സഹകരണ സംഘങ്ങളിലെ പലിശനിരക്ക് കുറച്ച സർക്കുലർ പിൻവലിക്കണമെന്ന് സഹകരണ ഫെഡറേഷൻ: പലിശ നിർണയിക്കുന്നതിന് വേണ്ടി മാത്രം പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രസിഡണ്ടുമാരുടെ കമ്മറ്റി രൂപീകരിക്കണമെന്നും ഫെഡറേഷൻ.
സഹകരണ സംഘങ്ങളിലെ പലിശനിരക്ക് കുറച്ചുകൊണ്ട് കഴിഞ്ഞ ദിവസം സഹകരണ സംഘം രജിസ്ട്രാർ ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് സഹകരണ ഫെഡറേഷൻ ആവശ്യപ്പെട്ടു. പലിശ നിരക്ക് നിർണയിക്കുന്നതിന് വേണ്ടി മാത്രം പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രസിഡണ്ടുമാരുടെ കമ്മറ്റി അടിയന്തരമായി രൂപീകരിക്കണമെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ പലിശ നിരക്ക് പ്രഖ്യാപിച്ചതുപോലെ സഹകരണ സംഘങ്ങളുടെ പലിശ നിരക്ക് പ്രഖ്യാപിച്ച് ഈ മേഖലയെ നശിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ഈ സർക്കുലർ പിൻവലിക്കാൻ ആയി മുഴുവൻ സഹകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകളും പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏത് മൂഡസ്വർഗ്ഗത്തിൽ ഇരുന്നാണ് ഉയർന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇത് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല. ഏകദേശം ഏഴ് ശതമാനത്തിലേക്ക് സഹകരണമേഖലയിലെ പലിശ നിരക്ക് കുറച്ചു. സാധാരണക്കാരുടെയും കർഷകരുടെയും പെൻഷൻകാരുടെയും കർഷകത്തൊഴിലാളികളുടെയും പണമാണ് സഹകരണസംഘങ്ങളിൽ ഉള്ളത്. അവർ ജീവിതത്തിൽ അങ്ങേയറ്റം മിച്ചം വെച്ച് വരുന്ന പണം ആണിത്. അവർക്ക് ന്യായമായ പലിശ കിട്ടും എന്ന വിശ്വാസം ആണ് ഉള്ളത്. ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പറ്റുമെന്ന വിശ്വാസത്തിലാണ് സഹകരണ സ്ഥാപനങ്ങളിൽ ഇവർ പണം നിക്ഷേപിക്കുന്നത്. സഹകരണ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പലിശ വല്ലാതെ കുറച്ച് ബ്ലേഡ് കമ്പനികളുടെ ഒത്താശകരായി മാറുകയാണ്. ഈ സർക്കുലർ പിൻവലിക്കുകയും പഴയ പലിശനിരക്കായ 9% പുനഃസ്ഥാപിക്കുകയും വേണം. സർക്കുലർ ഇറക്കിയത് കൊണ്ട് കാര്യമില്ല. ഒരു സഹകരണ സംഘത്തിനും ഇപ്പോഴത്തെ പലിശനിരക്ക് പ്രായോഗികമായി നടപ്പാക്കാൻ സാധിക്കില്ല. കേരളത്തിലെ സഹകരണ സംഘങ്ങളുടെ പലിശ നിരക്ക് പരിശോധിച്ചാൽ എട്ട് മുതൽ എട്ട് ശതമാനം വരെ ആണെന്ന് മനസ്സിലാകും. അതിൽ നിന്നാണ് ഒന്നര ശതമാനം കുറച്ചിരിക്കുന്നത്.
രാജ്യത്ത് ഇത്രയേറെ പ്രതിസന്ധി നേരിട്ടപ്പോൾ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് സഹായം നൽകിയത് സഹകരണമേഖല ആണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോൾ 150 കോടി രൂപയിൽ അധികം സംഭാവന നൽകിയത് സഹകരണമേഖല ആണ്. ഇതെല്ലാം നൽകാൻ സാധിക്കുന്നത് പലിശനിരക്ക് ഈ തോതിൽ ആയതുകൊണ്ടും ജനങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ വിശ്വാസം ഉള്ളതുകൊണ്ടാണ്. ഇപ്പോഴത്തെ രീതി തുടർന്നാൽ പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഈ പണം പോകും പിന്നീട് എന്ത് ചെയ്താലും അത് തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കാൻ രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉയർന്ന വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. പലിശനിരക്ക് നിർവഹിക്കുന്നതിനായി നിലവിലുള്ള കമ്മറ്റി ജനകീയ കമ്മിറ്റിയല്ലെന്നും സഹകരണ ഫെഡറേഷൻ കുറ്റപ്പെടുത്തി.