സംസ്ഥാന സഹകരണ യൂണിയന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം സഹകരണ മേഖലയുടെ അടിവേര് അറക്കുമെന്ന് മന്ത്രി.

adminmoonam

സംസ്ഥാന സഹകരണ യൂണിയന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ഇടതുപക്ഷ പാനലാണ് അധികാരത്തിലെത്തിയത്. തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എ. ഷെരീഫ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ വരണാധികാരി ആയിരുന്നു. പഞ്ചായത്ത്തിരഞ്ഞെടുപ്പുന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചെയർമാൻ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

സംസ്ഥാന സഹകരണ യൂണിയൻ ഓഫീസിൽ നടന്ന അനുമോദനയോഗം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം സഹകരണ മേഖലയുടെ അടിവേര് അറക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. ഇതിനെ ചെറുത്തു തോൽപ്പിക്കേണ്ടത് സഹകാരികൾ ആണ്. ഇത്തരം വിഷയങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കാറുള്ളത് കേരളത്തിലെ സഹകരണ യൂണിയനാണ്. ആ ഉത്തരവാദിത്വം യൂണിയൻ ഏറ്റെടുക്കണം. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ തിരുത്താൻ സഹകാരികളും യൂണിയനും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് സഹകരണ മേഖലയും സഹകാരികളും ചെയ്ത പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ശതമാനത്തിലധികം തുക ലഭിച്ചത് സഹകരണമേഖലയിൽ നിന്നാണ്. കൊവിഡ് ബാധിച്ച വീടുകളിലും കോറെന്റൈനിൽ കഴിയുന്നവർക്കും പെൻഷൻ എത്തിച്ചത് സഹകാരികൾ ആണ്.കേരള ബാങ്ക് ചരിത്രത്തിലിടം നേടി എന്നും മന്ത്രി പറഞ്ഞു. കോലിയക്കോട് കൃഷ്ണൻ നായർ ഉൾപ്പെടെയുള്ള പുതിയ ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.