സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്ന് 9.58 കോടിയുടെ സഹായം; ജില്ലകളില്‍ അദാലത്ത്‌ നടത്തും

Deepthi Vipin lal

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ കേരള റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നു 9,58,49,505 രൂപയുടെ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. 1252 പേര്‍ക്കാണ് സഹായം കിട്ടുക. കേരള സഹകരണ ക്ഷേമനിധി ചെയര്‍മാനും സഹകരണം, രജിസ്ട്രേഷന്‍ മന്ത്രിയുമായ വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

വായ്പയെടുത്ത ശേഷം മരിച്ചവര്‍, ക്യാന്‍സര്‍ ബാധിതര്‍, ഡയാലിസിസിന് വിധേയരായവര്‍, ഹൃദയ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞവര്‍, പക്ഷാഘാതം ബാധിച്ചവര്‍, അപകടത്തില്‍പ്പെട്ട് കിടപ്പിലായവര്‍, കരള്‍ സംബന്ധമായ ഗുരുതര രോഗം ബാധിച്ചവര്‍ തുടങ്ങിയവരുടെ വായ്പകള്‍ക്ക് നിശ്ചിത വ്യവസ്ഥ പ്രകാരമാണ് റിസ്‌ക് ഫണ്ട് ഇളവുകള്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകള്‍ ബോര്‍ഡിനു ലഭിക്കുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച അപേക്ഷകളില്‍ പരിശോധന നടത്തി അര്‍ഹതപ്പെട്ട അപേക്ഷകര്‍ക്കാണ് ഇപ്പോള്‍ ധനസഹായം നല്‍കുന്നത്.

ഇപ്പോള്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍ക്കു പുറമെ എല്ലാ ജില്ലകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഒക്ടോബര്‍ 23 ന് കോട്ടയത്ത് നിര്‍വഹിക്കും. ബോര്‍ഡ് യോഗത്തില്‍ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News