വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഗുണ്ടാപ്പട വേണ്ട – കേന്ദ്രമന്ത്രി

web desk

വായ്പക്കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ‘ഗുണ്ടാപ്പട ‘കളെ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് കോര്‍പ്പറേറ്റ് കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ലോക്സഭയിലാണ് മന്ത്രിയുടെ പ്രസ്താവന. ഇക്കാര്യം റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. വായ്പ നല്‍കുന്നവര്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള മാര്‍ഗരേഖ ബാങ്കുകള്‍ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വാണിജ്യ ബാങ്കുകള്‍ കിട്ടാക്കടം പിരിച്ചെടുക്കാന്‍ കയ്യൂക്കുകാരെ ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായപ്പോഴാണ് റിസര്‍വ് ബാങ്ക് മാര്‍ഗരേഖ തയാറാക്കിയത്. ഇതില്‍ റിക്കവറി ഏജന്റുമാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മതിയായ പോലീസ് വെരിഫിക്കേഷനു ശേഷമേ റിക്കവറി ഏജന്റുമാരെ നിയമിക്കാവൂ എന്നാണ് പ്രധാന നിര്‍ദ്ദേശം. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നപ്പോഴാണ് ലോക്സഭയില്‍ മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

ബലമായി വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കാന്‍ വേണ്ടി ആള്‍ക്കാരെ നിയമിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള മാര്‍ഗരേഖ ബാങ്കുകള്‍ അനുസരിക്കണം. അതുപ്രകാരം വായ്പ തിരിച്ചു പിടിക്കാന്‍ ബലം പ്രയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്- മന്ത്രി ഠാക്കൂര്‍ പറഞ്ഞു.

കടമെടുത്തവരില്‍ നിന്ന് ഇതേക്കുറിച്ച് പരാതികള്‍ ലഭിച്ചാല്‍ ബാങ്കുകളെ വിലക്കുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ബി.ഐ.യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!