സഹകരണ മേഖലയെ തകര്‍ക്കുന്ന പരീക്ഷണം
(2021 മാര്‍ച്ച് ലക്കം എഡിറ്റോറിയല്‍)
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള നടപടി സഹകരണ വകുപ്പ് വീണ്ടും തുടങ്ങി. നേരത്തെ ഇഫ്ടാസിനെ മുന്‍നിര്‍ത്തിയാണു ഈ പരീക്ഷണത്തിനു ഒരുങ്ങിയത്. സ്വന്തം സോഫ്റ്റ്‌വെയര്‍പോലുമില്ലാത്ത ഇഫ്ടാസിനെ ഈ ചുമതല ഏല്‍പ്പിക്കാന്‍ ഒരുങ്ങിയതിന്റെ പേരില്‍ അഴിമതി ആരോപണമടക്കം അന്നു സര്‍ക്കാര്‍ കേള്‍ക്കേണ്ടിവന്നു. വിമര്‍ശനം ശക്തമായപ്പോഴാണു അന്നത്തെ ശ്രമം ഉപേക്ഷിച്ചത്. ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള കമ്പനിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടിയിലേക്കു സര്‍ക്കാര്‍ കടന്നു. എങ്ങനെയാവണം സോഫ്റ്റ്‌വെയര്‍ ഏകീകരണം, എന്താണു അതിലൂടെ ലക്ഷ്യമിടുന്നത്, കരാര്‍ ഏറ്റെടുക്കുന്ന കമ്പനിക്കു എന്തു യോഗ്യതയുണ്ടാകണം എന്നെല്ലാം വിശദീകരിക്കുന്നതാണു സഹകരണ വകുപ്പ് തയാറാക്കിയ ‘റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ ‘ ( ആര്‍.എഫ്.പി ). കുരുടന്‍ ആനയെക്കണ്ടപോലുള്ള പരിഷ്‌കരണ നടപടിയാണു സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയെ നവീകരിക്കാനും ആധുനികീകരിക്കാനുമുള്ള പരിഷ്‌കാരം നിര്‍ദേശിക്കുന്ന ഈ രേഖ പ്രാഥമിക വായ്പാ സംഘങ്ങളുടെ ചരമക്കുറിപ്പായി മാറാനുള്ള സാധ്യതപോലുമുണ്ട്.
റിസര്‍വ് ബാങ്കും നബാര്‍ഡും നല്‍കുന്ന അനുമതിക്കു വിധേയമായി ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. എന്നീ സേവനങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിലൂടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു നല്‍കുമെന്നാണു സഹകരണ വകുപ്പിന്റെ അവകാശവാദം. റിസര്‍വ് ബാങ്കിന്റെ അനുമതി ഇതിനു ലഭിക്കില്ലെന്നു സഹകരണ വകുപ്പിനു അറിയാഞ്ഞിട്ടല്ല. ഇതിനു തടസ്സം സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാത്തതാണെന്ന പ്രതീതിയുണ്ടാക്കുക മാത്രമാണു ഇതിലൂടെ ഉദ്ദേശിക്കുന്നത്. 90 ശതമാനം പ്രാഥമിക സഹകരണ ബാങ്കുകളിലും സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്. ഇതു മുഴുവന്‍ മാറ്റി സ്ഥാപിക്കുന്നതിലൂടെ എന്തു നേട്ടമാണു സംഘങ്ങള്‍ക്കുണ്ടാകുന്നതെന്നു ഇതുവരെ വീശദീകരിച്ചിട്ടില്ല. ഒരേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടല്ല ലോകത്താകെ ബാങ്കിങ് ബിസിനസ് നടത്തുന്നത്. സ്വകാര്യ വാണിജ്യ ബാങ്കുകളുടെ സഹായത്തോടെ നിലവില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളിലൂടെ ആധുനിക ബാങ്കിങ് സേവനം അവരുടെ അംഗങ്ങള്‍ക്കു നല്‍കുന്നുണ്ട്. ഈ സേവനം കേരള ബാങ്കിലൂടെ ലഭ്യമാക്കാനുളള ഇടപടലാണു സഹകരണ വകുപ്പ് നടത്തേണ്ടത്. അതിനു കേരളബാങ്കിനെ പ്രാപ്തമാക്കുകയാണു വേണ്ടത്.
മെച്ചപ്പെട്ട സേവനം നല്‍കാന്‍ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കണമെന്ന ചിന്ത ആരുടെ ബുദ്ധിയില്‍നിന്നാണു ഉയര്‍ന്നതെന്നതു അവ്യക്തമാണ്. ആരുടേതായാലും അതു കാലോചിതമോ ഗുണപരമോ അല്ല. സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവു കുറയ്ക്കാന്‍ ‘ സാസ് ‘മാതൃക നിര്‍ദേശിച്ചതുതന്നെ ഈ പദ്ധതിയെ എത്ര ഗൗരവത്തോടെയാണു സഹകരണ വകുപ്പ് കാണുന്നതെന്നു ബോധ്യപ്പെടുത്തുന്നുണ്ട്. ഡാറ്റയുടെ സുരക്ഷ, സ്വകാര്യത, കൈമാറ്റം എന്നിവയിലെല്ലാം ഏറെ ആശങ്ക ഇതിലുണ്ട്. നിലവിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കി അവ തമ്മിലുള്ള ഏകോപനമാണു ഉണ്ടാക്കേണ്ടത്. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്നതാണു ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ പ്രവര്‍ത്തനം. അവയുടെ സേവനം മെച്ചപ്പെടുത്തണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതു വികലമായ പരിഷ്‌കരണങ്ങള്‍ പരീക്ഷിച്ച് സഹകരണ മേഖലയെത്തന്നെ ഇല്ലാതാക്കുന്ന വിധമാകരുത്.
– എഡിറ്റര്‍