വ്യവസായ മേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്

[email protected]

വ്യവസായ മേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിനായി തൃശൂരില്‍ സംസ്ഥാനത്തെ വിവിധ വ്യാപാരി- വ്യവസായി സംഘടനകളുടെ പ്രതിനിധി യോഗം വിളിക്കും. ഈരാറ്റുപേട്ട വ്യാപാര ഭവനില്‍ നടന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലതല പ്രളയധനസമാഹരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയശേഷം നവകേരള നിര്‍മാണത്തിനു ജനപങ്കാളിത്തം അനിവാര്യമാണെന്നും ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിവഴി 180 തൊഴില്‍ ദിനം ഉറപ്പുവരുത്തണമെന്നും ധനകാര്യ-കയര്‍ വകുപ്പു മന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രാനുമതി ആയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന പഞ്ചായത്തു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കു മാത്രം 8000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനു 3000 കോടി രൂപ വേണ്ടിവരും. അടിയന്തര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ നല്‍കുന്നതിനു മാത്രം 700 കോടിയാണ് ചെലവ്.

പ്രളയത്തെത്തുടര്‍ന്നു നികുതി വരുമാനത്തില്‍ ഗണ്യമായി കുറവുണ്ടായി. അതിനാല്‍ മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, പിഡബ്ല്യൂഡി വിഭാഗങ്ങള്‍ ധനസമാഹരണത്തിനു മുന്നിട്ടിറങ്ങണം. പ്രളയത്തെ നേരിട്ടതുപോലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെയും കേരളം ധീരമായി നേരിടണം. പ്രളയത്തെ കേരളം നേരിട്ട രീതി ഇതിനോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞു. നവകേരളം പടുതുയര്‍ത്തുന്നതിനു നമ്മുക്ക് ഒരുമിച്ച് കൈകോര്‍ക്കാമെന്നു സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി സ്വാഗത വും ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ.കബീര്‍ നന്ദിയും പറഞ്ഞു. ഈരാറ്റു പേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി, ആര്‍ഡിഒ അനില്‍ ഉമ്മന്‍, എഡിസി (ജനറല്‍) പി. എസ് ഷിനോ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,ബ്ലോക്ക് സെക്രട്ടറി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News