സഹകരണ നിയമഭേദഗതി ബില്‍ മന്ത്രിസഭ പരിഗണിച്ചില്ല; പഠിക്കണമെന്ന് മന്ത്രിമാര്‍
സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതി കൊണ്ടുവരുന്ന ബില്ല് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. 34 നിയമങ്ങളില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്‍. മാത്രവുമല്ല, സഹകരണ മേഖലയിലെ ഭരണസംവിധാനത്തില്‍ കാതലായ മാറ്റം നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളും ഇതിലുണ്ട്. അതിനാല്‍, ബില്ല് പഠിച്ചശേഷം പരിഗണിക്കാമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് മാറ്റിയത്.
അടുത്ത നിയമസഭ സമ്മേളനത്തില്‍ ഈ ഭേദഗതിക്കുള്ള ബില്ല് അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കേണ്ടതുണ്ട്. ഡിസംബര്‍ അഞ്ചിനാണ് നിയമസഭ സമ്മേളനം തുടങ്ങുന്നത്. അതിന് മുമ്പായി നവംബര്‍ 30ന് വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ബില്ല് പഠിക്കണമെന്ന് മന്ത്രിമാരുടെ ആവശ്യമനുസരിച്ചാണ് മാറ്റിയത് എന്നതിനാല്‍, അടുത്ത മന്ത്രിസഭ യോഗം തന്ന് കരട് ബില്ല് പരിഗണിച്ച് അംഗീകാരം നല്‍കാനാണ് സാധ്യത. നിയമസഭ സമ്മേളനം 14 വരെയാണ് ചേരാന്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. സമ്മേളനത്തിനിടയിലും മന്ത്രിസഭ യോഗം ചേരാറുണ്ട്. ഇതില്‍ അംഗീകാരം നല്കിയാലും ബില്ല് സഭയില്‍ അവതരിപ്പിക്കാനാകും.
കരട് ബില്ല് സഹകാരികളില്‍ ചര്‍ച്ച നടത്തിയാകും തയ്യാറാക്കുകയെന്നായിരുന്നു സഹകരണ മന്ത്രി വി.എന്‍.വാസവന് നേരത്തെ പറഞ്ഞിരുന്നു. മൂന്ന് മേഖലകളാക്കി തിരിച്ച് ഇതിനുള്ള ചര്‍ച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഈ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുകയാണെങ്കില്‍ അത്തരമൊരു ചര്ച്ചയുണ്ടാവാനിടയില്ല. സഹകരണ ജീവനക്കാരുടെ പ്രധാന സംഘടനയായ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു.) ആണ് നിയമഭേദഗതിയെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ച സംഘടന. എന്നാല്‍, ഇല്ലാത്ത നിയമഭേദഗതിയെ കുറിച്ചാണോ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്നായിരുന്നു ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.എന്‍.വാസവന് ചോദിച്ചത്. അതോടെ, തുടര്‍ ചര്‍ച്ചകള്‍ക്ക് എംപ്ലോയീസ് യൂണിയനും തയ്യാറായില്ല.
സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ടേം വ്യവസ്ഥ, സംഘം രൂപീകരിക്കാന്‍ മൂലധനം മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ എന്നിങ്ങനെയുള്ളവ കരട് നിയമഭേദഗതിയില്‍ പറയുന്നുണ്ട്. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. അതിനാല്‍, അത്തരം മുന്നൊരുക്കങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കരട് ബില്ലിനെ കുറിച്ച് സഹകാരികളുടെ ചര്‍ച്ച ഒഴിവാക്കാന്‍ കാരണമെന്നും വിമര്‍ശനമുണ്ട്.