സഹകരണ മുന്നേറ്റത്തെ ഒറ്റക്കുഴിവെട്ടി മൂടരുത്

Deepthi Vipin lal

ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ കപ്പ ( മരിച്ചീനി ) വ്യാപകമായി കൃഷി ചെയ്യാനും അതു ജനങ്ങള്‍ക്കു വിതരണം ചെയ്യാനും തിരുവിതാംകൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്ഷാമം ലാഭത്തിനുള്ള അവസരമാക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇതിനായി സഹകരണ സംഘം രൂപവത്കരിച്ചു. അവയാണു കപ്പ സംഘങ്ങള്‍ എന്നറിയപ്പെട്ടത്. ക്ഷാമകാലം കഴിഞ്ഞപ്പോള്‍ കാലത്തിനൊത്തു മാറാന്‍ കപ്പ സംഘങ്ങള്‍ക്കായില്ല. അതോടെ കപ്പസംഘങ്ങളുടെ കഥ കഴിഞ്ഞു. മലബാറില്‍ ഇക്കാലത്ത് ഐക്യനാണയ സംഘങ്ങളുണ്ടായിരുന്നു. കര്‍ഷകനു വിതയിറക്കാന്‍ വിത്തും പണവുമെല്ലാം നല്‍കിയ സംഘങ്ങള്‍. കാലം കഴിയുന്തോറും ഐക്യനാണയ സംഘം പരിഷ്‌കരിക്കപ്പെട്ടു. അന്നത്തെ ഈ സംഘങ്ങളാണ് ഇന്നത്തെ പല റൂറല്‍ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. ഈ രണ്ടു കഥകളും കേരളത്തിലെ സഹകരണ ചരിത്രത്തിന്റെ ഭാഗവും പാഠവുമാണ്.
വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പരിഷ്‌കാരമല്ല സഹകരണ മേഖലയില്‍ വരുത്തുന്നതെങ്കില്‍ അതു നാശത്തിനു വഴിയൊരുക്കുമെന്ന പാഠം ഇതിലുണ്ട്. മറിച്ചായാല്‍ കാലാനുവര്‍ത്തിയായി വളരാനാകുമെന്ന പാഠവും.

കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ നട്ടെല്ല് പ്രാഥമിക തലമാണ്. ജനവിശ്വാസമുള്ള, സേവന വ്യാപനമുള്ള ഈ പ്രാഥമിക സഹകരണ ബാങ്കുകള്‍ ഇന്ത്യയില്‍ത്തന്നെ മികച്ചതാണ്. സഹകരണ വകുപ്പ് തീരുമാനമെടുക്കുമ്പോള്‍ പ്രാഥമിക സഹകരണ വായ്പാ മേഖലയുടെ ഈ കെട്ടുറപ്പും ശക്തിയും ഇല്ലാതാക്കുമോയെന്നത് ഒരു തവണയല്ല പലതവണ ആലോചിക്കേണ്ടതുണ്ട്. അതില്ലാതെ രണ്ടു തീരുമാനങ്ങളുണ്ടായി എന്നതു ദൗര്‍ഭാഗ്യകരമാണെന്നു പറയേണ്ടിവരും. പ്രാഥമിക സഹകരണ ബാങ്കുകളുടെ മുഴുവന്‍ നിക്ഷേപവും കേരള ബാങ്കില്‍ മാത്രമാക്കണം, കറന്റ്-സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ മറ്റു വാണിജ്യ ബാങ്കുകളില്‍ തുടങ്ങുന്നതു കടുത്ത നിയമലംഘനമായി കണക്കാക്കണം എന്നിവയാണു ദൗര്‍ഭാഗ്യകരമായ ആ രണ്ട് തീരുമാനങ്ങള്‍.

സഹകരണ മേഖലയില്‍ നിയമപരമായ അച്ചടക്കം ഉറപ്പാക്കുന്നതിനുള്ള ശരിയായ തീരുമാനമാണ് ഇതു രണ്ടും. ആ അര്‍ഥത്തില്‍ സഹകരണ സംഘം രജിസ്ട്രാറുടെ നടപടി ശരിയാണ്. പക്ഷേ, പ്രാഥമിക സഹകരണ ബാങ്കുകളുടെ അക്കൗണ്ട് വ്യക്തിഗത അക്കൗണ്ടിനു തുല്യമായി കണക്കാക്കി പിന്‍വലിക്കുന്ന പണത്തിനു നികുതി ചുമത്താനാണു കേന്ദ്രനിയമത്തിലെ വ്യവസ്ഥ. ഒരു ബാങ്കിലെ മുഴുവന്‍ അക്കൗണ്ടില്‍നിന്നും ഒരു വര്‍ഷം ഒരു കോടിയില്‍ക്കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ രണ്ടു ശതമാനം നികുതി നല്‍കണം. ഇതു സംഘങ്ങളെ ഗുരുതരമായി ബാധിക്കുന്ന വ്യവസ്ഥയാണ്. ഇതിനെ മറികടക്കാന്‍ കേരള ബാങ്കില്‍നിന്ന് ഒരു കോടിയിലധികം പണമായി പിന്‍വലിക്കേണ്ടിവരുന്ന പ്രാഥമിക ബാങ്കുകള്‍ക്ക് മറ്റു ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാനുള്ള ഇളവാണ് നല്‍കേണ്ടത്. നിയമപാലനത്തിലെ കാര്‍ക്കശ്യം പ്രായോഗിക സമീപനത്തിലൂടെ നടപ്പാക്കുന്ന രീതിയാണ് ഇവിടെ വേണ്ടത്. കേരള ബാങ്കിന് ‘കാസ’ നിക്ഷേപം കൂട്ടാന്‍ പ്രാഥമിക ബാങ്കുകളിലെ മുഴുവന്‍ കാസ നിക്ഷേപം ഇവിടേക്കു മാറ്റണമെന്നതാണു മറ്റൊരുനിര്‍ദേശം. സ്വകാര്യ-വാണിജ്യ ബാങ്കുകളില്‍ കാസ നിക്ഷേപം നല്‍കുന്നതു പ്രാഥമിക ബാങ്കുകള്‍ക്ക് അവര്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനം നല്‍കുന്നതുകൊണ്ടാണ്. കേരള ബാങ്കിന് ഈ സേവനം പ്രാഥമിക ബാങ്കുകള്‍ക്കു നല്‍കാന്‍ കഴിയുന്ന ഘട്ടംവരെ ഇതു തുടരാന്‍ അനുവദിക്കുകയാണു വേണ്ടത്. അല്ലെങ്കില്‍, പ്രാഥമിക ബാങ്കുകള്‍ അവയുടെ ഇടപാടുകാര്‍ക്കു നല്‍കുന്ന സേവനം പൂര്‍ണമായി നിലയ്ക്കും. അതു കേരളത്തിന്റെ സഹകരണ മേഖലയുടെ അടിത്തറയെന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന സഹകരണ വായ്പാമേഖലയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കും. ഒരുപാട് സഹകാരികളുടെ ജീവിതത്തിന്റെ വിലയാണ് ഇന്നത്തെ സഹകരണ മേഖലയുടെ ശക്തിയും ചരിത്രവും. ആ മഹാരഥന്മാരുണ്ടാക്കിയ സഹകരണമുന്നേറ്റം ഒറ്റക്കുഴിവെട്ടി മൂടുന്നതാകരുത് സഹകരണ വകുപ്പിന്റെ ഒരു പരിഷ്‌കാരവും.

– എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!