സഹകരണാശയം സ്‌കൂള്‍ തൊട്ടേ പഠിപ്പിക്കണം

web desk

ആരോഗ്യ സംരക്ഷണത്തിന് ക്ഷീര സംഘങ്ങളുടെ അനിവാര്യതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ സഹകരണ അന്വേഷണ സമിതിയുടെ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ലക്കം ‘ പൈതൃക ‘ ത്തില്‍ പ്രതിപാദിച്ചത്. 1934 ല്‍ ശ്രീ ചിത്തിരത്തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന് സമര്‍പ്പിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ വിദ്യാഭ്യാസ മേഖലയിലെ സഹകരണ സ്റ്റോറുകളെയും സംഘങ്ങളെയും കുറിച്ചും പരാമര്‍ശങ്ങളുണ്ട്.

1930 കാലഘട്ടം ഇന്നത്തെപ്പോലെയല്ല. ഇന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളുണ്ട്. 1930 കളില്‍ ഇതിനുള്ള സാധ്യത തുലോം കുറവായിരുന്നു. വിരലിലെണ്ണാവുന്ന വിദ്യാലയങ്ങളിലേ സഹകരണ സന്ദേശം അന്ന് എത്തിയിരുന്നുള്ളൂ എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാവുന്നത്. കച്ചവടക്കാരും അധ്യാപകരും സ്‌കൂളധികൃതരും തമ്മിലുണ്ടായിരുന്ന ‘ അവിശുദ്ധ ബന്ധ ‘ മാണ് ഇതിനുള്ള കാരണമായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നത്. ഓരോ വിദ്യാലയത്തിനടുത്തും ഉണ്ടാകും വിദ്യാര്‍ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍. ഈ കച്ചവടക്കാരും സ്‌കുളധികൃതരും അധ്യാപകരും നല്ല ബന്ധത്തിലായിരിക്കും. അതിനാല്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍് ഇവര്‍ വൈമുഖ്യം കാട്ടിയിരുന്നു. കച്ചവടക്കാരില്‍ നിന്ന് അന്നും ഇവര്‍ക്ക് ചില കമ്മീഷനൊക്കെ കിട്ടിയിട്ടുണ്ടാവണം. അല്ലെങ്കില്‍, കച്ചവടക്കാര്‍ സ്‌കൂളുകാരുടെ വേണ്ടപ്പെട്ടവരായിരുന്നിരിക്കണം.

സ്‌കൂളധികൃതരെ പൂര്‍ണമായി കുറ്റം പറയാനുമാവില്ല. എല്ലാ വിദ്യാലയങ്ങളിലും സഹകരണ സംഘം രൂപവത്കരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമൊന്നും അന്ന് നിലവിലില്ലായിരുന്നു. കുട്ടികളെ സഹകരണ പ്രസ്ഥാനത്തോട് ആദ്യമേ അടുപ്പിക്കുന്നതിനും സമ്പാദ്യശീലം വളര്‍ത്തുന്നതിനും സംഘങ്ങള്‍ ആവശ്യമാണെന്ന് പില്‍ക്കാലത്താണ് ഭരണാധികാരികള്‍ക്ക് തോന്നിയത്. അതിന് സഹായകമായത് തിരുവിതാംകൂറിലെ സഹകരണ അന്വേഷണ സമിതി റിപ്പോര്‍ട്ട് തന്നെ ആയിരിക്കാം.

