മുറ്റത്തെ മുല്ലക്ക് ഭേദഗതി; ബാധ്യത കുടുംബശ്രീക്ക്
സഹകരണ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ ഭേദഗതി. ബ്ലേഡ് പലിശക്കാരിൽ നിന്നും സാധാരണക്കാരനെ രക്ഷിക്കാൻ കുടുംബശ്രീ വഴി വായ്പ നൽകുന്നതാണ് പദ്ധതി.പ്രാഥമിക സഹകരണ ബാങ്കുകൾ ഓരോ വാർഡിലെയും മൂന്നു വരെ കുടുംബശ്രീ യൂണിറ്റിന് 10 ലക്ഷം രൂപ വരെ വായ്പ നൽകും.12 ശതമാനം പലിശ നിരക്കിൽ 52 ആഴ്ച വരെ ആയിരിക്കും തിരിച്ചടവ് കാലാവധി .
മൂന്നു മാസത്തിലധികം തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ വായ്പ എടുത്തയാളെ ബാങ്കിന്റെ ഇടപാടുകാരനാക്കി കുടുംബശ്രീക്ക് ബാധ്യത ഇല്ലാത്ത വിധമായിരുന്നു വ്യവസ്ഥ. പക്ഷേ നിയമ നടപടി എടുക്കുന്നതിൽ ബാങ്കിന് ബുദ്ധിമുട്ടുണ്ടാകും എന്നതിനാലാണ് കുടുംബശ്രീക്കു കൂടി ഉത്തരവാദിത്തം ഉണ്ടാകും എന്ന നിലയിൽ പദ്ധതി തിരുത്തുന്നത്. സഹകരണ സംഘം രജിസ്ട്രാർ ഇതു സംബന്ധിച്ച് സർക്കുലർ ഇറക്കി.
പുതിയ സർക്കുലർ പ്രകാരം ബാങ്കും കുടുംബശ്രീ യൂണിറ്റും വായ്പ എടുക്കുന്ന ആളും ചേർന്ന് കരാറുണ്ടാക്കണം. പണം തിരിച്ചടച്ചില്ലെങ്കിൽ കുടുംബശ്രീ യൂണിറ്റിലെ ഓരോരുത്തർക്കും ബാധ്യതയുണ്ടാകും. പണം തിരിച്ചു പിടിക്കാൻ ബാങ്കുകൾക്ക് നേരിട്ട് കഴിയും. കുടിശ്ശിക മൊത്തം വായ്പയുടെ 20 ശതമാനം കൂടിയാൽ കുടുംബശ്രീക്കുള്ള കാഷ് ക്രെഡിറ്റ് വായ്പാ പരിധി പുതുക്കി നൽകുകയും ഇല്ല.