അമൂല്‍ പാലിന് വില കൂട്ടി; ഉത്പാദന ചെലവ് കൂടിയതിനാലെന്ന് ഗുജറാത്ത് കോപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍
പാലിന് ലിറ്ററിന് രണ്ടു രൂപ വില കൂട്ടി അമൂല്‍. പശു, എരുമ ഫ്രഷ് പാലുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. ജൂലൈ ഒന്ന് മുതല്‍ പുതിയ നിരക്ക് രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നു. അമൂലിന്റെ ആറ് ബ്രാന്‍ഡുകളിലുള്ള പാലിനും വില കൂട്ടിയിട്ടുണ്ട്. പുതിയ നിരക്ക് അനുസരിച്ച് അര ലിറ്റര്‍ അമൂല്‍ താസക്ക് 23 രൂപയും അമൂല്‍ ഗോള്‍ഡിന് 29 രൂപയും അമൂല്‍ ശക്തിക്ക് 26 രൂപയും ആയിരിക്കും.
ഉത്പാദന ചെലവ് വലിയ തോതില്‍ കൂടിയതിനാല്‍ നിരക്ക് കൂട്ടാതെ വഴിയില്ലെന്ന് ഗുജറാത്ത് കോപ്പറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ അറിയിച്ചു. വിപണി വിലയില്‍ നാല് ശതമാനം വര്‍ധനയാണ് വരുത്തിയത്. പണപ്പെരുപ്പത്തെക്കാള്‍
ഇത് കുറവാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി വില വര്‍ധിപ്പിച്ചിട്ടില്ല. ഉത്പാദനവും പാക്കേജിങ്ങും മുതല്‍ എല്ലാ മേഖലയിലും ചെലവ് കൂടി. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും ഫെഡറേഷന്‍ അറിയിച്ചു.
രണ്ട് വര്‍ഷമായി ദേശീയ, അന്തര്‍ദേശീയ ക്ഷീര വിപണികള്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നതായി ജിസിഎംഎംഎഫ് അധികൃതര്‍
പറഞ്ഞു. പാല്‍പ്പൊടിയുടെയും മറ്റ് പാലുല്‍പ്പന്നങ്ങളുടെയും വിലയിലും ഇടിവുണ്ടായി. ”കാലിത്തീറ്റയുടെ വിലയില്‍ 15 ശതമാനം വര്‍ധനവുണ്ടായതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലായി. പാക്കേജിങ്ങിന് 40 ശതമാനത്തിനടുത്തും ഗതാഗതത്തിന് 30 ശതമാനത്തിനടുത്തും ചിലവാണ് കൂടിയത്”-ജിസിഎംഎംഎഫ് എംഡി ആര്‍.എസ്. സോധി പറഞ്ഞു.
ഉത്പാദനച്ചെലവ് അനുസരിച്ച് കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ സൊസൈറ്റിക്ക് ബാധ്യതയുണ്ടെന്നും വിലവര്‍ധനവിന്റെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന ഒരു രൂപയില്‍
80 പൈസയും കര്‍ഷകര്‍ക്കാണ് നല്‍കുകയെന്നും അമുല്‍ വ്യക്തമാക്കി. ഗുജറാത്തിലെ രണ്ടര മില്യണിലധികം വരുന്ന ക്ഷീരകര്‍ഷകരുടെ സഹകരണകൂട്ടായ്മയായ ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ കീഴിലാണ് അമൂല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ ബട്ടറും ചീസും ഐസ്‌ക്രീമും വില്‍ക്കുന്നുണ്ട്. പാലിന് പുറമെ ഓയില്‍, സോപ്പ്, ചായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയും അമുല്‍ വര്‍ധിപ്പിച്ചു.