ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിൽ ഉള്ള ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ
ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു.

മാവിലയിൽ കേസിന്റെ വിശകലനം തുടരുന്നു.

104. കഴിഞ്ഞ ലക്കത്തിൽ Antony Pattukulangara v. E. N. Appukuttan Nair [2012] 3 KHC 726 (Ker) എന്ന കേസിന്റെ വിധിയെ കുറിച് പറഞ്ഞിരുന്നു. ആന്റണി പാട്ടുകുളങ്ങര കേസ്, ശ്രീകണ്ഠമംഗലം സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ മാനേജിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസ് ആയിരുന്നു. സെക്‌ഷൻ 28 (1C) അനുസരിച് ഒരു “പ്രാഥമിക ക്രെഡിറ്റ് സൊസൈറ്റി (primary credit society) അതിന്റെ മാനേജിങ് കമ്മിറ്റിയിൽ നിക്ഷേപകരുടെ ഒരു പ്രതിനിധിയെ കൂടെ തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ ആൻ്റണി പാട്ടുകുളങ്ങര നിക്ഷേപകരുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.

105. ആൻ്റണി പാട്ടുകുളങ്ങരയുടെ തിരഞ്ഞെടുപ്പിനെ ചിലർ കേരള ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജിനു മുന്നിൽ ചോദ്യം ചെയ്ത് writ petition ഫയൽ ചെയ്തു. മേലെ ചൂണ്ടികാണിച്ചപോലെ സെക്‌ഷൻ 28 (1C) അനുസരിച് ശ്രീകണ്ഠമംഗലം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് , ഒരു “പ്രാഥമിക ക്രെഡിറ്റ് സൊസൈറ്റി ( primary credit society) ആണെങ്കിൽ മാത്രമേ 28 (1C ) അനുസരിച്ച നിക്ഷേപകരുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ കഴിയുള്ളു. എന്നാൽ ശ്രീകണ്ഠമംഗലം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് , ഒരു” പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി” ആണെന്നും “പ്രാഥമിക ക്രെഡിറ്റ് സൊസൈറ്റി ( primary credit society) അല്ലെന്നും സിംഗിൾ ജഡ്ജി വിധിച്ചു. അതിനാൽ നിക്ഷേപകരുടെ പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് അസാധുവാണെന്നു കോടതി കണ്ടെത്തി.

106. മേല്പറഞ്ഞ സിംഗിൾ ജഡ്ജിയുടെ വിധി കേരള ഹൈക്കോടതിയുടെ ഡിവിഷൻ മുമ്പാകെ അപ്പീലിൽ തീർപ്പുകല്പിക്കാനായി വന്നു. അപ്പോൾ കോടതിയുടെ മുന്നിലെ പ്രധാന പ്രശനം ശ്രീകണ്ഠമംഗലം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് , ഒരു” പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി” ആണോ അതോ ഒരു” പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി” ആണെന്നും “പ്രാഥമിക ക്രെഡിറ്റ് സൊസൈറ്റി ( primary credit society) ആണോ എന്നായിരുന്നു.അതിനായി കോടതി സെക്‌ഷൻ 2 (oaa) യിൽ കൊടുത്തിരിക്കുന്ന ” പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി” യുടെ നിർവചനവും സെക്‌ഷൻ 2(ob)യിൽ കൊടുത്തിരിക്കുന്ന “പ്രാഥമിക ക്രെഡിറ്റ് സൊസൈറ്റി” യുടെ നിർവചനവും കീറിമുറിച്ചു പരിശോധിച്ചു. കോടതിയുടെ കണ്ടെത്തലുകൾ താഴെ വിവരിക്കുന്നു.

107. “പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റിയുടെ” നിർവചന വ്യവസ്ഥ അനുസരിച്ച് കാർഷിക വായ്പാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും കാർഷിക ആവശ്യങ്ങൾക്കായി വായ്പയും അഡ്വാൻസും നൽകുകയും ചെയ്യുക എന്നതാണ് പാക്സിന്റെ പ്രധാന പ്രവർത്തനമേഖല. എന്നാൽ സൊസൈറ്റി അതിന്റെ ലക്ഷ്യം കൈവരിക്കുന്നില്ലെങ്കിൽ, അതായത്, ഒരു കാർഷിക ക്രെഡിറ്റ് സൊസൈറ്റി പോലെ പ്രവർത്തിക്കുകയാണെങ്കിൽ, മേല്പറഞ്ഞ നിർവചന വ്യവസ്ഥയുടെഫലമായി അതിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. മേല്പറഞ്ഞ കേസിൽ പാക്‌സ് 22.2 കോടി നിക്ഷേപം പൊതുജനങ്ങളിൽ നിന്നും മറ്റുമായി സ്വീകരിച്ചിരുന്നു. അതിൽ നിന്നും കാർഷികആവശ്യങ്ങൾക്കായി കൊടുത്ത വായ്പ വെറും 15.5 ലക്ഷം മാത്രം. എന്നാൽ കാർഷികേതര ആവശ്യങ്ങൾക്കായി കൊടുത്ത വായ്പ 20.4 കോടിയോളം വരും. മൊത്തം വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ കാർഷികവായ്പ തുച്ഛമായ തുക മാത്രമാണ്. ഇങ്ങനെയുള്ള ഒരു സൊസൈറ്റിയെ എങ്ങിനെ ഒരു “പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റി” എന്ന് വിളിക്കും?

