സപ്ത റിസോര്‍ട്ട് ആന്റ് സ്പായുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( ലാഡര്‍ ) സംരംഭമായ സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ യുടെ വെബ്‌സൈറ്റ് സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ എം.പി. സാജു, ബ്രാഞ്ചു മാനേജര്‍ എം. ശ്രീകുമാരന്‍ നായര്‍, ടി.പി. അഭിലാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പൂളവയലിലാണ് സപ്ത ഹോട്ടല്‍ സമുച്ചയം. വയനാടിന്റെ ഗ്രാമീണതയും ദൃശ്യചാരുതയും ഒത്തുചേരുന്ന സ്ഥലത്താണ് കാലത്തിന്റെ കൗതുകവും പാരമ്പര്യ പ്രതീകവുമായി ആധുനിക വാസ്തുവിദ്യയുടെ വൈഭവം വിളിച്ചറിയിക്കുന്ന വിധത്തില്‍ സപ്തയുടെ നിര്‍മാണം പൂര്‍ത്തിയായത്. കുളിര്‍കാറ്റ് വീശിയടിക്കുന്ന വിശാലമായ നെല്‍പ്പാടങ്ങളിലേക്ക് വാതായനങ്ങള്‍ തുറക്കുന്ന വലിയ നാലു സ്യൂട്ട് മുറികളടക്കം 63 മുറികളാണ് സപ്തയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഹോട്ടലിലെ അതിഥികള്‍ക്കും പുറത്തു നിന്നു എത്തുന്നവര്‍ക്കും ഇഷ്ടഭക്ഷണം മികച്ച രീതിയില്‍ നല്‍കാന്‍ രണ്ട് റെസ്റ്റോറന്റുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വലിയ സംഗമങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ ചെറുസമ്മേളനങ്ങള്‍ക്കുകൂടി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടീഷ്യന്‍ സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാരതീയ, പാശ്ചാത്യ ചികിത്സാ സമ്പ്രദായങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഹോട്ടലിന്റെ ഭാഗമായുണ്ട്. വാട്ടര്‍ തെറപ്പി ഉള്‍പ്പെടെയുള്ള ആയുര്‍വേദ, പ്രകൃതി ചികിത്സാ സൗകര്യങ്ങളും സപ്തയില്‍ വിശ്രമിക്കാനെത്തുന്നവര്‍ക്കു ലഭ്യമാകും.

നാലര ഏക്കറിലധികം വരുന്ന സ്ഥലത്ത് സ്വിമ്മിങ് പൂള്‍, മിനി തിയേറ്റര്‍, ഗെയിമിങ് ഏരിയ, ബാങ്കറ്റ് ഹാള്‍ തുടങ്ങി വിശാലമായ പാര്‍ക്കിങ് ഏരിയ വരെയുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണത്തിനു ആധുനിക സംവിധാനം എന്നിവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ പ്രധാന ടൂറിസം ജില്ലയായ വയനാടിന്റെ വിനോദ സഞ്ചാര മേഖലക്കു സഹകരണ മേഖലയുടെ സംഭാവനയായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ കരുത്തേകുമെന്നു ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.