യു.പി. സഹകരണ ബാങ്കിന്റെ 146 കോടി രൂപ അപഹരിക്കാനുള്ള സൈബര്‍ ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി
ഉത്തര്‍ പ്രദേശ് സഹകരണ ബാങ്കില്‍ നിന്നു 146 കോടി രൂപ അപഹരിക്കാനുള്ള സൈബര്‍ ഹാക്കര്‍മാരുടെ ശ്രമം ജീവനക്കാര്‍ പരാജയപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിലെ ഒരു മുന്‍ജീവനക്കാരനുമായി ചേര്‍ന്നാണു ഹാക്കര്‍മാര്‍ പണം കവരാന്‍ ശ്രമിച്ചത്.
സഹകരണ ബാങ്കിന്റെ ഹസ്രത്ത്ഗഞ്ച് ശാഖയിലെ സെക്യൂരിറ്റി സിസ്റ്റത്തില്‍ നുഴഞ്ഞുകയറിയാണു ഹാക്കര്‍മാര്‍ അക്കൗണ്ടില്‍നിന്നു 146 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമിച്ചത്. സഹകരണ ബാങ്ക് അക്കൗണ്ടില്‍ നിന്നു മറ്റു ബാങ്കുകളുടെ ഏഴു വ്യത്യസ്ത അക്കൗണ്ടുകളിലേക്കു 146 കോടി രൂപ ഓണ്‍ലൈനായി ഡെബിറ്റ് ചെയ്തതു പെട്ടെന്നു ശ്രദ്ധയില്‍പ്പെട്ട ശാഖയിലെ ജീവനക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച് ഫണ്ട് ബ്ലോക്ക് ചെയ്തതിനാലാണു ഹാക്കര്‍മാരുടെ ശ്രമം വിജയിക്കാതെ പോയത്. ഉന്നതാധികാരികള്‍ ഇടപെട്ട് പിന്നീട് ഫണ്ട് മരവിപ്പിക്കുകയും ഇടപാടുകള്‍ റദ്ദാക്കുകയും ചെയ്തു.
സഹകരണ ബാങ്കിലെ ഒരു മുന്‍ജീവനക്കാരനാണു സംഭവത്തിനു പിന്നിലെന്നു ബാങ്കധികൃതര്‍ അറിയിച്ചു. ഇയാള്‍ മറ്റൊരാളുമായി ബാങ്കിലെത്തി സിസ്റ്റത്തില്‍ കൃത്രിമം കാട്ടിയെന്നാണു സംശയിക്കുന്നത്. ഉത്തര്‍ പ്രദേശ് സഹകരണ ബാങ്കിന്റെ രണ്ടു ജീവനക്കാരുടെ ഐ.ഡി. ഉപയോഗിച്ചാണു 146 കോടി രൂപ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തത്.