റിസർവ് ബാങ്ക് ലൈസൻസ് ഉള്ള സഹകരണ സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം സംസ്ഥാന സർക്കാരിൽ നിന്നും ആർബിഐയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ കേരള ബാങ്കുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണ മേഖലയെ തകർക്കുമെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്.

adminmoonam

റിസർവ് ബാങ്ക് ലൈസൻസ് ഉള്ള സഹകരണ സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം സംസ്ഥാന സർക്കാരിൽ നിന്നും ആർബിഐയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഈ സാഹചര്യത്തിൽ കേരള ബാങ്കുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണ മേഖലയെ പൂർണ്ണമായും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ,വയനാട് ,ഇടുക്കി ജില്ലാ സഹകരണ ബാങ്കുകളുടെ എൻആർഐ ലൈസൻസ് റദ്ദ് ചെയ്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു ആര്യാടൻ.

രാജ്യത്തെ സഹകരണ ക്രെഡിറ്റ് രംഗത്ത് ഒന്നാം സ്ഥാനമാണ് കേരളത്തിന് ഉള്ളത്. ഇത് തകർക്കാനും തങ്ങളുടെ വരുതിയിലാക്കാനുമാണ് എപ്പോഴും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കാറുള്ളത്. കേരള ബാങ്കിന്റെ വരവ് കേരളത്തിലെ ക്രെഡിറ്റ് മേഖലയെ തകർക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്ദേശിച്ചപോലെ കേരളബാങ്ക് കൊണ്ട് നടക്കാൻ സാധിക്കില്ല. ആർബിഐ ഒരുപാട് നിബന്ധനകൾ കൊണ്ടുവരികയാണ്. ആർബിഐ ലൈസൻസുള്ള സഹകരണ സ്ഥാപനങ്ങളിൽ അവർ കൂടുതൽ പിടിമുറുക്കുകയാണ്. ജില്ലാ ബാങ്കിന്റെ നേതൃത്വപരമായ കഴിവില്ലാതെ കേരള ബാങ്ക് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ജില്ലാ ബാങ്കുകൾ ഇല്ലാതാകുന്നതോടെ സംസ്ഥാന സഹകരണ ബാങ്കിന്റെ നിലനിൽപ്പിനെ ബാധിക്കും. സഹകരണ മേഖലയെ പൂർണമായും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആർബിഐ. അതിനൊപ്പം കേരള ബാങ്കിലേക്ക് മാറുന്നത് കൂടിയാകുമ്പോൾ കേരളത്തിൽ സഹകരണ പ്രസ്ഥാനം നശിക്കാൻ കാരണമാകും.

കേരളത്തിലെ സാമ്പത്തിക ഇക്കോണമി നിലനിർത്തുന്നതിൽ പ്രധാന പങ്ക് സഹകരണ ക്രെഡിറ്റ് മേഖലക്കാണ്. ഇതിന്റെ തകർച്ച കേരളത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര-സംസ്ഥാന സാമ്പത്തിക നയം മൂലം കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതിന് ആക്കം കൂട്ടുന്ന നടപടിയാണ് കേരള ബാങ്ക് രൂപീകരണം എന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. റിസർവ് ബാങ്കിന്റെ കൂടുതൽ നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News