സഹകരണ സംഘങ്ങൾക്ക് പ്രാദേശികമായി ‘അർബൻ ക്ലാപ്പ് ‘ തുടങ്ങാൻ കഴിയും.
സഹകരണ സംഘങ്ങൾക്ക് പ്രാദേശികമായി ‘അർബൻ ക്ലാപ്പ് ‘ആരംഭിക്കാൻ സാധിക്കും.അതുവഴി സമൂഹത്തിലെ നിലവിലുള്ള ഓരോ പ്രശ്നങ്ങളും അവസരമാക്കി മാറ്റാൻ ശ്രമിച്ചാൽ സമൂഹ പുരോഗതി വേഗത്തിലാക്കാനും, പ്രശ്നപരിഹാരം കണ്ടെത്താനും , തൊഴിലവസരം ലഭ്യമാക്കാനും ,വായ്പ വിതരണം ശക്തിപ്പെടുത്താനും കഴിയും. കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ..
ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-26
നമ്മുടെ സംസ്ഥാനം ദേശീയ അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന ഒട്ടനവധി പ്രത്യേകതകളുള്ള പ്രദേശമാണ്. നമ്മുടെ സംസ്ഥാനത്ത് നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ കൃത്യമായി വേർതിരിക്കാൻ കഴിയുകയില്ല .എവിടെ ഗ്രാമം അവസാനിക്കുന്നു എന്നതും നഗരം എവിടെ തുടങ്ങുന്നു എന്നതും മനസ്സിലാക്കാൻ പ്രയാസമാണ്. നഗരവും ഗ്രാമവും ഒരേപോലെ വികസിച്ച കേരളത്തെ ഗ്രാഗരം എന്ന് വിളിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ നഗരപ്രദേശത്തിൻറെ എല്ലാ പ്രത്യേകതകളും ഒരുപരിധിവരെ ഗ്രാമ പ്രദേശത്തും ലഭ്യമാണ്. മെഡിക്കൽ കോളേജുകൾ , എൻജിനീയറിങ് കോളേജുകൾ , ആർട്സ് ആൻഡ് സയൻസ് കോളേജുകൾ , പ്ലസ് ടു സ്കൂളുകൾ എന്നിവയെല്ലാം നഗര പ്രദേശത്തും ഗ്രാമ പ്രദേശത്തും ഒരു പോലെ ലഭ്യമാണ്. മിക്കവാറും പ്രദേശങ്ങളിലേക്ക് ഗതാഗതസൗകര്യം ഉള്ളതിനാലും, വ്യക്തികൾക്ക് സ്വന്തമായ വാഹനങ്ങൾ ഉള്ളതിനാലും നഗരത്തിൽനിന്നും നാട്ടിൻപ്രദേശത്ത് പോയി താമസിക്കുന്നവരും, തിരിച്ചും നമ്മുടെ നാട്ടിൽ സാധാരണമാണ് . ഇത് ഒട്ടനവധി തൊഴിലവസരങ്ങളും ഒരുക്കുന്നുണ്ട്. മിക്കവാറും വീടുകളിൽ വൈദ്യുതി ലഭ്യമാണ്. ഫാൻ ,ട്യൂബ് ലൈറ്റ് എന്നിവ ഇന്ന് ആഡംബര വസ്തുക്കൾ അല്ല. ഫ്രിഡ്ജ് ,ടിവി , മിക്സി , ഗ്രൈൻഡർ എന്നിവയും മിക്ക വീടുകളിലും ലഭ്യമാണ്. ജോലിക്ക് പോകുന്ന വീടുകളിൽ ജോലിഭാരം ലഘൂകരിക്കുന്നതിന് ഇതെല്ലാം അനിവാര്യമാണ്. തന്നെയുമല്ല , ഇത്തരം സാധനങ്ങൾ തവണ വ്യവസ്ഥയിൽ ലഭ്യമാണു താനും. എന്നാൽ ഇവ കേടുപാടുകൾ വന്നാൽ റിപ്പയർ ചെയ്യുന്നതിന് സൗകര്യങ്ങളോ, അറിയാവുന്ന വ്യക്തികളോ താരതമ്യേന കുറവാണ്.
ഇതിൻറെ മറുവശം ഓരോ പ്രദേശത്തും ഐടിഐ, ഐ ടി സി, പോളിടെക്നിക് , എൻജിനീയറിങ് എന്നീ മേഖലകളിൽ വിദ്യാഭ്യാസം നേടിയ തൊഴിൽ രഹിതരുടെ ലഭ്യതയാണ് .ഇവരുടെ പഠനം ഒരു തൊഴിൽ ഏറ്റെടുക്കുന്നതിന് ഇവരെ പ്രാപ്തരാക്കിയിട്ടില്ല എന്നത് വസ്തുതയാണ്. സഹകരണ സ്ഥാപനങ്ങൾക്ക് ഫിനിഷിങ് സ്കൂൾ ആരംഭിക്കുന്നകാര്യം പരിഗണിക്കാവുന്നതാണ് . അതതു മേഖലകളിൽ പരിശീലനം ലഭിക്കുന്ന വ്യക്തികളെ ഉപയോഗിച്ച് രൂപീകരിക്കുന്ന തൊഴിൽ ഗ്രൂപ്പുകൾ മേൽസൂചിപ്പിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കാനാവശ്യമായ വായ്പ ലഭ്യമാക്കാനും ,അവരെ സമൂഹമധ്യത്തിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിനും ,സഹകരണ സ്ഥാപനങ്ങൾക്ക് കഴിയും. ഇവരുടെ പ്രവർത്തനം സുഗമമാക്കുന്നതിന് വാഹന വായ്പ നൽകാവുന്നതാണ്.
ചുരുക്കത്തിൽ ഒരു പഞ്ചായത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്ന നിലയിൽ ഇത്തരം ഗ്രൂപ്പുകൾ ആരംഭിക്കുന്നത് ജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കും. മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിൽ അർബൻ ക്ലാപ്പ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്. ഇവരെ ഓൺലൈനായി ബന്ധപ്പെടുന്നതിനും അവരുടെ സേവനത്തിന് കൂലി ഓൺലൈനായി കൈമാറുന്നതിനും അവസരമുണ്ട് . ചുരുക്കത്തിൽ സമൂഹത്തിലെ നിലവിലുള്ള ഓരോ പ്രശ്നങ്ങളും അവസരമാക്കി മാറ്റാൻ ശ്രമിച്ചാൽ സമൂഹ പുരോഗതി വേഗത്തിലാക്കാനും, പ്രശ്നപരിഹാരം കണ്ടെത്താനും , തൊഴിലവസരം ലഭ്യമാക്കാനും ,വായ്പ വിതരണം ശക്തിപ്പെടുത്താനും കഴിയും .ഓരോ സഹകരണ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രോജക്റ്റുകൾ നടപ്പിലാക്കുന്ന ഏജൻസികൾ ആയി മാറേണ്ടതുണ്ട് .ഇത്തരം മേഖലകളിൽ ഇതുമൂലം സഹകരണ സ്ഥാപനങ്ങൾക്ക് സ്വീകാര്യത വർധിക്കുമെന്ന് ഉറപ്പാണ്.
ഡോ.എം രാമനുണ്ണി. 9388555988.