സഹകരണ പരീക്ഷകളും നിയമനരീതിയും കുറ്റമറ്റതാകണം

moonamvazhi

സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സംഘങ്ങളുടെ വളര്‍ച്ചയ്ക്കു കഴിവും കാര്യശേഷിയുമുള്ള ജീവനക്കാര്‍കൂടി ഉണ്ടാകണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു സഹകരണ പരീക്ഷാബോര്‍ഡ് രൂപവത്കരിച്ചത്. കൃത്യമായി പരീക്ഷ നടത്തി, നിയമനനടപടികള്‍ക്കു പ്രൊഫഷണല്‍രീതിയില്‍ സംഘങ്ങള്‍ക്കു സഹായം നല്‍കുകയെന്നതാണു പരീക്ഷാബോര്‍ഡിന്റെ ലക്ഷ്യം. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണു സഹകരണ പരീക്ഷാബോര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നത്. സഹകരണപരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം ആശ്രയമാകുന്നതു സഹകരണ പരീക്ഷാബോര്‍ഡുവഴിയുള്ള സഹകരണസംഘങ്ങളിലെ നിയമനങ്ങളാണ്. വായ്പേതരസംഘങ്ങളിലെ നിയമനം ഇപ്പോഴും അതതു സംഘത്തിന്റെ ഭരണസമിതിയാണു നിര്‍വഹിക്കുന്നത്. ആ രീതിയ്ക്കും മാറ്റം വരാന്‍ പോവുകയാണ്. സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങളിലെയും ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ ഇനി പരീക്ഷാബോര്‍ഡുവഴി മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥ സഹകരണനിയമത്തില്‍ കൊണ്ടുവരികയാണ്. ഇപ്പോള്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള പുതിയ നിയമഭേദഗതിബില്ലില്‍ ഈ വ്യവസ്ഥകൂടി ഉള്‍പ്പെട്ടിട്ടുണ്ട്. 13,500 സഹകരണസംഘങ്ങളാണു സംസ്ഥാനത്തുള്ളത്. ഇതില്‍ അപക്സ് സ്ഥാപനങ്ങളുടെ നിയമനം മാത്രമാണു പി.എസ്.സി. വഴിയുള്ളത്. ബാക്കിയെല്ലാം ഇനിമുതല്‍ സഹകരണ പരീക്ഷാബോര്‍ഡുവഴിയാകും.

പി.എസ്.സി. കഴിഞ്ഞാല്‍ സംസ്ഥാനത്തെ സുതാര്യനിയമന നടപടികളുടെ ഏറ്റവും വലിയ ഏജന്‍സിയാണു സഹകരണ പരീക്ഷാബോര്‍ഡ്. എന്നാല്‍, അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാങ്കേതികസൗകര്യം ഉപയോഗപ്പെടുത്താനും സഹകരണ പരീക്ഷാബോര്‍ഡിനു കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഒട്ടേറെ പരാതികള്‍ ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സാങ്കേതികമായ പോരായ്മകള്‍, ചോദ്യോത്തരത്തിലെ പിശകുകള്‍, സമയബന്ധിതമായി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്തത് എന്നിങ്ങനെ നീളുന്നു പരാതികള്‍. സംസ്ഥാനത്ത് ഒട്ടേറെ സഹകരണ പരീക്ഷാപരിശീലനകേന്ദ്രങ്ങള്‍ ഇപ്പോള്‍ മുളച്ചുപൊന്തിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ടെന്ന ബോധ്യത്തിലേക്ക് ഉദ്യോഗാര്‍ഥികളെത്തിയതുകൊണ്ടുകൂടിയാണിത്. ഈ പരിശീലന കേന്ദ്രങ്ങളുടെ മറവില്‍ അനഭിലഷണീയ പ്രവണതകള്‍ നടക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം പരീക്ഷാബോര്‍ഡിന്റെ വിശ്വാസ്യതയെയാണു ബാധിക്കുന്നത്. ഒരുകൂട്ടം ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ‘ മൂന്നാംവഴി ‘ പരീക്ഷാബോര്‍ഡിന്റെയും സഹകാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടെയും മുമ്പാകെ വെക്കുന്നതു കുറ്റമറ്റ ഒരു നിയമനസംവിധാനം ഉറപ്പാക്കണമെന്നുള്ളതുകൊണ്ടാണ്. ബോര്‍ഡ് കൊണ്ടുവരുന്ന പുതിയ നടപടികളെ കാണാതെയല്ല ഇത്. ചട്ടം പരിഷ്‌കരണവും നിയമന-പരീക്ഷാരീതിയിലെ മാറ്റവും ഓണ്‍ലൈന്‍ രീതിയില്‍ പരീക്ഷ നടത്താന്‍ പാകത്തില്‍ സാങ്കേതികസംവിധാനം മെച്ചപ്പെടുത്തുന്നതുമെല്ലാം ബോര്‍ഡിന്റെ ഭാഗത്തുനിന്നുള്ള കാലോചിതമായ ചുവടുവെപ്പാണ്. ഇതു വേഗത്തിലാക്കുന്നതിനൊപ്പം, വിശ്വാസ്യതയും സുതാര്യതയും കാര്യക്ഷമതയുമുള്ള ഒരു റിക്രൂട്ട്മെന്റ് ബോര്‍ഡായി ഇതിനു മാറാന്‍ കഴിയണം. – എഡിറ്റര്‍

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!