സര്‍ക്കാര്‍ ഗ്രാന്റിന്റെ വിനിയോഗം പരിശോധിക്കാന്‍ സഹകരണ വകുപ്പില്‍ നോഡല്‍ ഓഫീസര്‍

Deepthi Vipin lal

സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിന്റെ വിനിയോഗവും തിരിച്ചടവും വിലയിരുത്താന്‍ സഹകരണ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി എല്‍. സുനിതയെയാണ് നിയമിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകള്‍, വായ്പകളുടെ വിനിയോഗവും തിരിച്ചടവും എന്നിവ നിരീക്ഷിക്കാന്‍ ഓരോ വകുപ്പും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ധനകാര്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഗ്രാന്റുകളും വായ്പകളും അനുവദിക്കേണ്ട സഹകരണ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ പട്ടിക നോഡല്‍ ഓഫീസറായിരിക്കും തയ്യാറാക്കുക. ഇവയ്ക്ക് അനുവദിക്കുന്ന വായ്പകളുടെ വിനിയോഗം, തിരിച്ചടവ് എന്നിവ പരിശോധിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാകും.

സഹകരണ സംഘങ്ങള്‍ക്ക് ഒട്ടേറെ സാമ്പത്തിക സഹായം സഹകരണ വകുപ്പ് നല്‍കുന്നുണ്ട്. സഹകരണ ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ എടുത്ത കര്‍ഷകര്‍ക്ക് സമാശ്വാസത്തുക അനുവദിക്കുന്നതിന് കാര്‍ഷികോല്‍പാദന സമാശ്വാസ പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയിലും വിനോദ സഞ്ചാര മേഖലയിലും ആരോഗ്യമേഖലയിലും പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിന് പദ്ധതി എന്നിവക്കെല്ലാം വിവിധ സ്‌കീമുകളിലായി സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് കൃതി പുസ്തകോത്സവം നടത്തുന്നതിനും ഇപ്പോള്‍ കോട്ടയത്ത് സാഹിത്യ-സംസ്‌കാര മ്യൂസിയം പണിയുന്നതിനുമെല്ലാം സര്‍ക്കാര്‍ ഗ്രാന്റ്് അനുവദിക്കുന്നുണ്ട്. ഇതിന്റെയെല്ലാം വിനിയോഗം കൃത്യമായി ഉറപ്പുവരുത്തണമെന്നാണ് ധനകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഐ.സി.ഡി.പി., എന്‍.സി.ഡി.സി., നബാര്‍ഡ് എന്നിവയില്‍നിന്ന് സാമ്പത്തിക സഹായം സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ജാമ്യം വേണം. ചിലതെല്ലാം സര്‍ക്കാര്‍ വിഹിതം കൂടി ഉള്‍പ്പെടുന്ന സംയുക്ത പദ്ധതികളാണ്. ഇതിന് പുറമെ, മത്സ്യത്തൊഴിലാളി കടാശ്വാസം, കര്‍ഷക കടാശ്വാസം, പട്ടികജാതിക്കാരുടെ വായ്പ എഴുതിത്തള്ളല്‍, പ്രത്യേക അദാലത്തുകള്‍ എന്നിവയെല്ലാം സര്‍ക്കാര്‍ സഹായത്തിലൂടെ നടപ്പാക്കുന്നവയാണ്.

പട്ടികജാതി-പട്ടികവര്‍ഗ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി പുനര്‍ജനി എന്ന പേരില്‍ ഒരു സമഗ്രപദ്ധതിയും സര്‍ക്കാരിന്റെതായുണ്ട്. അപ്പക്സ് ഫെഡറേഷനുകളെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ ധനസഹായം നല്‍കുന്നുണ്ട്. റബ്കോ, റബ്ബര്‍മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് എന്നിവയ്ക്ക് കേരള ബാങ്കിലെ കടം തീര്‍ക്കുന്നതിന് 306 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതും സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് നല്‍കിയത്. ഇതെല്ലാം പരിശോധിക്കുകയും വ്യവസ്ഥകളനുസരിച്ച് തിരിച്ചടവ് ഉറപ്പുവരുത്തുകയും ഇനി നോഡല്‍ ഓഫീസറുടെ ചുമതലയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News