മാഞ്ഞാലി എക്‌സ്ട്രാക്ട്‌സുമായി മാഞ്ഞാലി സഹകരണ ബാങ്ക്

വി.എന്‍. പ്രസന്നന്‍

രണ്ടാം ലോകയുദ്ധകാലത്തെ ക്ഷാമത്തില്‍നിന്നു കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എറണാകുളത്തെ മാഞ്ഞാലി സഹകരണ ബാങ്ക് എട്ടു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 31 അംഗങ്ങളുമായി തുടങ്ങിയ ഈ ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് ബാങ്കിലിപ്പോള്‍ 6500 അംഗങ്ങളുണ്ട്. ബാങ്കിനു കീഴില്‍ ഒട്ടേറെ സ്വയംസഹായസംഘങ്ങളും കുടുംബശ്രീ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. കൂവപ്പൊടി, ചക്കപ്പൊടി, ഉണക്കിയ പഴം, ചക്കക്കുരു കാപ്പിപ്പൊടി തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി മാഞ്ഞാലി ബാങ്ക് മറ്റു ബാങ്കുകള്‍ക്കു മാതൃക തീര്‍ത്തിരിക്കുകയാണ്.

മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്റ് പ്രോഡക്ട്‌സ് എന്ന മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പാദനശാലയുമായി സഹകരണോല്‍പ്പാദനത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ 2266-ാംനമ്പര്‍ മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്ക്. 1943 ജൂണ്‍ 13 നു രജിസ്റ്റര്‍ ചെയ്ത സംഘമാണിത്. ആറായിരത്തി അഞ്ഞൂറോളം അംഗങ്ങളും നിരവധി സ്വയംസഹായസംഘങ്ങളും കുടുംബശ്രീകളും ബാങ്കിനുണ്ട്.

