സമഗ്ര നിയമ ഭേദഗതി സഹകരണ മേഖലയുടെ രക്ഷയ്ക്ക് – വി.എൻ.വാസവൻ

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാര്‍ഷികവും ബാങ്കിൻറെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പത്താം വാര്‍ഷികവും ബാങ്ക് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച വിപുലമായി ആഘോഷിച്ചു.

സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ബാങ്കിന്റെ ഇരുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ സുരക്ഷയ്ക്കായി സമഗ്രമായ ഒരു നിയമ ഭേദഗതി തയ്യാറാക്കി നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അതിനുള്ള കരടുരേഖ തയ്യാറായി കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു.സഹകരണ മേഖലയിലെ ഏതുതരത്തിലുള്ള ക്രമക്കേടുകളും സമയോജിതമായി കണ്ടെത്താനും സുതാര്യമായി ഇടപാടുകൾ മുന്നോട്ടുപോകാനും സഹായിക്കുന്ന കുറ്റമറ്റ ഒരു നിയമമാണ് വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ ഡയാലിസിസ് സെന്റര്‍ വാര്‍ഷിക ഉദ്ഘാടനം എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. സിറ്റി ബാങ്ക് ചെയര്‍മാന്‍ ജി.നാരായണന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സഹകരണ വകുപ്പ് മന്ത്രിക്കും തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എക്കും എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ഉപഹാരം നൽകി. ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം പ്രസിഡന്റ് എം.ജേ.ത്രേസ്യ, കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ.അബ്ദുറഹ്മാന്‍ യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി എന്നിവരെ ആദരിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ, കാലിക്കറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എം.സി. മായിന്‍ ഹാജി കോഴിക്കോട് ജില്ലാ പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. സിറ്റി ബാങ്ക് ഡയറക്ടര്‍ പി. ദാമോദരന്‍ സ്വാഗതവും ഡയറക്ടര്‍ കെ.പി. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.