സംഘശക്തിയുടെ കരുത്തിനൊപ്പം

[email protected]

ഇതൊരു തുടക്കമാണ്. ജനകീയ കൂട്ടായ്മകള്‍ക്ക് പിന്തുണയും ശക്തിയും പകരാനുള്ള ബദല്‍ മാധ്യമരീതിയുടെ തുടക്കം. സഹകരണ പ്രസ്ഥാനത്തിന്‍റെ ശക്തിയും സ്വാധീനവും ലോകംതന്നെ തിരിച്ചറിഞ്ഞതാണ്. ഇന്ത്യയില്‍ കേരളം ഇതിനൊരു മാതൃകയുമാണ്. ഇന്ന് സഹകരണ മേഖല സ്പര്‍ശിക്കാത്ത ഒരിടം പോലുമില്ല. ഏത് കോര്‍പ്പറേറ്റ് ശക്തികളോടും കിടപിടിക്കാവുന്ന കഴിവും കാര്യശേഷിയും മൂലധനമികവും സ്വന്തമായ സഹകരണ സംഘങ്ങളുണ്ട്. സംഘശക്തിയുടെ സ്വാധീനം തിരിച്ചറിഞ്ഞ എത്രയോ സഹകാരികള്‍. ഒരുമിച്ചു മുന്നേറാനുള്ള മനസ്സുമായി ഇവര്‍ക്കൊപ്പം നില്‍ക്കുന്ന അഞ്ചുലക്ഷത്തിലേറെ വരുന്ന ജീവനക്കാര്‍. ഇതിനൊക്കെ അപ്പുറം സാധാരണക്കാരന്‍റെ കണ്ണീരും സ്വപ്നവും ഏറ്റെടുക്കുന്ന സംഘങ്ങള്‍. കേരളം മാതൃകയാവുന്നത് ഇതൊക്കെക്കൊണ്ടാണ്. ജനങ്ങളുടെ വിശ്വാസ്യത ഇത്രയേറെ ആര്‍ജിക്കാനായ മറ്റൊരു ബദലും സഹകരണ മേഖലയ്ക്ക് പകരമായി ഇപ്പോഴില്ല.

ഈ അന്തസ്സത്തയാണ് ‘മൂന്നാംവഴി’ ഉള്‍ക്കൊള്ളുന്നത്. നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍, കൂട്ടായ്മകള്‍ക്ക് ഒപ്പം നില്‍ക്കാന്‍, പുതിയ സാധ്യതകളന്വേഷിക്കാന്‍ ‘മൂന്നാംവഴി’ നിലകൊള്ളും. അതേസമയം, ഓരോ ചുവടും വിമര്‍ശനബുദ്ധിയോടെ നോക്കിക്കണ്ട് തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുള്ള ജാഗ്രതയും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. ഈ മേഖലയിലെ ഓരോ മാറ്റവും സഹകാരികളിലും ജീവനക്കാരിലും എത്തിക്കാനുള്ള ശ്രമമുണ്ടാകും. മാറ്റം ഉള്‍ക്കൊള്ളാന്‍ സഹകരണമേഖലയെ പര്യാപ്തമാക്കാനുള്ള പാതയില്‍ ഒരു വെളിച്ചമായി ഞങ്ങളുണ്ടാകും. ‘സഹകരണം ഒരു വികാരമാണ്. ആ വികാരം ജനനډയ്ക്കു വേണ്ടിയുള്ളതാണ്. സ്വാര്‍ത്ഥതയ്ക്കായി ഈ മേഖലയില്‍ കരിനിഴലുണ്ടാക്കുന്നത് പൊറുക്കാനാകാത്ത അപരാധമാണ്’ – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഈ വാക്കുകളുടെ ആത്മാംശം ഞങ്ങളും ഏറ്റെടുക്കുന്നുണ്ട്.

കേരളബാങ്ക് രൂപവത്കരണം സംസ്ഥാനത്തെ സഹകരണമേഖലയിലെ മാറ്റത്തിന്‍റെ ഒരു ഏടാണ്. അതുണ്ടാക്കുന്ന ആശയും ആശങ്കയും ഒരേപോലെ ഞങ്ങള്‍ പങ്കുവെക്കുകയാണ്. വരുംദിനങ്ങളില്‍ ഈ മേഖലയില്‍ ഏറ്റവും ചര്‍ച്ചയാകുന്ന വിഷയവും ഇതായിരിക്കും. ഈ ചര്‍ച്ചകള്‍ ഒരു അക്കാദമിക സ്വഭാവത്തിലേക്ക് മാറേണ്ടതുണ്ട്. എല്ലാവശങ്ങളും പരിശോധിക്കുമ്പോഴാണ് പിഴവുകളും സാധ്യതകളും ക
ണ്ടെത്താനാകുന്നത്.മുന്‍വിധികളല്ല, ആശയ സംവാദങ്ങളെ നയിക്കേണ്ടത്. അതിനാല്‍ മുന്‍വിധികളില്ലാത്ത പഠനത്തിനായി കേരളബാങ്കിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News