മുറ്റത്തെ മുല്ല വായ്പയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

Deepthi Vipin lal

‘- അനില്‍ വള്ളിക്കാട്

സംസ്ഥാന സഹകരണ വകുപ്പിന്റെ ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ലയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ. വായ്പാ പദ്ധതി കേരളത്തില്‍ ആദ്യം നടപ്പാക്കി വിജയിപ്പിച്ച പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കാണ് ഇന്‍ഷൂറന്‍സ് പരിരക്ഷക്കും തുടക്കം കുറിക്കുന്നത്. സഹകരണ ബാങ്കുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടത്തുന്ന പദ്ധതിയില്‍നിന്നും പണം കടമെടുത്തവര്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ വായ്പത്തുകക്ക് ഇന്‍ഷൂറന്‍സ് സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്. എല്‍.ഐ.സി.യുമായി സഹകരിച്ചാണ് മണ്ണാര്‍ക്കാട് ബാങ്ക് സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി നടപ്പാക്കുന്നത്.

വായ്പയെടുത്ത വ്യക്തിക്ക് രോഗം, അപകടം, പ്രകൃതിദുരന്തം എന്നിവ മൂലം സ്വാഭാവിക മരണമോ അപകട മരണമോ സംഭവിക്കുമ്പോള്‍ ആ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രയാസത്തിലാകുന്നത് പരിഹരിക്കുന്നതിനാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. മാത്രമല്ല, വായ്പ നല്‍കിയ സ്ഥാപനത്തിന് തിരിച്ചടവ് മുടങ്ങിയാലുള്ള നടപടിക്രമങ്ങളും നിയമനടപടികളും ഒഴിവാക്കാന്‍ പുതിയ ലോണ്‍ പ്രൊട്ടക്ഷന്‍ പോളിസി സഹായകരമാകുമെന്നും മണ്ണാര്‍ക്കാട് ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ പറഞ്ഞു.

അമ്പതിനായിരം രൂപവരെ വായ്പയെടുത്തവര്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനാകും. പോളിസിയില്‍ ചേരാനുള്ള പ്രായപരിധി 60 വയസ്സാണ്. അമ്പതിനായിരം രൂപയ്ക്കു 180 രൂപ എന്ന നിരക്കിലാണ് പ്രീമിയം തുക. മരണാനന്തരം ഒരു ക്ലെയിം വന്നാല്‍ വായ്പയില്‍ ബാക്കി നില്‍ക്കുന്ന മുഴുവന്‍ തുകയും ഇന്‍ഷുറന്‍സിലൂടെ ലഭ്യമാകും. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനായി വായ്പ നല്‍കുമ്പോള്‍ത്തന്നെ പ്രീമിയം തുക ഗുണഭോക്താവില്‍ നിന്നു കുടുംബശ്രീ യൂണിറ്റുകള്‍ ഈടാക്കും. വായ്പക്കാരുടെയും ആശ്രിതരുടെയും വിവരങ്ങളും മറ്റും ബാങ്ക് മുഖേന ഇന്‍ഷുറന്‍സ് കമ്പനിക്ക് കൈമാറിയാല്‍ മതി. നിലവില്‍ മുറ്റത്തെ മുല്ല വായ്പ എടുത്തവര്‍ക്കും നിശ്ചിത വിവരങ്ങള്‍ നല്‍കി പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നതിനുള്ള സഹായങ്ങളും ക്ലെയിം അനുബന്ധ സേവനങ്ങളും നല്‍കുന്നത് കേരളത്തിലുടനീളം ശാഖകളുള്ള എയിംസ് ഇന്‍ഷുറന്‍സ് കമ്പനിയാണ്. പദ്ധതിയുടെ നടത്തിപ്പ് എല്‍.ഐ.സിയും.

ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ മണ്ണാര്‍ക്കാട്ട് നിര്‍വഹിച്ചു. ബാങ്കിന്റെ കോടതിപ്പടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആരംഭവും കുറിച്ചത്. കെ.ടി.ഡി.സി.ചെയര്‍മാന്‍ പി.കെ.ശശി അധ്യക്ഷത വഹിച്ചു.

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!