അര്‍ബന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ ‘നിയന്ത്രണഭീതി’ യില്‍

[mbzauthor]

എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരളത്തിലെ അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു. കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ സംസ്ഥാനത്തെ 69 അര്‍ബന്‍ ബാങ്കുകളില്‍ 66 എണ്ണത്തിനും കഴിയില്ലെന്നാണ് കണക്കാക്കുന്നത്. പാലിക്കാനായില്ലെങ്കില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ആര്‍.ബി.ഐ.ക്ക് കൊണ്ടുവരാനാകും. നിര്‍ബന്ധിത ലയനമോ ലിക്യുഡേഷനോ ആണ് പിന്നീടുള്ള നടപടി.

വാണിജ്യബാങ്കുകളില്‍ കൊണ്ടുവരുന്ന ‘മൊറട്ടോറിയ’ത്തിന് സമാനമായി റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരമാണ് സാഫ് ( സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്ക്’ ). നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും വായ്പ നല്‍കുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതാണിത്. നിലവില്‍ അടൂര്‍ അര്‍ബന്‍ ബാങ്കിലാണ് സാഫ് ചുമത്തിയിട്ടുള്ളത്. വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ കേരളത്തിലെ ഭൂരിഭാഗം അര്‍ബന്‍ ബാങ്കുകളിലും സാഫ് വന്നേക്കുമെന്നാണ് ആശങ്ക.

മൂലധന പര്യാപ്തത, നെറ്റ് എന്‍.പി.എ., ലാഭക്ഷമത എന്നിവയാണ് സാഫ് ഏര്‍പ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് അടിസ്ഥാനമാക്കുന്ന മാനദണ്ഡം. തുടര്‍ച്ചയായി മൂന്നു വര്‍ഷം ലാഭത്തിലായിരിക്കണമെന്നതാണ് ലാഭക്ഷമതയ്ക്ക് അടിസ്ഥാനം. സി.ആര്‍.എ.ആര്‍. ഒമ്പതു ശതമാനവും നെറ്റ് എന്‍.പി.എ. ആറ് ശതമാനവും ഉണ്ടാകണം. ഇതിലേതെങ്കിലും ഇല്ലെങ്കില്‍ സാഫ് കൊണ്ടുവരാമെന്നാണ് വ്യവസ്ഥ. സാഫ് ചുമത്തുന്നതിന് ലാഭക്ഷമത കണക്കാക്കേണ്ടതില്ലെന്നാണ് വിശ്വനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. പകരം, എന്‍.പി.എ. ആറ് ശതമാനമാകുന്ന അത്രയും റിസര്‍വുകള്‍ സൂക്ഷിക്കണം. ബാക്കിയുള്ളവ സി.ആര്‍.എ.ആറിന് കണക്കാക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.


സി.ആര്‍.എ.ആര്‍. ഒമ്പതു ശതമാനത്തില്‍നിന്ന് 14 ശതമാനമാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സി.ആര്‍.എ.ആര്‍. ഒമ്പതു ശതമാനമെന്ന വ്യവസ്ഥ പാലിക്കാന്‍ തന്നെ അര്‍ബന്‍ ബാങ്കുകള്‍ ബുദ്ധിമുട്ടുകയാണ്. സി.ആര്‍.എ.ആര്‍. കണക്കാക്കുന്നതിനുള്ള മൂലധനത്തില്‍നിന്ന് നെറ്റ് എന്‍.പി.എ. ആറ് ശതമാനമാക്കാനായി കുറെ ഭാഗം റിസര്‍വിലേക്ക് മാറ്റും. പിന്നീട് സി.ആര്‍.എ.ആര്‍. കണക്കാക്കിയാല്‍ ഒമ്പതു ശതമാനം പോലുമുണ്ടാകില്ല. പകരം, 14 ശതമാനം വേണമെന്ന വ്യവസ്ഥകൂടി വന്നാല്‍ അര്‍ബന്‍ ബാങ്കുകള്‍ പ്രതിസന്ധിയിലാകും. ഇതിനൊപ്പം, നിബന്ധന പാലിക്കാന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ സാഫ് ചുമത്തുകയും ചെയ്യും. ഫലത്തില്‍, വിശ്വനാഥന്‍ കമ്മിറ്റി ശുപാര്‍ശ റിസര്‍വ് ബാങ്ക് നടപ്പാക്കുന്നതോടെ കേരളത്തിലെ അര്‍ബന്‍ ബാങ്കുകളുടെ സ്ഥിതി അപകടത്തിലാകുമെന്നാണ് ആശങ്ക. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാന്‍ അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.