സഹകരണ സംഘങ്ങളുടെ ആദ്യലോഡ് കശുവണ്ടി കൊല്ലത്തെത്തി
കാസര്‍കോട് ജില്ലയിലെ സഹകരണ സംഘങ്ങള്‍ ശേഖരിച്ച 11 ടണ്‍ കശുവണ്ടി കൊല്ലത്തെ ഫാക്ടറിയിലെത്തി. ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ലോഡാണിത്. കശുവണ്ടി വികസന കോര്‍പറേഷന് വേണ്ടി കിലോക്ക് 114 രൂപക്കാണ് സഹകരണ സംഘങ്ങള്‍ കശുവണ്ടി ശേഖരിക്കുന്നത്.
കുണ്ടംകുഴിയിലെ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (5 ടണ്‍), പെര്‍ളടുക്കത്തെ കൊളത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (5 ടണ്‍), കാഞ്ഞിരത്തിങ്കാലിലെ ബേഡകം വനിതാ സര്‍വീസ് സഹകരണ ബാങ്ക് (ഒരു ടണ്‍) എന്നിവയാണ് കശുവണ്ടി ശേഖരിച്ചത്. മെയ് 31 വരെ 114 രൂപ വില നല്‍കി ശേഖരിക്കും. വിദ്യാനഗറിലെ കാസര്‍കോട് മാര്‍ക്കറ്റിങ് സഹകരണ സംഘം, പനത്തടി, കയ്യൂര്‍, ചീമേനി, കൊടക്കാട് സഹകരണ സംഘങ്ങളും ശേഖരിക്കുന്നുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് മികച്ച ഇളവുകള്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ നല്‍കുന്നുണ്ട്. ശേഖരിച്ച ശേഷമുള്ള തൂക്കകുറവിന് ഏഴുശതമാനവും കട്ടിങ് ഇനത്തില്‍ 10 ശതമാനവും തുക നല്‍കും. കൊല്ലത്ത് എത്തിക്കാനുള്ള വാഹന വാടകയും ചാക്കും നല്‍കുന്നു.
പൊതുവിപണിയില്‍ 100 രൂപയാണ് നിലവിലുള്ള വില. സഹകരണ സംഘങ്ങളില്‍ നല്‍കുന്നത് അടത്തകാലത്തെ ഏറ്റവും മികച്ച വിലയാണ്. കര്‍ഷകര്‍ക്ക് മികച്ച വരുമാനവും കൊല്ലത്തെ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തവണ 114 രൂപ വില നിശ്ചയിച്ചത്. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപക്സിന്റെ കീഴിലുള്ള 40 ഫാക്ടറികളിലേക്കാണ് ശേഖരണം. കാസര്‍കോട് ജില്ലയിലേയും ഇരിട്ടിയിലേയും കശുവണ്ടി മികച്ച ഇനങ്ങളായതിനാല്‍ വലിയ ആവശ്യമാണുള്ളത്. ഓണം വിപണിലേക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. നാട്ടില്‍ ക്ഷാമുള്ളതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കശുവണ്ടിയാണ് കൂടുതലും കേരളത്തിലൈ ഫാക്ടറികളില്‍ പരിപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കാസര്‍കോടാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയുള്ളത്.