വാതില്‍പ്പടി സേവനപദ്ധതി : വാര്‍ഡ് തല സമിതിയില്‍ സഹകരണ സംഘം പ്രവര്‍ത്തകരും

Deepthi Vipin lal

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വാതില്‍പ്പടി സേവനപദ്ധതിയുടെ നിര്‍വഹണ , മേല്‍നോട്ടച്ചുമതലകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനു സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഡിവിഷന്‍ / വാര്‍ഡ് തലത്തില്‍ രൂപവത്കരിക്കുന്ന സമിതികളില്‍ സഹകരണ സംഘം പ്രതിനിധികളെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയാലും മറ്റും അടിസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം കിട്ടാതിരിക്കുന്നവര്‍ക്കും വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍രക്ഷാ മരുന്നുകളും എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് വാതില്‍പ്പടി സേവനപദ്ധതി.

പദ്ധതി നിര്‍വഹണത്തിന്റെ സംസ്ഥാനതല ഏകോപനത്തിനു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സംസ്ഥാനതല കോര്‍ഡിനേറ്ററായി / നോഡല്‍ ഓഫീസറായി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കു തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാനും വാര്‍ഡ് തലത്തിലുള്ള നടത്തിപ്പ് സുഗമമാക്കാനുമായി ഡിവിഷന്‍ / വാര്‍ഡ്തല സമിതിക്കു രൂപം നല്‍കാമെന്നു പുതിയ നിര്‍ദേശത്തില്‍ പറയുന്നു. കമ്മിറ്റിയംഗങ്ങളുടെ പേരും ഫോണ്‍ നമ്പറും ഓരോ ഗുണഭോക്താവിനും നല്‍കണം. ഗുണഭോക്താക്കള്‍ക്കും ജനങ്ങള്‍ക്കും ബന്ധപ്പെടാനുള്ള വ്യക്തിയായി ആശാ വര്‍ക്കറെ നിയോഗിക്കാം. ഡിവിഷന്‍ / വാര്‍ഡ്തല സമിതിയുടെ അധ്യക്ഷന്‍ കൗണ്‍സിലര്‍ / വാര്‍ഡ് മെമ്പറായിരിക്കും. ആശാ വര്‍ക്കര്‍, സാമൂഹിക സന്നദ്ധസേനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ , സാന്ത്വന പരിചരണ പ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി. പ്രതിനിധികള്‍, സാക്ഷരതാ പ്രേരക്മാര്‍, ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാര്‍, എസ്.സി / എസ്.ടി. പ്രതിനിധികള്‍, സഹകരണ സംഘം പ്രതിനിധികള്‍, നെഹ്‌റു യുവ കേന്ദ്ര / യുവജനക്ഷേമ ബോര്‍ഡ് രജിസ്‌ട്രേഷനുള്ള യൂത്ത് ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനതല സമിതിയുടെ അധ്യക്ഷന്‍ മേയര്‍ / ചെയര്‍പേഴ്‌സന്‍ / പഞ്ചായത്തു പ്രസിഡന്റ് / സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എന്നിവരിലൊരാളായിരിക്കും. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരിക്കും ഉപാധ്യക്ഷന്‍. സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ജില്ലാതല, സംസ്ഥാനതല സമിതികള്‍ രൂപവത്കരിക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published.

Latest News