അന്തർദേശീയ സഹകരണ ദിനത്തിൽ പതിനായിരങ്ങളെ ഓൺലൈനിലൂടെ സഹകരണ വകുപ്പ് മന്ത്രി അഭിസംബോധന ചെയ്തു: ബി.ആർ ആക്ട് ഓർഡിനൻസിനെതിരെ പ്രത്യക്ഷ സമരത്തിന് സർക്കാർ നേതൃത്വം നൽകുമെന്ന് മന്ത്രി.

adminmoonam

അന്തർദേശീയ സഹകരണ ദിനത്തിന്റെ സംസ്ഥാനതല പരിപാടി കേന്ദ്ര സർക്കാരിനെതിരെയുള്ള പടപ്പുറപ്പാട് ആയി മാറി. ബി.ആർ ആക്ട് ഓർഡിനൻസിനെതിരെ പ്രത്യക്ഷ സമരത്തിന് സർക്കാർ നേതൃത്വം നൽകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തിൽ, തിരുവനന്തപുരത്തെ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നിന്ന് പതിനായിരങ്ങളെ ഓൺലൈനിലൂടെ മന്ത്രി അഭിസംബോധന ചെയ്തു.

ബി. ആർ. ആക്ട് ഓർഡിനൻസിനെതിരെ പ്രത്യക്ഷ സമരങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഹകാരി- പൊതുസമൂഹത്തിന് ഉറപ്പുനൽകി. സഹകരണമേഖലയോട് കേന്ദ്രസർക്കാർ ദീർഘനാളായി അവഗണനയും ദ്രോഹ നടപടിയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം 98-) മത് അന്തർദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ആദായനികുതി വകുപ്പിനെ ഉപയോഗിച്ചും റിസർവ് ബാങ്കിനെ ഉപയോഗിച്ചും സഹകരണ മേഖലയെ ദ്രോഹിക്കുകയാണ്. പുതിയ ഓർഡിനൻസ് സഹകരണ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് സഹകരണ തത്വങ്ങളെ നിരാകരിക്കുന്നതാണ്. ആർബിഐ ലൈസൻസുള്ള മുഴുവൻ ബാങ്കുകളെയും നിയന്ത്രിക്കാനും പിരിച്ചുവിടാനും ഇനി അവർക്ക് അധികാരമുണ്ടാകും. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ കൂടി റിസർവ് ബാങ്ക് നടപ്പാക്കും. സഹകരണ ബാങ്കുകളിലെ ഓഹരി ഘടന സ്വകാര്യകമ്പനികളുടേതുപോലെ ആക്കി മാറ്റി. ഇതിനെതിരെ ഒറ്റക്കെട്ടായി സഹകരണ സമൂഹവും പൊതുസമൂഹം നിലകൊള്ളണം എന്ന് മന്ത്രി അഭ്യർത്ഥിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. സർക്കാർ ഔദ്യോഗികമായും നിയമപരമായും പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും. മുഖ്യമന്ത്രിയുടെ മുഴുവൻ പിന്തുണയും നമുക്കുണ്ടെന്ന് മന്ത്രി സഹകാരി സമൂഹത്തെ അറിയിച്ചു.

തുടർനടപടികൾ രൂപപ്പെടുത്തുന്നതിനും ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച നിയമവിദഗ്ധരുടെയും പ്രമുഖ സഹകാരികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ചർച്ച നടക്കും. ഇതിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ആശയ നിർദ്ദേശങ്ങളുടെ ഭാഗമായി അടുത്ത വെള്ളിയാഴ്ച പ്രത്യേക സമരങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ച നടത്തുമെന്നും മന്ത്രി സഹകാരി സമൂഹത്തെ ഉദ്ഘാടനചടങ്ങിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News