വിദ്യാലയസംഘങ്ങള്‍ അഞ്ച്

1932 ല്‍ സഹകരണ അന്വേഷണ സമിതി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് തിരുവിതാംകൂറില്‍ നാല് ഹൈസ്‌കൂളുകളിലും ഒരു കോളേജിലുമാണ് സഹകരണ സംഘങ്ങള്‍ ഉണ്ടായിരുന്നത്. കൊല്ലം ഇംഗ്ലീഷ് സ്‌കൂള്‍, കരുവാറ്റ എന്‍.എസ്.എസ്. ഇംഗ്ലീഷ് സ്‌കുള്‍, മാവേലിക്കര ബി.എച്ച്. ഹൈസ്‌കൂള്‍, കോട്ടയം എം.ടി. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും തിരുവനന്തപുരം മഹാരാജാസ് സയന്‍സ് കോളേജിലും ( ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ് ) മാത്രമാണ് സഹകരണ സ്‌റ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലും സ്വകാര്യ പുസ്തകക്കച്ചവടക്കാരുടെ മത്സരവുമൊക്ക ഉണ്ടായിരുന്നെങ്കിലും വിദ്യാര്‍ഥികളില്‍ നിന്ന് വലിയ പിന്തുണയാണ് ഇത്തരം സ്റ്റോറുകള്‍ക്ക് കിട്ടിയിരുന്നത്. ഇവയില്‍ മഹാരാജാസ് കോളേജിലെ സഹകരണ സ്റ്റോറായിരുന്നു വലുത്. ഇത് നന്നായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നല്ല വില്‍പ്പനയായിരുന്നു അവിടെ. 1933 ല്‍ മാത്രം ഈ സ്റ്റോറില്‍ ഒമ്പതിനായിരം രൂപയുടെ കച്ചവടം നടന്നിട്ടുണ്ട്. വില്‍പ്പനയില്‍ നിന്നുള്ള ലാഭം പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. വിദ്യാലയ സൊസൈറ്റികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക വഴി വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ചില പ്രായോഗിക പാഠങ്ങളും സ്വായത്തമാക്കാനായി എന്നു സമിതി നിരീക്ഷിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുണ്ടായിരുന്ന ഒന്നാം ഗ്രേഡ് ആര്‍ട്‌സ് കോളേജുകളില്‍ സഹകരണ സ്റ്റോറുകള്‍ തുടങ്ങാതിരുന്നത് കഷ്ടമാണെന്ന് അന്വേഷണ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഈ കോളേജുകളുടെ മാനേജര്‍മാരെ സമിതി പ്രസിഡന്റ് തന്നെ തങ്ങളുടെ അനിഷ്ടം നേരിട്ടറിയിക്കുകയുണ്ടായി.

നോട്ടുബുക്കുകള്‍, പാഠപുസ്തകങ്ങള്‍, ജ്യോമട്രി ബോക്‌സ്, ബാഗുകള്‍, പേന, പെന്‍സില്‍ , പേപ്പര്‍ , ഭൂപടം തുടങ്ങിയവയാണ് വിദ്യാലയങ്ങളിലെ സഹകരണ സംഘങ്ങള്‍ വഴി വിറ്റിരുന്നത്. ഒരു ചെറിയ തുക വാങ്ങിയാണ് വിദ്യാര്‍ഥികളെ സൊസൈറ്റിയില്‍ അംഗമാക്കിയിരുന്നത്. അംഗങ്ങള്‍ക്ക് സാധാരണ വിലയില്‍ നിന്നു അല്‍പം കുറച്ചാണ് സാധനങ്ങള്‍ വിറ്റിരുന്നത്. ഇതുകൂടാതെ വര്‍ഷം തോറും ചെറിയ ലാഭവിഹിതവും കുട്ടികള്‍ക്ക് നല്‍കിയിരുന്നു.

കോളേജധ്യാപകര്‍ക്കും സംഘം

തിരുവിതാംകൂറില്‍ അധ്യാപകര്‍ക്കും ഒരു സഹകരണ സംഘമുണ്ടായിരുന്നു. പ്രൊഫസര്‍മാരുള്‍പ്പെടെയുള്ള കോളേജ്് അധ്യാപകരാണ് ട്രാവന്‍കൂര്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയിരുന്നത്. കോളേജ് നിലവാരത്തിലുള്ള ജനറല്‍ പുസ്തകങ്ങള്‍ വരുത്തി വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍, പ്രതീക്ഷക്ക് ഒപ്പം ഉയരാന്‍ കഴിയാത്തതുകാരണം പിന്നീട് ഈ സംഘം പിരിച്ചുവിട്ടു.

