ആദായനികുതി വകുപ്പ് വ്യവഹാരപ്രിയരാവരുത്

[email protected]

ഒരു പഞ്ചായത്ത് ഭരണത്തിന് കീഴില്‍ ഒരു സ്കൂളും ഒരു സഹകരണ സംഘവും. നല്ലനാടിന് അടിസ്ഥാനമായി വേണ്ടത് ഇതാണെന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ കാഴ്ചപ്പാട്. ജനകീയമായ ഇടപെടലും ജനപക്ഷ സാമ്പത്തിക സംവിധാനം തീര്‍ക്കലുമാണ് സഹകരണ സംഘത്തെ നാടിനൊപ്പം ചേര്‍ത്തുനിര്‍ത്താന്‍ പ്രേരിപ്പിച്ച ഘടകം. ലോകത്താകെ സഹകരണ പ്രസ്ഥാനം വളര്‍ന്നതും വ്യാപിച്ചതും ഇതേ ചിന്തയിലൂന്നിയാണ്. അമൂല്‍ ഒരു കോര്‍പ്പറേറ്റ് സംവിധാനമായല്ല പിറന്നത്. ക്ഷീരകര്‍ഷകരെ രക്ഷിക്കാനുള്ള സഹകരണ കൂട്ടായ്മയായാണ്. പക്ഷേ, കോര്‍പ്പറേറ്റുകളെ തോല്‍പ്പിക്കാന്‍ പാകത്തില്‍ അമൂല്‍ വളര്‍ന്നത് സാധാരണക്കാര്‍ക്കൊപ്പം നാടിന്‍റെ വിശ്വാസം നേടാനായതുകൊണ്ടാണ്. ഇതേ മാതൃകയില്‍ കേരളത്തില്‍ മില്‍മ വന്നു. നീതി സ്റ്റോറുകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍വരെയുണ്ടായി. ആശുപത്രികള്‍, ക്യാന്‍സര്‍ സെന്‍റര്‍, തേയില ഫാക്ടറി അങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍. ഇതൊക്കെ സര്‍ക്കാരുകളുടെ പിന്തുണയും സഹകരണവും കൊണ്ടാണ് പിറന്നതും വളരുന്നതും. ഇന്ത്യയുടെ ചരിത്രം അതാണ്. സഹകരണ സ്ഥാപനങ്ങളെ ജനകീയ കൂട്ടായ്മയായി കണ്ട് പിന്തുണയ്ക്കുകയെന്ന സമീപനമാണ് ഇന്ത്യയിലാകെ ഇതുവരെയുള്ള സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, സഹകരണ സംഘങ്ങളോടുള്ള ആദായനികുതി വകുപ്പിന്‍റെ നിലപാട് ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ടല്ല.

നികുതി വ്യവസ്ഥ രാജ്യത്തിന്‍റെ സമ്പദ്ഘടനയുടെ അടിസ്ഥാന നിയമസംവിധാനമാണ്. അതിനെ മറികടന്നുള്ള സഹായമല്ല സഹകരണ സംഘങ്ങള്‍ തേടുന്നത്. നിയമപരമായ ഇളവിന് അര്‍ഹതയുണ്ടായിരിക്കേ, അതു വിലക്കി കോടതി വ്യവഹാരത്തിന് വഴിവെക്കുന്ന സമീപനം ഒഴിവാക്കേണ്ടതാണ്. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലാകെ ഇതേ രീതിയാണ്. പ്രാഥമിക കാര്‍ഷിക സംഘങ്ങളില്ലെങ്കില്‍ ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയും കാര്‍ഷികോല്‍പാദനവും തകരുമെന്ന് പറഞ്ഞത് നബാര്‍ഡാണ്. അതുകൊണ്ടാണ് ഇവയ്ക്ക് ആദായനികുതി നിയമത്തിലെ 80 (പി ) അനുസരിച്ച് നികുതിയിളവ് നല്‍കിയത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. മറ്റേത് സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട പ്രവര്‍ത്തനവും സാങ്കേതിക മികവും ഇവിടുത്തെ സഹകരണ ബാങ്കുകള്‍ക്കുണ്ട്. അതൊരുകുറ്റമല്ല, ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ആര്‍ജിച്ചെടുത്ത് വളര്‍ന്നതുകൊണ്ടാണ്. ഈ വളര്‍ച്ചയാണ് ആദായനികുതി വകുപ്പിനെ നികുതിയിളവ് നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവിടുത്തെ സഹകരണ ബാങ്കുകളെ കാര്‍ഷിക വായ്പാ സംഘങ്ങളായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തി നികുതി ചുമത്തുന്ന രീതിയാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്.

ആറ് ഹൈക്കോടതികള്‍, 13 ആദായനികുതി അപ്പലറ്റ് ട്രിബ്യൂണലുകള്‍ എന്നിവ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 80 (പി ) അനുസരിച്ച് നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് വിധിച്ചിട്ടുണ്ട്. തെറ്റായി നികുതി ചുമത്തിയതിന് വകുപ്പിന് പിഴയിട്ടിട്ടുണ്ട്. വാങ്ങിയ നികുതി സംഘങ്ങള്‍ക്ക് തിരികെ കൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെയുണ്ടായിട്ടും വീണ്ടും നികുതിയും പിഴയും ചുമത്തി നോട്ടീസ് നല്‍കുന്ന നിലപാട് നാടിന്‍റെ നډയ്ക്ക് വേണ്ടിയാണെന്നു കരുതാനാവില്ല. വ്യക്തിഗത നിക്ഷേപം പോലും സംഘത്തിന്‍റെ വരുമാനമായി കണക്കാക്കി കേരളത്തിലെ പല സംഘങ്ങള്‍ക്കും നികുതി ചുമത്തി നോട്ടീസ് നല്‍കിയിരിക്കുകയാണ്. ‘ഉറവിടം വെളിപ്പെടുത്താത്ത പണം’ എന്ന രീതിയിലാണ് വ്യക്തിഗത നിക്ഷേപം ആദായനികുതി വകുപ്പ് കണക്കാക്കിയിട്ടുള്ളത്. കെ.വൈ.സി. മാനദണ്ഡവും സര്‍ക്കാരിന്‍റെ നിയന്ത്രണവും പരിശോധനയും നടക്കുന്ന സ്ഥാപനമാണ് സഹകരണ സംഘങ്ങള്‍. അവിടെ തിരിച്ചറിയാത്ത ഇടപാടുകാരില്ല. അവ കള്ളപ്പണക്കാരുടെ ബിനാമി സ്ഥാപനവുമല്ല. അത് പരിശോധിക്കാന്‍ നിയമപരമായ സംവിധാനമുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ 2000 രൂപപോലും നിക്ഷേപിക്കുന്നവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാല്‍ നശിക്കുന്നത് സംഘങ്ങളുടെ വിശ്വാസ്യതയാണ്. കോടതിയില്‍നിന്ന് നീതിയുറപ്പാക്കാനാകും. പക്ഷേ, അതിനുവേണ്ടി ചെലവഴിക്കേണ്ടത് ലക്ഷങ്ങളാണ്. അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കലല്ല ഒരു സര്‍ക്കാര്‍ വകുപ്പിന്‍റെയും പൊതുസേവനം.

Leave a Reply

Your email address will not be published. Required fields are marked *

Latest News