സംസ്ഥാനത്തെ ഏക ജില്ലാ സഹകരണ ബാങ്കായ മലപ്പുറം ജില്ലാ ബാങ്കിൽ യുഡിഎഫ് ഭരണസമിതി അധികാരമേറ്റു: പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച.

adminmoonam

സംസ്ഥാനത്തെ ഏക ജില്ലാ സഹകരണ ബാങ്കായ മലപ്പുറം ജില്ലാ ബാങ്കിൽ യുഡിഎഫ് ഭരണസമിതി അധികാരമേറ്റു: പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.18 അംഗങ്ങള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു.

സംസ്ഥാനത്ത് സ്വതന്ത്രമായി നിലനില്‍ക്കുന്ന ഏക ജില്ലാ ബാങ്കായ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണം യു.ഡി.എഫ് നിലനിർത്തി. 18 അംഗ ഭരണസമിതി ഇന്ന് ചുമതലയേറ്റു. ഇതോടെ മൂന്നര വര്‍ഷത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അവസാനിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. 18 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ 18 പേര്‍ മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതോടെ വോട്ടെടുപ്പ് നടന്നില്ല. വൈകീട്ടോടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഭരണസമിതിക്ക് കൈമാറി. ഇനി ഒക്ടോബര്‍ ഒന്നിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.

കേരള ബാങ്ക് രൂപീകരണ നീക്കങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ ഒന്നുമുതല്‍ 14 ജില്ലാ സഹകരണ ബാങ്കുകളിലെയും ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചെങ്കിലും സ്വതന്ത്രമായി നിലനില്‍ക്കാനാണ് എം.ഡി.സി ബാങ്ക് ജനറല്‍ ബോഡി തീരുമാനിച്ചത്. രണ്ട് തവണ സര്‍ക്കാര്‍ ലയന പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിലും വിജയിച്ചില്ല. 130 അംഗങ്ങളുള്ള ജനറല്‍ ബോഡിയില്‍ 98 പേരും പിന്തുണച്ചത് യു.ഡി.എഫിനെയാണ്. 31 പേര്‍ സി.പി.എമ്മിനെയും ഒരാള്‍ ബി.ജെ.പിയെയുമാണ്. ജനറല്‍ ബോഡിയിലൂള്ള ശക്തമായ മേല്‍ക്കോയ്മയാണ് എം.ഡി.സി ബാങ്കിനെ ലിയിപ്പിച്ചെടുക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തിയത്.

ഉദ്യോഗസ്ഥ ഭരണത്തിനെതിരെ പുല്‍പറ്റ, കടന്നമണ്ണ സര്‍വീസ് സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിചതിനെതുടർന്ന് 2020 ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും അത് നിയമ പോരാട്ടങ്ങൾക്ക് വഴിവെച്ചു. ഇടയ്ക്ക് തിരഞ്ഞെടുപ്പിനു കോവിഡും തടസ്സമായി. തിരഞ്ഞെടുപ്പിൽ സി.പി.എം പ്രതിനിധികളാരും മത്സര രംഗത്തുണ്ടായിരുന്നില്ല.

എന്നാൽ 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചുണ്ടാക്കിയ സംസ്ഥാന സഹകരണ ബാങ്കിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഇന്ന് നടന്നില്ല. കേരള ബാങ്കിന്റെ കാര്യത്തിൽ നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജികളില്‍ സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയതിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!