സഹകരണ സംഘങ്ങള്‍ വിതരണം ചെയ്യേണ്ടത് സപ്തംബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍

moonamvazhi

സപ്തംബര്‍ മാസത്തെ സാമൂഹ്യ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തി. ഒരുമാസത്തെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള തുകയായി 773 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജുലായ്, ആഗസ്റ്റ് മാസത്തെ ക്ഷേമപെന്‍ഷനാണ് വിതരണം ചെയ്യേണ്ടതെന്ന രീതിയില്‍ തെറ്റായ പരാമര്‍ശം ‘മൂന്നാംവഴി ഓണ്‍ലൈന്‍’ വാര്‍ത്തയില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലുള്ള ഖേദം വായനക്കാരെ അറിയിക്കുന്നു.

ജുലായ്, ആഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കിയതായി ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സപ്തംബര്‍ മാസത്തെ പെന്‍ഷന്‍
ഒക്ടോബര്‍ ആറിനകം വിതരണം പൂര്‍ത്തിയാക്കണമെന്നും ധനവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പെന്‍ഷന്‍ വിതരണത്തിനുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കി. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് ഇത്തവണ പണം കടം വാങ്ങിയിട്ടില്ല. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ വഴിയാണ് ഇവ വീടുകളിലെത്തിച്ച് നല്‍കുന്നത്.

. 50,67,443 പെന്‍ഷന്‍കാര്‍ക്കാണ് പണം നല്‍കേണ്ടത്. 26,47,447 പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ബാക്കിയുള്ള 24,19,996 പെന്‍ഷകാര്‍ക്ക് പണം സഹകരണ ജീവനക്കാര്‍ വീട്ടിലെത്തിച്ചുനല്‍കണം.സപ്തംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 773 കോടിരൂപ വേണമെന്നാണ് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചത്. ഈ തുക പൂര്‍ണമായി ധനവകുപ്പ് അനുവദിച്ചു.

ഒക്ടോബര്‍ ആറിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബാക്കിയുള്ള പണം ഒക്ടോബര്‍ 15നകം പെന്‍ഷന്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കണമെന്നും ധനവകുപ്പ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് വൈകിയില്‍ സഹകരണ സംഘങ്ങളില്‍നിന്ന് പലിശ ഈടാക്കും. വയനാടുപോലുള്ള ജില്ലകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കല്‍ ബുദ്ധിമുട്ടാണെന്ന കാര്യം സഹകരണ സംഘം ജീവനക്കാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചിട്ടില്ല.

പെന്‍ഷന്‍ വിതരണം ചെയ്തതിന് സഹകരണ സംഘങ്ങള്‍ക്കുള്ള കമ്മീഷന്‍ തുകയില്‍ തീരുമാനമുണ്ടായിട്ടില്ല. പത്തുമാസമായി ഈ തുക കുടിശ്ശികയാണ്. സംസ്ഥാനത്താകെ ഏഴായിരത്തോളം സഹകരണ ജീവനക്കാര്‍ക്കാണ് ഈ തുക കിട്ടാനുള്ളത്. ഒരാള്‍ക്ക് പെന്‍ഷന്‍ വീട്ടിലെത്തിച്ചുനല്‍കുന്നതിന് 40 രൂപയാണ് സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നത്. ഓരോ വാര്‍ഡിലും ശരാശരി 150 പേര്‍ക്കെങ്കിലും പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. ഇതിനുള്ള ചെലവ് കളക്ഷന്‍ ഏജന്റുമാര്‍ അടങ്ങുന്ന സഹകരണ സംഘം ജീവനക്കാരാണ് വഹിക്കുന്നത്. 40 രൂപ നിരക്കില്‍ സര്‍ക്കാരില്‍നിന്ന് ലഭിക്കുമ്പോള്‍ മാത്രമാണ് ചെലവാക്കിയ പണം തിരിച്ചുകിട്ടുന്നത്. അതാണ് പത്തുമാസമായി കുടിശ്ശികയുള്ളത്.

Leave a Reply

Your email address will not be published.