ഹൈക്കോടതി സ്‌റ്റേ ചെയ്ത സര്‍ക്കുലറിന് രജിസ്ട്രാറുടെ വിശദീകരണക്കുറിപ്പ്

[email protected]

സാലറി ചലഞ്ച് സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണക്കുറിപ്പ് . സഹകരണ സംഘം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറാണ് കഴിഞ്ഞദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് സ്വമേധയാ നല്‍കുന്ന സംഭാവന സ്വീകരിക്കുന്നതിന് മാത്രമാണ് കോടതി അനുമതി നല്‍കിയത്. ഇതല്ലാതെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വിശദീകരണ കുറിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്.

കോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് എല്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കുലറിലുള്ള തുടര്‍ നടപടി സ്റ്റേ ചെയ്തതതായി ഈ വിശദീകരണക്കുറിപ്പില്‍ പറയുന്നില്ല. അതേസമയം, കോടതി ഉത്തരവിലെ 12-ാം ഖണ്ഡികയില്‍ സ്വമേധയാലുള്ള സംഭാവന സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് പരാമര്‍ശിച്ച കാര്യം പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള സംഭാവന നല്‍കാമെന്നാണ് കോടതി. അക്കാര്യം രജിസ്ട്രാറുടെ വിശദീകരണ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഈമാസം 17നാണ് സഹകരണ സംഘം ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാണിച്ച് രജിസ്ട്രാര്‍ സര്‍ക്കുലറിക്കിയത്. ഇതിനെതിരെ കോതമംഗലം സ്വദേശി പി.എ.യൂസഫ്, ഇടുക്കി സ്വദേശി സിബി ചാക്കോ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലാണ്, സര്‍ക്കുലറിലുള്ള തുടര്‍നടപടി സ്റ്റേ ചെയ്തുകൊണ്ട് 28ന് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published.