ആ നിയമസഭാ പ്രമേയത്തിന്റെ ഭാവി
2006 ഒക്ടോബര്‍ 26ന് കേരള നിയമസഭ ഒരു പ്രമേയം പാസാക്കി. അന്നത്തെ സഹകരണ മന്ത്രി ജി.സുധാകരനാണ് പ്രമേയം അവതരിപ്പിച്ചത്. റവന്യൂ മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രന്‍ പിന്താങ്ങി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ധനമന്ത്രി തോമസ് ഐസക്, കെ.സി.ജോസഫ്, ആര്യാടന്‍ മുഹമ്മദ് എന്നിവരെല്ലാം ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സഭയില്‍ സംസാരിച്ചു. ഒടുവില്‍ ഐകകണ്‌ഠ്യേന അത് സഭ അംഗീകരിച്ചു. ആ പ്രമേയം ഇങ്ങനെയായിരുന്നു : ‘സഹകരണ സ്ഥാപനങ്ങളുടെ ലാഭത്തില്‍നിന്ന് ആദായനികുതി അടയ്ക്കണമെന്ന വ്യവസ്ഥയില്‍നിന്ന് എല്ലാ സഹകരണ സംഘങ്ങളെയും ഒഴിവാക്കിയിരിക്കുന്നതാണ്. എന്നാല്‍, 2006-07 ലെ കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രകാരം ആദായനികുതി നിയമത്തിലെ 80 (പി ) വകുപ്പനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നികുതി ഒഴിവ് ഇന്‍കംടാക്‌സ് നിയമഭേദഗതിയിലൂടെ ഭാഗികമായി നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇതുപ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും പ്രൈമറി കോ-ഓപ്പറേറ്റീവ് കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും മാത്രമേ മേലില്‍ ഈ കിഴിവിന് അര്‍ഹതയുള്ളൂ. ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയവയെ 80 (പി )യുടെ പരിധിയില്‍നിന്ന് ഒഴിവാക്കി അവയുടെ ലാഭത്തിന്റെ 30 ശതമാനം ആദായനികുതിയായി നല്‍കണമെന്നാണ് പുതിയ നിയമം. സഹകരണ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതും സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നതുമായ ഇന്‍കം ടാക്‌സ് ആക്ടിലെ ഈ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ഈ സഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.’
ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നു മാത്രമല്ല, ഇപ്പോള്‍ ആദായനികുതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യം പോലും സഹകരണ സംഘങ്ങള്‍ക്ക് നിഷേധിക്കുന്ന സ്ഥിതിയാണ്. പ്രാഥമിക സഹകരണ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നിയമത്തില്‍ നിര്‍ദേശിക്കുന്ന ആദായനികുതി ഇളവ് നിഷേധിക്കപ്പെട്ടു. ഒരു കോടിയിലധികം പണമായി പിന്‍വലിച്ചാല്‍ രണ്ടു ശതമാനം നികുതി നല്‍കണമെന്ന പുതിയ വ്യവസ്ഥ വന്നു. ആദായനികുതി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ത്തന്നെ അത് സഹകരണ സംഘങ്ങളെ ബാധിക്കുമെന്ന് കേരളം ആശങ്കപ്പെട്ടു. ആ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് ഇപ്പോഴത്തെ അനുഭവം തെളിയിക്കുന്നു. മാത്രവുമല്ല, ഒരു സംഘം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘമാണോയെന്ന് അവയുടെ പ്രവര്‍ത്തനം പരിശോധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ആദായനികുതി വകുപ്പിന് ലഭിക്കുന്ന അപകടരമായ കോടതി വിധിപോലുമുണ്ടായി. പതിമൂന്ന് വര്‍ഷം മുമ്പ്, ആദായനികുതി നിയമത്തിലെ ഭേദഗതി സഹകരണ സംഘങ്ങളെ ബാധിക്കുമെന്ന് ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിഞ്ഞ ജനപ്രതിനിധികളുടെ നാടാണ് കേരളം. അത് യാഥാര്‍ഥ്യമായപ്പോള്‍ അന്നുപുലര്‍ത്തിയ ജാഗ്രത നമ്മള്‍ കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. നിയമസഭയുടെ പ്രമേയം ഒരു ചടങ്ങായിക്കണ്ട്, തള്ളുന്ന സ്ഥിതിയുണ്ടാകരുത്. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും അവയ്ക്ക് സ്വതന്ത്രഭാരതം മുതല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യത്തിലും ആദായനികുതി വകുപ്പ് നടത്തുന്ന ഇടപെടല്‍ കാണാതെ പോകരുത്. സഹകരണ മേഖല കേരളത്തിന്റെ നട്ടെല്ലാണ്. ബദല്‍ സാമ്പത്തിക വ്യവസ്ഥിതിയാണ്. സര്‍ക്കാരിനോട് ചേര്‍ന്നുനില്‍ക്കുന്ന ജനകീയ സംരംഭമാണ്. അതിനാല്‍, നിയമസഭയും ജനപ്രതിനിധികളും സര്‍ക്കാരുംസഹകാരികളും സഹകരണ ജീവനക്കാരുംഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രതയും ഗൗരവവും കാണിക്കേണ്ടതുണ്ട്.
‘ മൂന്നാംവഴി ‘ മാസിക പ്രസിദ്ധീകരണത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ ആഹ്ലാദവേളയില്‍ എല്ലാ മാന്യ വായനക്കാരോടും വരിക്കാരോടും സഹകാരികളോടും എഴുത്തുകാരോടും പരസ്യദാതാക്കളോടും ഞങ്ങള്‍ നന്ദി പറയുന്നു.