സ്‌കുള്‍ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതില്‍ അന്ന് മുന്നില്‍ നിന്നിരുന്നത് പഞ്ചാബും ബോംബെയും ആയിരുന്നുവെന്ന്്് കമ്മറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്്്. സഹകരണ സ്റ്റോറുകള്‍ പോലെ സ്‌കൂളുകളിലും കോളേജുകളിലും നിര്‍ബന്ധമായി സേവിങ്‌സ് സൊസൈറ്റികളും രൂപവത്കരിക്കുന്നത് നന്നായിരിക്കുമെന്ന് അന്വേഷണ സമിതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളിലും അധ്യാപകരിലും ഒരുപോലെ മിതവ്യയവും സമ്പാദ്യശീലവും വളര്‍ത്താന്‍ ഇതുപകരിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികളില്‍ സഹകരണാശയവും മിതവ്യയ ശീലവും വളര്‍ത്താനുള്ള വേദിയായിട്ടാണ് പഞ്ചാബ് വിദ്യാലയ സഹകരണ സംഘങ്ങളെ കണ്ടിരുന്നത്.

തിരുവിതാംകൂറില്‍ സഹകരണ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാഠ്യ പദ്ധതിയില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന് അന്വേഷണ സമിതി നിര്‍ദ്ശിക്കുകയുണ്ടായി. സഹകരണം എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ വിദ്യാര്‍ഥികളില്‍ ചെറുപ്പത്തില്‍ത്തന്നെ വേരോടിയാലേ ഭാവിയില്‍ നല്ല സഹകാരികളുണ്ടാവൂ എന്ന് പഞ്ചാബിലെ പ്രമുഖ സഹകാരിയായ സി.എഫ്. സ്ട്രിക്്‌ലാന്റ് ചൂണ്ടിക്കാട്ടിയ കാര്യം സമിതി പ്രത്യേകം എടുത്തുപറയുന്നുണ്ട്. സ്വയം സഹായം, മിതവ്യയം, പാവപ്പെട്ട ജനതയെ സാമ്പത്തികമായി ഉയര്‍ത്തുക തുടങ്ങിയ സഹകരണാശയങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സ്ട്രിക്‌ലാന്റ് പ്രധാനമായും സംസാരിച്ചത്. താഴെത്തട്ടിലുള്ള ജനതയുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സഹകരണ പ്രസ്ഥാനത്തിനു മാത്രമേ കഴിയൂ എന്നായിരുന്നു സ്ട്രിക്‌ലാന്റിന്റെ വാദം.

പഞ്ചാബ് കഴിഞ്ഞാല്‍ അന്ന് കൂടുതല്‍ വിദ്യാലയങ്ങളില്‍ സഹകരണ സൊസൈറ്റികളുണ്ടായിരുന്നത് മൈസൂരിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കായി 18 സഹകരണ സ്റ്റോറുകള്‍ മൈസൂരിലുണ്ടായിരുന്നു. കൊച്ചിയില്‍ നാലു വിദ്യാലയങ്ങളിലേ അന്ന് സഹകരണ സംഘങ്ങളുണ്ടായിരുന്നുള്ളു. അവയില്‍ മഹാരാജാസ് കോളേജിലെ സഹകരണ സംഘമായിരുന്നു പ്രധാനം .

എല്ലാ സ്‌കൂളുകളിലും കോളേജുകളിലും സഹകരണ സ്റ്റോറുകളോ സംഘങ്ങളോ തുടങ്ങണമെന്നതായിരുന്നു തിരുവിതാംകൂര്‍ സഹകരണ അന്വേഷണ സമിതിയുടെ നിര്‍ദേശം. കൂട്ടായി പ്രവര്‍ത്തിക്കാനും സമ്പാദ്യ, മിതവ്യയ ശീലം വളര്‍ത്താനും പരസ്പരം സഹായിക്കാനുള്ള മന:സ്ഥിതി ഊട്ടിയുറപ്പിക്കാനും ഇതിടയാക്കും. വിദ്യാര്‍ഥികളും അധ്യാപകരും ഒരു കുടക്കീഴില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതോടെ അവര്‍ക്കിടയില്‍ സാഹോദര്യചിന്ത ഉണ്ടാകുമെന്ന പ്രത്യാശയും സമിതി പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.