രണ്ടു വര്‍ഷത്തിനുമേല്‍ ഇടപാട് നടക്കാത്ത അക്കൗണ്ടില്‍ മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിഴ ചുമത്തരുത് – റിസര്‍വ് ബാങ്ക്

[mbzauthor]

രണ്ടു വര്‍ഷത്തിനു മുകളില്‍ ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴയീടാക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതിനോ നേരിട്ട് ഗുണഭോക്താക്കള്‍ക്കു കൈമാറുന്ന തുക കിട്ടുന്നതിനോവേണ്ടി തുറന്ന അക്കൗണ്ടുകളില്‍ രണ്ടു വര്‍ഷത്തില്‍ക്കൂടുതല്‍ കാലം ഇടപാടുകള്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം അക്കൗണ്ടുകളെ പ്രവര്‍ത്തനക്ഷമമല്ലാത്തത് എന്ന വിഭാഗത്തില്‍പ്പെടുത്തരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഈ പുതിയ നിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ആരും അവകാശപ്പെടാതെ കിടക്കുന്ന ബാങ്ക്‌നിക്ഷേപങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനക്ഷമമല്ലാത്ത അക്കൗണ്ടുകളെക്കുറിച്ചു 2024 ജനുവരി ഒന്നിനു പുറപ്പെടുവിച്ച പുതിയ സര്‍ക്കുലറിലാണു റിസര്‍വ് ബാങ്ക് ഇക്കാര്യം പറയുന്നത്. ആരും അവകാശവാദമുന്നയിക്കാത്ത നിക്ഷേപങ്ങളുടെ എണ്ണം കുറയ്ക്കാനും ഇത്തരം നിക്ഷേപങ്ങള്‍ യഥാര്‍ഥ അവകാശികള്‍ക്കു തിരിച്ചുകൊടുക്കാനുമുള്ള ബാങ്കുകളുടെയും റിസര്‍വ് ബാങ്കിന്റെയും നടപടികളുടെ ഭാഗമായാണു പുതിയ നിര്‍ദേശങ്ങള്‍.

ഏതെങ്കിലും ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിക്കാതായാല്‍ ഇടപാടുകാരെ അക്കാര്യം എസ്.എം.എസ്സിലൂടെയോ കത്തിലൂടെയോ ഇ മെയില്‍ വഴിയോ ബാങ്ക് അറിയിച്ചിരിക്കണമെന്നാണു പുതിയ നിര്‍ദേശം. യഥാര്‍ഥ ഇടപാടുകാരന്‍ പ്രതികരിച്ചില്ലെങ്കില്‍ അയാളെ ബാങ്കിനു പരിചയപ്പെടുത്തിയ ആളെയോ ഇടപാടുകാരന്റെ നോമിനിയേയോ ബാങ്ക് കണ്ടെത്തണമെന്നു പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയിട്ടില്ലെങ്കില്‍ പിഴ ഈടാക്കാന്‍ പുതിയ നിയമം അനുവദിക്കുന്നില്ല. ഇത്തരം അക്കൗണ്ടുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക ചാര്‍ജും ഈടാക്കാന്‍ പാടില്ല. 2023 മാര്‍ച്ച് അവസാനംവരെയുള്ള കണക്കനുസരിച്ചു അവകാശികളില്ലാത്ത നിക്ഷേപം മുന്‍വര്‍ഷത്തെ അപേക്ഷിച്ചു 28 ശതമാനം വര്‍ധിച്ചു 42,272 കോടി രൂപയായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഈ തുക 32,934 കോടി രൂപയായിരുന്നു. പത്തു വര്‍ഷമോ അതില്‍ക്കൂടുതലോ കാലം ഇടപാട് നടക്കാത്ത അക്കൗണ്ടിലെ നിക്ഷേപം റിസര്‍വ് ബാങ്കിന്റെ നിക്ഷേപക, വിദ്യാഭ്യാസ ബോധവത്കരണനിധിയിലേക്കു മാറ്റണമെന്നാണു നിയമം.

[mbzshare]

Leave a Reply

Your email address will not be published.