രണ്ടാം ലോകയുദ്ധ
കാലത്ത് തുടക്കം

രണ്ടാം ലോകയുദ്ധകാലത്തെ ക്ഷാമത്തില്‍ കര്‍ഷകരെ സഹായിക്കാനാണു സഹകരണസംഘം രൂപവത്കരിച്ചത്. കാര്‍ഷികോദ്ധാരണ എക്‌സ്‌പെരിമെന്റല്‍ സഹകരണസംഘം എന്നായിരുന്നു പേര്. കരുമാല്ലൂര്‍ പഞ്ചായത്തിന്റെ മാഞ്ഞാലിക്കര പ്രദേശമാണു പ്രവര്‍ത്തനപരിധി. പി.എ. സുലൈമാനായിരുന്നു പ്രസിഡന്റ്. ടി.ഇ. അഹമ്മദ്, പി.കെ. ഗോപാലന്‍, കെ.പി. അബ്ദു, ടി.ഇ. അബ്ദുല്ല, കെ.എം. കുഞ്ഞിപ്പോക്കരുകുട്ടി, എ.എം. മുഹമ്മദലി (സെക്രട്ടറി) എന്നിവരായിരുന്നു ഭരണസമിതിയംഗങ്ങള്‍. 31 അംഗങ്ങളാണുണ്ടായിരുന്നത്. 1943 ഒക്ടോബര്‍ 24ന് ടി.ഇ. അഹമ്മദ് പ്രസിഡന്റായി. 1950 ല്‍ കുഞ്ഞിപ്പോക്കര്‍കുട്ടിയും 53 ല്‍ പി.എ. അബ്ദുള്‍റഹിമാനും 55ല്‍ എം. അബ്ദുള്‍ ഖാദറും 56 ല്‍ എ.എം. മുഹമ്മദലിയും 57 ല്‍ കെ.പി. ബാവയും 58 ല്‍ എ.എ. കാദര്‍കുഞ്ഞും 60 ല്‍ കെ.പി. ബാവയും 61 ല്‍ ടി.ഇ. അബ്ദുല്ലയും 66 ല്‍ എം. ഇസ്മയിലും 74 ല്‍ വി.എ. സെയ്ദുമുഹമ്മദും 75 ല്‍ എ.ബി. അബ്ദുള്ളയും 78 ല്‍ എന്‍.എ. നാരായണനും പ്രസിഡന്റായി. 84 സെപ്റ്റംബര്‍ മൂന്നുമുതല്‍ ഡിസംബര്‍ 12 വരെ സംഘം അഡ്മിനിസ്‌ട്രേറ്റര്‍ഭരണത്തിലായിരുന്നു. തുടര്‍ന്ന് 84 ഡിസംബറില്‍ വി.എ. അബ്ദുള്‍കരീമും 86 ല്‍ ടി.എം. അബ്ദുള്‍ജബ്ബാറും 92 ല്‍ വി.എ. അബ്ദുള്‍കരീമും 95 ല്‍ എ.എം. അബൂബക്കറും 2017 ല്‍ എം.എം. റഷീദും 21 ല്‍ അഡ്വ. സി.കെ. റഫീഖും 22 ല്‍ എ.എം. അലിയും പ്രസിഡന്റായി. നിലവില്‍ പി.എ. സക്കീറാണു പ്രസിഡന്റ്. എ.എം. അബ്ദുള്‍ സലാമാണു വൈസ് പ്രസിഡന്റ്. യു.ഡി.എഫിനു ഭൂരിപക്ഷമുള്ള സമിതിയാണു ബാങ്ക് ഭരിക്കുന്നത്. പ്രസിഡന്റ് പി.എ. സക്കീര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. എ.എം. അലി, ടി.എ. മുജീബ്, കെ.എ. അബ്ദുള്‍ ഗഫൂര്‍, കെ.എച്ച്. നാസര്‍, സി.എച്ച്. സഗീര്‍, ടി.കെ. അശോകന്‍, അഡ്വ. സി.കെ. റഫീക്ക്, ജിതേഷ് കണ്ണന്‍, ഷാജിത നിസാര്‍, സബിത നാസര്‍, രമ സുകുമാരന്‍ എന്നിവരാണു മറ്റംഗങ്ങള്‍. 10 യു.ഡി.എഫുകാരും മൂന്ന് എല്‍.ഡി.എഫുകാരുമാണു സമിതിയിലുളളത്. ടി.ബി. ദേവദാസാണു സെക്രട്ടറി.

തുടക്കകാലത്ത് അഞ്ചും പത്തും രൂപയുടെ വായ്പകള്‍ നല്‍കിയും ചിട്ടിയും റേഷന്‍കട നടത്തിയുമാണു സംഘം മുന്നോട്ടുപോയത്. വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. 1960 കളില്‍ മാട്ടുമ്പുറത്തു സ്ഥലം വാങ്ങി കെട്ടിടം പണിതു. ഒാടിട്ട കെട്ടിടമായിരുന്നു. 1992 ല്‍ ഇവിടെ പുതിയകെട്ടിടം പണിതു. 2002 ല്‍ അതു നവീകരിച്ചു. താഴത്തെ നിലയടക്കം മൂന്നുനിലക്കെട്ടിടമാണ് ഇപ്പോഴുള്ളത്. താഴത്തെ നിലയില്‍ സിവില്‍സപ്ലൈസ് കോര്‍പറേഷനു വാടകയ്ക്കു കൊടുത്ത സ്ഥലത്തു മാവേലിസ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. വളംഗോഡൗണും ചെറിയ സമ്മേളനഹാളും ബാങ്കിനുണ്ട്. സബ്‌സിഡിനിരക്കിലാണു വളംവില്‍പ്പന. 2012 ല്‍ മാഞ്ഞാലിപ്പാലത്തിനടുത്തു വാടകക്കെട്ടിടത്തില്‍ മാഞ്ഞാലി ഈസ്റ്റ് ശാഖ തുടങ്ങി. അവിടത്തെതടക്കം ബാങ്കിനു മൊത്തം ഏഴു ജീവനക്കാരാണുള്ളത്. കൂടാതെ മാഞ്ഞാലി എക്‌സ്ട്രാക്ട്‌സില്‍ ഏഴു പേരെ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്; മൂന്നു പുരുഷന്‍മാരും നാലു സ്ത്രീകളും. കാര്‍ഷികമേഖലയാണിത്. മൂന്നു കോടി രൂപ കിസാന്‍ ക്രെഡിറ്റ് വായ്പ കൊടുത്തിട്ടുണ്ട്. ഇത്രയധികം കിസാന്‍ ക്രെഡിറ്റ് വായ്പ നല്‍കിയ ബാങ്കുകള്‍ കുറവായിരിക്കും.

