അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന മില്‍മ ബില്ല് രാഷ്ട്രപതി തള്ളി

moonamvazhi

ക്ഷീര സഹകരണ സംഘങ്ങളിലെ അഡ്മിന്‌സ്‌ട്രേറ്റര്‍മാര്‍ക്ക് മില്‍മ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്ന ബില്ല് രാഷ്ട്രപതി ദ്രൗപതി മുര്‍മു തള്ളി. നിയമസഭ പാസാക്കിയ ബില്ലില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

ഓരോ പ്രാഥമിക ക്ഷീരസംഘത്തിലെയും അംഗങ്ങളായ കര്‍ഷകരാണ് അവിടുത്തെ ഭരണസമിതി അംഗങ്ങളെ തിരിഞ്ഞെടുക്കുന്നത്. ഈ ഭരണസമിതി അംഗങ്ങളുടെ പ്രതിനിധികളാണ് മില്‍മ മേഖല യൂണിയനുകളുടെ ഭരണസമിതിയില്‍ ഉള്‍പ്പെടുന്നത്. മേഖല യൂണിയന്‍ ഭരണസമിതി തിരഞ്ഞെടുപ്പുകളിലേക്ക് ക്ഷീരസംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡുകളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് മാത്രമാണ് നിലവിലെ നിയമപ്രകാരം വോട്ടവകാശമുള്ളത്. പ്രാഥമിക ക്ഷീരസംഘങ്ങളുടെ ഭരണസമിതിയെ പലകാരണങ്ങളാല്‍ പിരിച്ചുവിടുമ്പോള്‍ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കും. എന്നാല്‍, ഈ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മില്‍മ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നില്ല. അത് നല്‍കാനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

തിരുവനന്തപുരം മേഖല യൂണിയനില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ബില്ലിലെ വ്യവസ്ഥ ജനാധിപത്യ രീതിക്ക് എതിരാണെന്ന് യൂ.ഡി.എഫ്. പരാതി ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്കും ഒട്ടേറെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് രാഷ്ട്രപതിക്ക് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News