അടൂര്‍ അര്‍ബന്‍ ബാങ്കിനെ കോട്ടയം അര്‍ബന്‍ ബാങ്കില്‍ ലയിപ്പിക്കുന്നത് ആര്‍.ബി.ഐ പരിഗണനയില്‍
ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തിയ അടൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിനെ കോട്ടയം അര്‍ബന്‍ ബാങ്കില്‍ ലയിപ്പിക്കാന്‍ ആലോചന. രണ്ടു ബാങ്കുകളുടെയും ഭരണസമിതികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയായി. ഇനി റിസര്‍വ് ബാങ്കിന്റെ അനുമതിയാണ് വേണ്ടത്. അതിനുള്ള അപേക്ഷ ഇരു ബാങ്കുകളും റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
മൂലധന പര്യാപ്തത കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ അര്‍ബന്‍ ബാങ്കില്‍ രണ്ടു വര്‍ഷമായി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പരാവധി 50,000 രൂപവരെയാണ് പിന്‍വലിക്കാന്‍ അനുമതിയുള്ളത്. വായ്പകള്‍ നല്‍കുന്നതിനും നിയന്ത്രണമുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നു വിലയിരുത്തി മറ്റേതെങ്കിലും ബാങ്കുമായി ലയനത്തിലേക്ക് നീങ്ങണമെന്ന് റിസര്‍വ് ബാങ്ക് അടൂര്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ലിക്യുഡേഷന്‍ നടപടിയിലേക്ക് പോകേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം അര്‍ബന്‍ ബാങ്കുമായി ലയനം ആലോചിച്ചത്. ഇതിനുള്ള ഉപാധികള്‍ കോട്ടയം ബാങ്ക് റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്ക് അംഗീകരിച്ചാല്‍ ലയനം വേഗത്തില്‍ നടക്കും. പക്ഷേ, കേരളത്തില്‍ അത് പുതിയ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.
സംസ്ഥാന സഹകരണ നിയമം അനുസരിച്ചാണ് അര്‍ബന്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് അവയ്ക്ക് പ്രവര്‍ത്തന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു അര്‍ബന്‍ ബാങ്കിനും പ്രവര്‍ത്തനപരിധിയായി ഒരു ജില്ല പൂര്‍ണമായും നല്‍കിയിട്ടില്ല. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം അര്‍ബന്‍ ബാങ്ക് പത്തനംതിട്ട ജില്ലയിലുള്ള അടൂര്‍ അര്‍ബന്‍ ബാങ്കിനെ ഏറ്റെടുക്കുന്നത്. ഇതോടെ കോട്ടയം അര്‍ബന്‍ ബാങ്കിന് പത്തനംതിട്ട ജില്ലയിലും പ്രവര്‍ത്തനപരിധിയാകും. റിസര്‍വ് ബാങ്കിന് ഇക്കാര്യത്തില്‍ തടസ്സമില്ല. മാത്രവുമല്ല, അര്‍ബന്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തന പരിധി വെക്കേണ്ടതില്ലെന്നാണ് ആര്‍.ബി.ഐ. നിലപാട്. അത് അവയുടെ പ്രവര്‍ത്തന ശേഷി കുറയ്ക്കും. അല്ലെങ്കില്‍, ഒരു സംസ്ഥാനം മുഴുവനെങ്കിലും പ്രവര്‍ത്തനപരിധി നല്‍കണമെന്നാണ് ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ പറയുന്നത്. കോട്ടയം – അടൂര്‍ ബാങ്കുകളുടെ ലയനം നടന്നാല്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിലപാട് അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനപരിധി നിര്‍ണയിക്കുന്ന കാര്യത്തില്‍ നിര്‍ണായകമാകും.