സഹകരണ സംഘങ്ങളുടെ പലിശ നിരക്ക് ഏകീകരണം ഉടന്‍ നടപ്പാക്കണം- ആക്ഷന്‍ കൗണ്‍സില്‍

Deepthi Vipin lal

പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കേരള ബാങ്ക് നല്‍കുന്ന പലിശ ഏകീകരിക്കണമെന്ന സഹകരണസംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കണമെന്ന് മിസലേനിയസ് സൊസൈറ്റി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ നിരവധി പരാതികളുടെയും നടത്തിയ പ്രക്ഷോഭങ്ങളുടെയും അടിസ്ഥാനത്തിലാണ് അനുകൂല തീരുമാനം ഉണ്ടായത്. ഇത് നടപ്പാക്കുന്നതില്‍ കേരള ബാങ്ക് അ മാന്ധം കാണിക്കുന്നത് സംഘങ്ങള്‍ വീണ്ടും നഷ്ടം വരുത്തിവെക്കുമെന്ന് ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരനും കണ്‍വീനര്‍ കരുംകുളം വിജയകുമാറും പറഞ്ഞു.

പലിശ നിരക്ക് ഏകീകരിക്കണമെന്ന രജിസ്ട്രാറുടെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെ കര്‍മ്മസമിതി നേതാക്കള്‍ കേരള ബാങ്ക് ഉദ്യോഗസ്ഥരെ കണ്ട് ആവശ്യം അറിയിച്ചു. സംഘങ്ങളുടെ പലിശ ഏകീകരണം നടപ്പാക്കുന്നതിന് ഉടന്‍ ബ്രാഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജറോട് ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി യോഗം തീരുമാനം ഉണ്ടായാല്‍ ഉടനെ നടപ്പാക്കുമെന്ന് സി.ജി.എം. മറുപടി നല്‍കി.

സംഘങ്ങളുടെ പലിശ നിരക്ക് ഏകീകരിക്കാമെന്ന് ജനുവരി 13ന് കേരള ബാങ്ക് ഭരണസമിതി തീരുമാനിച്ചതാണന്നാണ് കര്‍മ്മ സമിതി നേതാക്കള്‍ പറയുന്നത്. ഇത് നടപ്പാക്കുന്നതിന് പലിശ നിര്‍ണയ സമിതിയുടെ അനുമതി വേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രജിസ്ട്രാറുടെ തീര്‍പ്പ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഇനി വീണ്ടും ഭരണസമിതി യോഗത്തിന്റെ തീരുമാനം ആവശ്യമില്ല.

ഒന്നര വര്‍ഷത്തോളമായി മിസലേനിയസ് സംഘങ്ങള്‍ പലിശ നഷ്ടം സഹിക്കുകയാണെന്നും ഇനിയും അനാവശ്യ കാലതാമസം ഉണ്ടാക്കരുതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!