ഉല്‍പ്പാദന
സംരംഭം

2022 ലാണ് എന്തെങ്കിലും ഉല്‍പ്പാദനസംരംഭം തുടങ്ങാന്‍ മാഞ്ഞാലി ബാങ്ക് ആലോചിച്ചത്. രാജക്കൂവ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കൂവപ്പൊടി ഉല്‍പ്പാദനത്തിലാണു ശ്രദ്ധിച്ചത്. ആ വര്‍ഷംതന്നെ, വ്യവസായമന്ത്രി പി. രാജീവ് മുന്‍കൈയെടുത്തു നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി കൂവക്കൃഷി നടത്തി അതില്‍നിന്നു മാഞ്ഞാലിക്കൂവ എന്ന ബ്രാന്റില്‍ കൂവപ്പൊടി ഭംഗിയായി പാക്കു ചെയ്തു വിപണിയില്‍ അവതരിപ്പിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഒരു ചടങ്ങില്‍ മന്ത്രി രാജീവ് കൃഷിമന്ത്രി പി. പ്രസാദിനു പാക്കറ്റ് നല്‍കിയാണിതു വിപണിയിലിറക്കിയത്. അതിനുശേഷം 2023 ജനുവരി രണ്ടിനു മാഞ്ഞാലി എക്‌സ്ട്രാക്്ട്‌സ് ആന്റ് പ്രോഡക്ട്‌സിന്റെ കെട്ടിടംപണി ആരംഭിച്ചു. പണി തീര്‍ത്തു മാര്‍ച്ച് അഞ്ചിനു മന്ത്രി പി. രാജീവും പ്രതിപക്ഷനേതാവു വി.ഡി. സതീശനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൂവപ്പൊടി, കൂടാതെ കണ്ണങ്കായപ്പൊടി, ചക്കപ്പൊടി, നേന്ത്രക്കായപ്പൊടി, ചക്കക്കുരുപ്പൊടി, ചക്കക്കുരുക്കാപ്പിപ്പൊടി, ചെറുധാന്യമിശ്രിതപ്പൊടി, ഉണക്കിയ കണ്ണങ്കായ, ചക്കവരട്ടി, ഉണക്കിയ നേന്ത്രക്കായ, ഉണക്കിയ റോബസ്റ്റ, പപ്പായത്തിര, പഴംമാങ്ങത്തിര, ചക്കക്കുരു പായസംമിക്‌സ് എന്നിവയാണു മാഞ്ഞാലി എക്‌സ്ട്രാക്ട്‌സിന്റെ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍. എക്‌സ്ട്രാക്ട്‌സിന്റെ മുന്നിലെ വില്‍പ്പനശാലയില്‍ വില്‍ക്കുന്നുമുണ്ട്. ഓണ്‍ലൈനിലും കിട്ടും. ഇതിനായി ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുണ്ട്. ഇന്ത്യാ മാര്‍ട്ടുമായി ബന്ധപ്പെട്ടും വില്‍പ്പനസൗകര്യം ഒരുക്കിയിട്ടുണ്ട്. കോ-ഓപ് ബ്രാന്റിലും വിറ്റു പോകുന്നു. കൂവപ്പൊടിക്കു കോ-ഓപ് കേരള ബ്രാന്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇത്തരം കാര്യങ്ങളില്‍ പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്ന ആലുവയിലെ അഗ്രോനേച്ചര്‍ എന്ന സ്ഥാപനമാണു പ്രോജക്ട് തയാറക്കലും ഉല്‍പ്പന്നപാക്കറ്റുകളുടെ രൂപകല്‍പ്പനയുമടക്കം വിദഗ്ധ ബിസിനസ് സാങ്കേതികപരിജ്ഞാനം വേണ്ട കാര്യങ്ങള്‍ ചെയ്തത്. കാര്‍ഷികാടിസ്ഥാനസൗകര്യനിധിയില്‍ (Agriculture Infrastructure Fund – AIF) തദ്ദേശീയകാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉറവിടവിവരശേഖരണം, സംസ്‌കരണം, മൂല്യവര്‍ധന, വിപണനം എന്നിവയ്ക്കായി വേരുകളിലേക്കു മടക്കം (Return to Roots) എന്ന പേരില്‍ വിശദപദ്ധതിറിപ്പോര്‍ട്ട് തയാറാക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്നു നടപ്പാക്കല്‍ തുടങ്ങി. എ.ഐ.എഫ്. സ്‌കീമില്‍ നബാര്‍ഡില്‍നിന്നു കേരള ബാങ്കു വഴി ലഭിക്കുന്ന വായ്പകൊണ്ടാണു പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപയാണു വായ്പ. ബാങ്ക് 25 ലക്ഷം രൂപ കൂടി മുടക്കി ഒന്നേമുക്കാല്‍ കോടി രൂപയ്ക്കാണു പദ്ധതി നടപ്പാക്കുന്നത്. തിരിച്ചടക്കേണ്ട തുകയില്‍ 18,50,000 രൂപ കൃഷിവകുപ്പു സബ്‌സിഡിയായി അനുവദിച്ചു. വ്യവസായവകുപ്പിന്റെ സബ്‌സിഡിക്കായി നടപടികള്‍ നടന്നുവരുന്നു.

