അട്ടപ്പാടിയിലെ ശിശുമരണം ഇല്ലാതാക്കുമെന്ന് സഹകരണ മന്ത്രി
അട്ടപ്പാടിയിലെ ആദിവാസി ഊരുകളെ സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനൊപ്പം എത്തിക്കുക സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അട്ടപ്പാടിയിൽ ശിശു മരണവും ദാരിദ്ര്യവും ചൂഷണവും ഇല്ലാതാക്കും. അട്ടപ്പാടിയിൽ സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 12.50 കോടി രൂപയാണ് ആദിവാസികളുടെ ആരോഗ്യ സുരക്ഷക്കായി സർക്കാർ ഇ.എം.എസ് ആശുപത്രിക്ക് നൽകുന്നത്.അട്ടപ്പാടി മേഖലയിലെ 30,000ത്തിലേറെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പദ്ധതികൊണ്ട് ഗുണം ലഭിക്കുക. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത രോഗ ചികിത്സ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ നിന്ന് നല്‍കുന്നതായിരിക്കും. ഭക്ഷണവും യാത്രാസൗകര്യവും സര്‍ക്കാര്‍ സഹായത്തോടെ അനുവദിക്കും. അഞ്ച് വര്‍ഷത്തേക്കാണ് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയെ സര്‍ക്കാര്‍ ഈ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. സമഗ്രമായ ആരോഗ്യ പുനരധിവാസം കൂടി പദ്ധതി വിഭാവനം ചെയ്യുന്നു. ഗുണഭോക്താക്കള്‍ക്ക് ആശുപത്രി ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ പ്രവര്‍ത്തകരെയും വിദഗ്ദ്ധരെയും നിയോഗിച്ച് ആശുപത്രി സംഘടിപ്പിക്കും.
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരങ്ങളും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി നഴ്‌സിങ് പാരാമെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കും. ആദ്യ വര്‍ഷത്തേക്ക് ആവശ്യമായ ഒന്നരക്കോടി രൂപ സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ചിട്ടുണ്ട്. അട്ടപ്പാടിയിലുള്ള ആദിവാസി കോളനികളില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് പോഷകാഹാരം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തിയും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെ മൊബൈല്‍ ക്ലീനിക്കുകള്‍ നടത്തിയും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മരുന്നുകളും ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക പരിഗണനാര്‍ത്ഥം പോഷകാഹാരം ഉള്‍പ്പെടെയുള്ളവ നല്‍കും. പ്രതിരോധ കുത്തിവെയ്പുകള്‍ നടത്തി മാതൃശിശു സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാനും, ആരോഗ്യ പരിപാലനത്തെകുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു.
എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷനായിരുന്നു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകൾക്കുള്ള മഹിളാ മിത്ര വായ്പാ വിതരണ പദ്ധതി എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു.
[mbzshare]