ആഗോള ക്ഷീര ഉച്ചകോടി12 നു നോയിഡയില്‍ തുടങ്ങും
അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ ( IDF ) ആഗോള ഉച്ചകോടി സെപ്റ്റംബര്‍ 12-15 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കും. 48 വര്‍ഷത്തിനുശേഷമാണു ഐ.ഡി.എഫ്. സമ്മേളനം ഇന്ത്യയില്‍ നടക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കും.
കോടിക്കണക്കിനു ജനങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തുന്ന ഇന്ത്യന്‍ ക്ഷീര സഹകരണ പ്രസ്ഥാനം ലോകത്തിനു ഒരു പാഠമാണെന്നു സമ്മേളന വിവരം അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല അഭിപ്രായപ്പെട്ടു. ക്ഷീര സഹകരണ പ്രസ്ഥാനം നമ്മുടെ ജനതയെ ശാക്തീകരിക്കുന്നു. അമുലിന്റെ ലാഭത്തിന്റെ 85 ശതമാനവും കര്‍ഷകര്‍ക്കായി വീതം വെക്കുകയാണ് – അദ്ദേഹം പറഞ്ഞു.
ആഗോള പാലുല്‍പ്പാദനത്തിന്റെ 23 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നു ദേശീയ ക്ഷീര വികസന ബോര്‍ഡ് ചെയര്‍മാന്‍ മനേഷ് ഷാ അറിയിച്ചു. രാജ്യത്തെ എട്ടു കോടി ക്ഷീരകര്‍ഷകര്‍ പ്രതിവര്‍ഷം 210 മെട്രിക് ടണ്‍ പാലുല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ ക്ഷീര വ്യവസായം ആറു ശതമാനം എന്ന കണക്കില്‍ വളരുമ്പോള്‍ ആഗോളതലത്തില്‍ ഇതു വെറും രണ്ടു ശതമാനമാണ്- ഷാ പറഞ്ഞു.
അമുല്‍ ( ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ), നന്ദിനി ( കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ), ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സബ്‌സിഡറിയായ മദര്‍ ഡെയറി എന്നിവയാണു സമ്മേളനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ‘ പാല്‍ – പോഷണത്തിനും ഉപജീവനത്തിനും ‘ എന്നതാണു സമ്മേളനത്തിന്റെ ചിന്താവിഷയം. സെപ്റ്റംബര്‍ പന്ത്രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
[mbzshare]