108. എന്നാൽ ആശ്ചര്യമെന്നു പറയട്ടെ ….മേൽപ്പറഞ്ഞ വസ്തുതാപരമായ നിലപാടിന് അനുസൃതമായി, കേരള സഹകരണത്തിന്റെ 15-ാം ചട്ടത്തിലെ കുറിപ്പ് (ii) പ്രകാരം സൊസൈറ്റിയുടെ ക്ലാസ്സിഫിക്കേഷൻ മാറ്റാൻ ഉത്തരവിടേണ്ടത് രജിസ്ട്രാറുടെ കടമയാണെന്ന് കോടതിയുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ സൊസൈറ്റിയുടെ ക്ലാസ്സിഫിക്കേഷൻ മാറ്റിയുള്ള ഉത്തരവ് ഇറക്കാൻ ഇതേവരെ റജിസ്ട്രാർ ഒരു നടപടിയും എടുത്തു കാണുന്നില്ല. Antony Pattukulangara കേസിലെ, പാക്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സർവീസ് സഹകരണ ബാങ്ക് , വാസ്തവത്തിൽ ആക്ടിന്റെ സെക്‌ഷൻ 2 (OB ) പ്രകാരം നിർവചിച്ചിരിക്കുന്ന ഒരു “പ്രൈമറി ക്രെഡിറ്റ് സൊസൈറ്റിയാണ്” എന്ന് കോടതി അഭിപ്രായപ്പെട്ടു.

109. മേല്പറഞ്ഞ വിധി മാവിലയിൽ സർവീസ് സഹകരണ ബാങ്കിന്റെ കേസ് പരിഗണിച്ച ഫുൾ ബെഞ്ചിനെ കാര്യമായി സ്വാധീനിച്ചതായി കാണുന്നു. അതിനുപുറമെ Tattamangalam service cooperative bank v ITO (TDS ) W.P.(C) No. 14226 of 2012 എന്ന കേസിലെ കേരള ഹൈ കോടതിയുടെ വിധിയും ഫുൾ ബെഞ്ച് പരിശോധിച്ചു. Tattamangalam service cooperative bank ന്റെ കേസിൽ സെക്‌ഷൻ 194A വകുപ്പനുസരിച് പാക്‌സ് പലിശ സ്ഥിര നിക്ഷേപകർക്ക് കൊടുക്കുമ്പോൾ TDS പിടിച് അടക്കാനുള്ള ബാധ്യത ഉണ്ടോ എന്നായിരുന്നു വിഷയം. 194A(3) viia ) വകുപ്പനുസരിച് പാക്‌സ് പലിശ സ്ഥിര നിക്ഷേപകർക്ക് കൊടുക്കുമ്പോൾ TDS പിടിച് അടക്കാനുള്ള ബാധ്യത ഇല്ല. എന്നാൽ Tattamangalam service cooperative bank പേരിൽ മാത്രമേ പാക്‌സ് ആവുന്നുള്ളുവെന്നും വസ്തുതാപരമായി നോക്കിയാൽ പാക്‌സ് അല്ലെന്നും TDS ആഫീസർ ഉത്തരവ് ഇറക്കി. ഇതിനെ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ കോടതി പാക്സിന്റെ ക്ലാസ്സിഫിക്കേഷൻ ശരിയാണോ എന്ന് റജിസ്ട്രാർ ഒന്നുകൂടി പരിശോധിച്ചു പാക്‌സ് തന്നെയാണോ എന്ന് തീരുമാനിക്കാൻ കോടതി നിർദ്ദേശിച്ചു. അതായത് ബാങ്കിന്റെ തുടക്കത്തിൽ ലഭിച്ച രജിസ്‌ട്രേഷൻ സെര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പാക്‌സ് ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ കഴിയില്ല എന്ന് കോടതി കണ്ടെത്തി.

110. മേല്പപറഞ്ഞ രണ്ടു വിധികളും അതായത് Antony Pattukulangara v. E. N. Appukuttan Nair കേസിലെ വിധിയും tattamangalam service cooperative bankന്റെ കേസിലെ വിധിയും പാക്സിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്നതാണ് എന്ന കാര്യത്തിൽ സംശയം ഇല്ല.

തുടരും..

Leave a Reply

Your email address will not be published. Required fields are marked *

Latest News