ആദായ നികുതി നിയമഭേദഗതി മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഗൗരവപൂർവ്വം എത്തിക്കണമെന്ന് മൂന്നാംവഴിയുടെ വെബിനാർ: സഹകരണ സംഘങ്ങളോട് കാട്ടുന്ന വിവേചനത്തെ നിയമപരമായി നേരിടണമെന്നും സഹകാരികൾ.

adminmoonam

ആദായ നികുതി നിയമത്തിലെ പുതിയ ഭേദഗതികൾ മൂലം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ ഗൗരവപൂർവ്വം എത്തിക്കണമെന്ന് മൂന്നാംവഴിയുടെ വെബിനാറിൽ പൊതുവികാരം. സഹകരണ സംഘങ്ങളോട് കാട്ടുന്ന വിവേചനത്തെ നിയമപരമായി നേരിടണമെന്നും സഹകാരികൾ ഒറ്റക്കെട്ടായി പറയുന്നു.2019 ലെ കേന്ദ്ര ധനകാര്യ നിയമത്തിൽ സഹകരണ സംഘങ്ങളുടെ ആദായ നികുതി ബാധ്യതകൾ സംബന്ധിച്ചായിരുന്നു പ്രധാനപ്പെട്ട സംവാദം. ആദായ നികുതി നിയമം 194 N വകുപ്പിൽ നൽകിയിരിക്കുന്ന ഇളവ് സഹകരണ സംഘങ്ങൾക്ക് നിഷേധിക്കുക വഴി ഒരു വർഷത്തിൽ ഒരു കോടി രൂപയിലധികമുള്ള നിക്ഷേപം പണമായി പിൻവലിക്കുന്നതിന് രണ്ടു ശതമാനം ടി.ഡി.എസ് ഇടാക്കണമെന്ന നിബന്ധന നിക്ഷേപങ്ങൾ പിൻവലിക്കുന്നതിൽ മാത്രമല്ല ഓവർ ഡ്രാഫ്റ്റും വായ്പകളും പിൻവലിക്കുന്നതിലും ബാധകമാക്കിയത് സംഘങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. വകുപ്പ് 269 SU പ്രകാരം 50 കോടിയിലധികം ഇടപാടുകളുള്ള സംഘങ്ങൾ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറണമെന്നുള്ള നിബന്ധന നടപ്പിലാക്കുക വഴി കാർഡ് സ്വൈപ്പിംഗ് നടപ്പിലാക്കുമ്പോൾ രണ്ട് ശതമാനത്തോളം സർവ്വീസ് ചാർജ് ഈടാക്കുന്നത് സംഘങ്ങളുടെ ദൈനം ദിന ഇടപാടുകളെ ബാധിക്കുമെന്ന് വെബിനാറിൽ പങ്കെടുത്തവർ പറഞ്ഞു.

ഡിജിറ്റൽ ഇടപാടുകളെ സ്വീകരിക്കാനുള്ള പരിശീലനം ഗ്രാമപ്രദേശങ്ങളിൽ വേണ്ടത്ര ലഭിച്ചിട്ടുമില്ല. ഇടപാടുകാരുടെ സ്വീകാര്യത ഒരു പ്രശ്നമാണ്. ഒരേ ബേങ്കിന്റെ പല ബ്രാഞ്ചുകളിൽ നിന്നും നിക്ഷേപങ്ങൾ പണമായി പിൻവലിച്ചാൽ 2% ടി.ഡി.എസ് ബാധ്യതയുടെ കീഴിൽ വരും. 197A യിൽ 1(F) ആയി വന്ന ഭേദഗതി പ്രകാരം കേന്ദ്ര സർക്കാരിന് സ്ഥാപനങ്ങളെ ടി.ഡി.എസ് ബാധ്യതയിൽ നിന്ന് ഒഴിവാക്കാമെന്നിരിക്കെ അത്തരം ശ്രമങ്ങൾ വേണ്ടി വരും. 2020 ലെ കേന്ദ്ര ധനനിയമപ്രകാരം മുൻ മൂന്ന് വർഷങ്ങളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ 20 ലക്ഷത്തിന് മുകളിൽ 2% വും ഒരു കോടിക്കു മുകളിൽ പണം പിൻവലിക്കുന്നതിന് 5 % വും ടി.ഡി.എസ് പിടിക്കണമെന്ന നിബന്ധന കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് ബന്ധപ്പെട്ട സംഘങ്ങളെ തള്ളി വിടുമെന്ന് സഹകാരികൾ അഭിപ്രായപ്പെട്ടു.