എല്ലാം ചെയ്യുന്നത്
യന്ത്രങ്ങള്‍

തെക്കേത്താഴം എന്ന സ്ഥലത്തു 15 കൊല്ലത്തേക്കു 15 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണു മാഞ്ഞാലി എക്‌സ്ട്രാക്്ട്‌സ് സ്ഥാപിച്ചിട്ടുള്ളത്. തൊലി കളയല്‍മുതല്‍ പാക്കിങ് വരെ യന്ത്രവത്കൃതമാണ്. അസംസ്‌കൃതപദാര്‍ഥങ്ങളുടെ കഴുകലും മുറിക്കലും അരിയലും സ്റ്റീമറില്‍ കയറ്റി 60 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കലും തണുത്ത വെള്ളത്തിലേക്കു മാറ്റലും വീണ്ടും വാരി ഡ്രയറില്‍ ഉണക്കലും ജ്യൂസറില്‍ ജ്യൂസാക്കലും സെന്‍ട്രിഫ്യൂജില്‍ ശുദ്ധീകരണവും പാക്കിങ്ങുമൊക്കെ യന്ത്രങ്ങളിലാണ്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുള്ള കാര്‍ഷികയന്ത്ര നിര്‍മാതാക്കളില്‍നിന്നാണു യന്ത്രങ്ങള്‍ വാങ്ങിയത്. അമ്പതു ലക്ഷത്തോളം രൂപയുടെ യന്ത്രങ്ങള്‍ വാങ്ങി. ഇതരസംസ്ഥാനങ്ങളിലെതിലും ലാഭത്തില്‍ കിട്ടി. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മറ്റും ഇവിടങ്ങളില്‍നിന്നുതന്നെ വിദഗ്ധരെത്തുമെന്നതിനാല്‍ അക്കാര്യങ്ങള്‍ക്കും കാലതാമസമില്ല. ഉല്‍പ്പാദനശാലയ്ക്കുവേണ്ട വൈദ്യുതി മുഴുവന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നു. ഇതിനായി സൗരോര്‍ജപദ്ധതിയുള്ള പാപ്പിനിവട്ടം സര്‍വീസ് സഹകരണബാങ്കിന്റെ 30 കെ.വി.യുടെ സൗരോര്‍ജപ്ലാന്റ് വാങ്ങി സ്ഥാപിച്ചിട്ടുണ്ട്.

