മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന് ഗോപാല്‍ രത്‌ന പുരസ്‌കാരം
വയനാട് മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം രാജ്യത്തെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനുള്ള ഗോപാല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹമായി. കര്‍ണാടക മാണ്ഡ്യയിലെ അരാകെരെ ക്ഷീരോല്‍പ്പാദക സഹകരണ സംഘം രണ്ടാം സ്ഥാനവും തമിഴ്‌നാട് തിരുവാരൂരിലെ മണ്ണാര്‍ഗുഡി ക്ഷീരോല്‍പ്പാദക സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് മികച്ച ക്ഷീര സംഘത്തിനു നല്‍കുന്ന ഒരു ലക്ഷം രൂപയുടെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനു ഇത്തവണ അര്‍ഹമായതു മാനന്തവാടി ക്ഷീരസംഘമാണ്. 1963 ല്‍ 26 കര്‍ഷകരില്‍ നിന്നു 44 ലിറ്റര്‍ പാല്‍ സംഭരിച്ചു പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടി ക്ഷീരോല്‍പ്പാദക സംഘത്തില്‍ ഇപ്പോള്‍ 1500 കര്‍ഷകര്‍ നിത്യേന 22,000 ലിറ്റര്‍ പാലളക്കുന്നുണ്ട്.
മാനന്തവാടി ടൗണില്‍ 34 സെന്റ് സ്ഥലവും 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും സ്വന്തമായുള്ള ഈ ക്ഷീരസംഘം 123 സംഭരണ കേന്ദ്രങ്ങളില്‍ നിന്നാണു പാല്‍ ശേഖരിക്കുന്നത്. ക്ഷീരസുരക്ഷാ പദ്ധതിപ്രകാരം സംഘം 1177 കര്‍ഷകരെ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. പി.ടി. ബിജുവാണു സംഘം പ്രസിഡന്റ്. എം.എസ്. മഞ്ജുഷയാണു സെക്രട്ടറി.