ആദായനികുതി നിയമം 194 A (3) ൽ വന്ന പുതിയ ഭേദഗതി പ്രകാരം 50 കോടിയിലധികം ഇടപാടുള്ള സംഘങ്ങൾ നിക്ഷേപകർക്ക് 40000 രൂപയിലധികം പലിശ നൽകുമ്പോൾ ടി.ഡി.എസ് പിടിക്കണമെന്ന നിബന്ധന അത്തരം സംഘങ്ങളുടെ നിക്ഷേപ സമാഹരണത്തെ ദോഷകരമായി ബാധിക്കും. ഒന്നിൽ കൂടുതൽ വാണിജ്യ ബാങ്കുകളെ ഉൾപ്പെടുത്തി സാറ്റലൈറ്റ് ബാങ്കിംഗ് നിക്ഷേപങ്ങൾ പരിഹാരമായി നിർദ്ദേശിക്കാമെങ്കിലും 194 N വകുപ്പിനെ അതിജീവിക്കാൻ അത്തരം ശ്രമങ്ങൾ നടത്തുന്നത് സഹകരണ മേഖലയെ ദുർബലപ്പെടുത്താൻ കാരണമാകുമെന്നും അഭിപ്രായമുണ്ടായി.

പെൻഷൻ വിതരണത്തിൽ സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന സഹകരണ ബേങ്കിന്റെയും ഏജന്റുമാരായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന ബിസിനസ്സ് കറൻസ് പോണ്ടന്റ്മാരായി പ്രവർത്തിക്കുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാവുന്നതാണെന്ന് അഭിപ്രായം ഉയർന്നെങ്കിലും അതിന്റെ മറ്റു വശങ്ങളും ചർച്ച ചെയ്യപ്പെട്ടു. ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന വായ്പാ സംഘങ്ങൾ ഏത് പേരിൽ അറിയപ്പെട്ടാലും ആത്യന്തികമായി അവ എല്ലാം കേരള സഹകരണ നിയമപ്രകാരം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ തന്നെയാണ്. 2019 ലെ ധന നിയമ ഭേദഗതി പ്രകാരം ആദായ നികുതി നിയമത്തിൽ വന്ന ഭേദഗതി 206 A വകുപ്പു പ്രകാരം നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശയുടെ വിവരങ്ങൾ നിശ്ചിത പരിധിക്ക് വിധേയമായി ആദായ നികുതി വകുപ്പിന് നൽകണമെന്നതും പുതിയ പ്രതിസന്ധികൾക്ക് കാരണമായേക്കുമെന്ന് പൊതുവികാരം ഉണ്ടായി.

ആദായനികുതി നിയമത്തിലെ പുതിയ നിബന്ധനകൾ കാരണം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ നിവേദനമായി എത്തിക്കുന്നതോടൊപ്പം സംഘങ്ങളോടു മാത്രം കാട്ടുന്ന വിവേചനത്തെ നിയമപരമായി നേരിടണമെന്ന അഭിപ്രായം എല്ലാവരും പങ്കു വെച്ചു. കൂടാതെ പണ വിമുക്ത സമ്പദ് വ്യവസ്ഥ എന്ന സർക്കാർ നയത്തിന് ചുവടുപിടിച്ച് സഹകരണ സംഘങ്ങൾ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ദൈനംദിന ഇടപാടുകൾ മാറ്റിയെടുക്കണമെന്നും ഇടപാടുകാരെ അതിന് സജ്ജമാക്കണമെന്നും സഹകാരികൾ അഭിപ്രായപ്പെട്ടു.

അഡ്വക്കേറ്റ് ഡോക്ടർ കെ പി പ്രദീപ് വിഷയം അവതരിപ്പിക്കുകയും നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുകയും നിയമപരമായ സാധ്യതകൾ സെമിനാറിൽ അക്കമിട്ട് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഡോക്ടർ എം. രാമനുണ്ണി മോഡറേറ്ററായിരുന്നു. അഡ്വ. എം.പി. സാജു, ചാർട്ടേഡ് അക്കൗണ്ടന്റ് മാരായ ശിവദാസ് ചേറ്റൂർ, ടി.ടി. ഷാജൻ, ബി.പി.പിള്ള, സാജു ജെയിംസ്, പുരുഷോത്തമൻ മണ്ണാർക്കാട്, ദിനേശൻ കാരന്തൂർ, ശ്രീജിത്ത് മുല്ലശ്ശേരി, ഹനീഫ പെരിഞ്ചേരി, സുബ്രഹ്മണ്യൻ കട്ടയ്ക്കോട്, ശ്രീജിത്ത് കൊടുങ്ങല്ലൂർ തുടങ്ങി നിരവധി പേർ ചർച്ചയിൽ സജീവമായി ആശയങ്ങൾ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News