അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇനി നാലു ലക്ഷം വരെ സ്വര്‍ണവായ്പ നല്‍കാം

moonamvazhi

അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണവായ്പാ പരിധി റിസര്‍വ് ബാങ്ക് നാലു ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഇതു രണ്ടു ലക്ഷം രൂപയാണ്. ബുള്ളറ്റ് റീപേമെന്റ് പദ്ധതിയിന്‍കീഴില്‍ വരുന്ന സ്വര്‍ണവായ്പകള്‍ക്കാണ് ഇതു ബാധകമാവുക. പ്രതിമാസ തിരിച്ചടവില്ലാതെ വായ്പാപലിശയും മുതലും വായ്പാകാലാവധിയുടെ അവസാനം ഒറ്റത്തവണയായി അടയ്ക്കുന്നതാണു ബുള്ളറ്റ് റീപേമെന്റ് പദ്ധതി.

2023 മാര്‍ച്ച് 31 നു മുന്‍ഗണനാവിഭാഗങ്ങള്‍ക്കുള്ള വായ്പ ( Priority Sector Lending – PSL ) യില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയ അര്‍ബന്‍ ബാങ്കുകള്‍ക്കാണു നാലു ലക്ഷം രൂപയുടെ വായ്പാപരിധി ബാധകമാവുകയെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതിന്റെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറപ്പെടുവിക്കും. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കാനാണു സ്വര്‍ണവായ്പാപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

എട്ടു വിഭാഗങ്ങളാണു മുന്‍ഗണനാവിഭാഗത്തിലുള്ളത്. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന കൃഷി, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ( MSME ),  കയറ്റുമതി, വിദ്യാഭ്യാസം, പുനരുപയോഗ ഊര്‍ജം, പാവപ്പെട്ടവര്‍ക്കും ദുര്‍ബലവിഭാഗങ്ങള്‍ക്കുമായുള്ള ഭവനനിര്‍മാണം, സാമൂഹിക അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളാണു മുന്‍ഗണനാവിഭാഗത്തില്‍പ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News