സഹകരണ ജീവനക്കാരുടെ ശമ്പളപരിഷ്കരണം വേഗത്തിലാക്കണമെന്ന് എംപ്ലോയീസ് ഓർഗനൈസേഷൻ.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സർക്കാറിനോടാവശ്യപ്പെട്ടു. കോഴിക്കോട് ചേർന്ന സംഘടനയുടെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് ഈ ആവശ്യം.
കുടിശ്ശികയുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കുക, അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായി പെൻഷൻ ലഭിക്കും വിധം പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്നും വർക്കിംഗ് പ്രസിഡണ്ട് പൊൻപാറ കോയക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. മുഹമ്മദ് കൊടുവള്ളി, എ.കെ. മുഹമ്മദാലി, പി.ടി. മനാഫ്, മജീദ് അമ്പലക്കണ്ടി തുടങ്ങി നിരവധി നേതാക്കൾ പ്രവർത്തകസമിതി യോഗത്തിൽ സംസാരിച്ചു.