അര്‍ബന്‍ ബാങ്കുകളില്‍ നിന്ന് വകുപ്പ് ഓഡിറ്റര്‍മാരില്‍ 70 പേര്‍ പുറത്തായി
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ശക്തമായതോടെ സംസ്ഥാനത്തെ സഹകരണ അര്‍ബന്‍ ബാങ്കുകളിലെ സഹകരണ വകുപ്പ് ഓഡിറ്റര്‍മാര്‍ പുറത്തായി. 60 അര്‍ബന്‍ ബാങ്കുകളിലായി സഹകരണ വകുപ്പിലെ 75 ഓഡിറ്റര്‍മാരാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഇപ്പോള്‍ അഞ്ചുപേര്‍ മാത്രമാണ് അര്‍ബന്‍ ബാങ്കുകളില്‍ ഓഡിറ്റ് ജോലിയിലുള്ളത്. ബാക്കിയെല്ലാവരും പുറത്തായി. കേരള ബാങ്കിലെ ഓഡിറ്റ് വിഭാഗത്തിലുള്ള വകുപ്പുദ്യോഗസ്ഥരെ സംരക്ഷിക്കുന്നുണ്ടെങ്കിലും ഇവരും അധികം താമസിയാതെ പുറത്തായേക്കും. വകുപ്പ് തല ഓഡിറ്റ് ഭരണപരമായ കാര്യങ്ങള്‍ക്ക് മാത്രം മതിയെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്.
അസിസ്റ്റന്റ് ഡയറക്ടര്‍-25, സ്പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍-5, സീനിയര്‍ ഓഡിറ്റര്‍-24, ജൂനിയര്‍ ഓഡിറ്റര്‍-21 എന്നിങ്ങനെയാണ് അര്‍ബന്‍ ബാങ്കുകളില്‍ വകുപ്പ് ഓഡിറ്റര്‍മാര്‍ ഉണ്ടായിരുന്നത്. ഇതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഒരാള്‍ പോലും ഇപ്പോള്‍ അര്‍ബന്‍ ബാങ്കുകളില്ല. സ്പെഷല്‍ ഗ്രേഡ് ഓഡിറ്റര്‍ റാങ്കിലുള്ള ഒരാളും സീനിയര്‍ ഓഡിറ്റര്‍, ജൂനിയര്‍ ഓഡിറ്റര്‍ റാങ്കിലുള്ള രണ്ടുവീതം ഉദ്യോഗസ്ഥരുമാണ് ബാക്കിയുള്ള അഞ്ചുപേര്‍.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ ബാങ്കിങ് ഓഡിറ്റിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ടീം വേണമെന്നാണ് ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് കേരള ബാങ്കിലും അര്‍ബന്‍ ബാങ്കുകളിലും ബാധകമാണ്. വകുപ്പുതല ഓഡിറ്റ് ഭരണപരമായ കാര്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് നടത്തുക, ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നിവയാണ് ഇത്തരം ചുമതലകളില്‍ വരുന്നത്.
സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രധാന സ്ഥാനക്കയറ്റ തസ്തികയാണ് സഹകരണ ബാങ്കുകളിലെ ഓഡിറ്റര്‍ എന്നത്. ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ളവരാണ് സഹകരണ ബാങ്ക് ഓഡിറ്റര്‍മാരായി നിയമിക്കപ്പെടുന്നത്. ഇവര്‍ക്ക് നല്‍കേണ്ട ശമ്പളം ബാങ്ക് സര്‍ക്കാരിന് നല്‍കണം. അതിനാല്‍, സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത തസ്തികകള്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ തസ്തികകള്‍ ഇല്ലാതാകുന്നതോടെ വകുപ്പുദ്യോഗസ്ഥരുടെ പ്രമോഷന്‍ സാധ്യത നഷ്ടപ്പെടും. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ വകുപ്പുദ്യോഗസ്ഥര്‍ ഉന്നയിച്ച പ്രധാന കാര്യവും ഇതായിരുന്നു. കേരള ബാങ്കിലെ ഓഡിറ്റര്‍മാര്‍കൂടി പുറത്താകുമ്പോള്‍ അതിന്റെ ആഘാതം വകുപ്പ് ജീവനക്കാര്‍ക്ക് ഏറെയുണ്ടാകും. പുതിയ നിയമനസാധ്യത കുറയുമെന്നത് ഉദ്യോഗാര്‍ത്ഥികളെയും ബാധിക്കും.