനിയമം അനുസരിച്ചോ റെജിസ്റ്റർ ചെയ്ത സഹകരണ സൊസൈറ്റിയെ “കോഓപ്പറേറ്റീവ് സൊസൈറ്റി” ആയി നിർവചിച്ചിരിക്കുന്നു.
അങ്ങനെയെങ്കിൽ, ”പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി” കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 എന്ന പേരിലുള്ള സംസ്ഥാന നിയമം അനുസരിച് റെജിസ്റ്റർ ചെയ്ത ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി തന്നെ അല്ലെ? ആ സംസ്ഥാന നിയമം അനുസരിച് ”പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി” ആയി കോഓപ്പറേറ്റീവ് റജിസ്ട്രാർ തരംതിരിച്ചു റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും നോക്കാനില്ല. ആ സൊസൈറ്റി ഒരു ”പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി” തന്നെയാണ്. അങ്ങനെയെങ്കിൽ സെക്‌ഷൻ 80 പിയിലെ 4-ാം ഉപവകുപ്പ് അനുസരിച്ച് ആനുകൂല്യങ്ങൾ നിഷേധിക്കാൻ കഴിയില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു.
61. കേരള കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് 1969 അനുസരിച് സൊസൈറ്റിയുടെ റെജിസ്ട്രേഷൻ അതിന്റെ തരം തിരിവ് നടത്തൽ എല്ലാം ചെയ്യാനുള്ള അധികാരം റെജിസ്ട്രാറിൽ നിക്ഷിപ്തമായിരിക്കുന്നു. അതൊരു പരമാധികാരം തന്നെയാണ്. അങ്ങനെയുള്ള പരമാധികാരം ഉപയോഗിച്ച് ഒരു കോഓപ്പറേറ്റീവ് സൊസിറ്റിയെ ഒരു “പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റി” ആയി തരംതിരിച് റെജിസ്റ്റെർ ചെയ്താൽ അതിനെ ചോദ്യം ചെയ്യാൻ ആർക്കാണ് അധികാരം ഉള്ളത്? തീർച്ചയായും ആദായനികുതി വകുപ്പിന് ആ റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ നിയമ സാധുതയെ ചോദ്യം ചെയ്യാനുള്ള അധികാരം ഇല്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, റജിസ്ട്രാർ നൽകുന്ന റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആദായനികുതി വകുപ്പിനും ബാധകമാണ്. അതുകൊണ്ട് പാക്‌സായി തരംതിരിച്ചു റജിസ്ട്രാർ കൊടുക്കുന്ന റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അംഗീകരിച്ചേ കഴിയു എന്ന് കോടതി പറഞ്ഞു.
62. ‘കോ-ഓപ്പറേറ്റീവ് ബാങ്ക്’ എന്നത് ബിആർ ആക്ടിന്റെ സെക്ഷൻ 5 (cci ) യിൽ നിർവചിച്ചിരിക്കുന്ന ഒരു പദമാണ്. അങ്ങനെയുള്ള ഒരു ‘കോ-ഓപ്പറേറ്റീവ് ബാങ്ക്’ ആണെങ്കിൽ മാത്രമേ 80P യുടെ ആനുകുല്യങ്ങളെ നിഷേധിക്കാൻ കഴിയു. പക്ഷെ ‘കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നിര്വചനത്തിൽ നിന്നും പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റിയെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും 80P യുടെ ആനുകുല്യങ്ങള പാക്സിന് നിഷേധിക്കാൻ ആദായനികുതി വകുപ്പിന് കഴിയില്ല എന്ന് ആദായനികുതി വകുപ്പിന്റെ വാദം തള്ളിക്കളഞ്ഞ ശേഷം കോടതി വിധിച്ചു.
63. പ്രാഥമിക ലക്ഷ്യങ്ങൾ അല്ലെങ്കിൽ പ്രധാന ബിസിനസ് രണ്ടിലേത് അളവുകോലായി എടുത്താലും തങ്ങൾ പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി ആണെന്ന് താഴെയുള്ള ആദായനികുതി അപ്പലെറ്റ് ട്രിബുണൽ മുമ്പാകെ തെളിയിക്കുന്നതിൽ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് വിജയിച്ചു. അതുകൊണ്ട് പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി എന്ന നിലക്ക് ചിറക്കൽ ബാങ്ക് 80P യുടെ ആനുകുല്യങ്ങൾക്കു അർഹരാണെന്നു കോടതി സംശയാതീതമായി വിധിച്ചു.
തുടരും
SIVADAS CHETTOOR BCOM FCA LLM
9447137057
[email protected]