മറ്റിടങ്ങളില്‍നിന്നുള്ള സഹകരണസംഘങ്ങളും ഇവിടത്തെ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ വരുന്നുണ്ട്. സെപ്റ്റംബറില്‍ ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റും സംഘവും വന്നു കണ്ടു വിവരങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. ആഗസ്റ്റില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ ബിവോക് വിദ്യാര്‍ഥികള്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇവിടം സന്ദര്‍ശിച്ചു. മറയൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നുള്ള സംഘവും എത്തി. വിവിധ സ്ഥലങ്ങളിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും വന്നിരുന്നു.

കൂവക്കൃഷിയുമായി
സ്വാശ്രയസംഘങ്ങള്‍

മാഞ്ഞാലി ബാങ്കിന്റെ സ്വാശ്രയസംഘങ്ങള്‍ കൂവക്കൃഷി നടത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ മറ്റിടങ്ങളിലും കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലുംനിന്നു കൂവ വാങ്ങുന്നുമുണ്ട്. മറ്റു കാര്‍ഷികോല്‍പ്പന്നങ്ങള്‍ മഞ്ഞാലിയിലും പരിസരങ്ങളിലുംനിന്നുതന്നെ വാങ്ങുന്നവയാണ്. കൂവക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് പ്രത്യേക പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ട്. അധികം സ്ഥലമില്ലെങ്കിലും കൂവ കൃഷി ചെയ്യാം. രണ്ടു തവണമാത്രം വളമിട്ടാല്‍ മതി. ചാണകം, കോഴിക്കാഷ്ടം എന്നിവയാണു വളം. കീടശല്യമുണ്ടാവില്ല. അതിനാല്‍ കീടനാശിനി തളിക്കേണ്ട. പരിപാലിക്കാനും വലിയ ചെലവില്ല. വിത്തു കുറഞ്ഞവിലയ്ക്കു ബാങ്ക് നല്‍കും. നിലമൊരുക്കാനും വിളവെടുക്കാനുംവേണ്ട യന്ത്രങ്ങള്‍ ബാങ്ക് വാടകയ്ക്കു ലഭ്യമാക്കും. ജൈവരീതിയില്‍ കൃഷി ചെയ്യണം. മുഴുവന്‍ വിളവും ബാങ്ക് വാങ്ങും. കൃഷിക്കു വായ്പ വേണ്ടവര്‍ക്കു കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ അതതു സര്‍വീസ് സഹകരണബാങ്കുകളില്‍നിന്നു വായ്പ കിട്ടും.

ഫെബ്രുവരി നാലുമുതല്‍ ഏഴുവരെ വ്യവസായവകുപ്പു തൃശ്ശൂരില്‍ സംഘടിപ്പിച്ച, എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന മുദ്രാവാക്യത്തോടെ നടത്തിയ കേരള അഗ്രോ ഫുഡ് ഷോയില്‍ മാഞ്ഞാലി ബാങ്കിനു സംരംഭകരംഗത്തെ മികച്ച നൂതനാശയത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കൃഷിവകുപ്പു തിരുവനന്തപുരത്തു നടത്തിയ വൈഗ കാര്‍ഷികമേളയിലും ബാങ്ക് ഉല്‍പ്പന്നങ്ങളുമായി പങ്കെടുത്തു. എറണാകുളം മറൈന്‍ ഡ്രൈവില്‍ സഹകരണവകുപ്പു നടത്തിയ എക്‌സ്‌പോയിലും കളമശ്ശേരിയില്‍ ഓണക്കാലത്തു കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നടത്തിയ കാര്‍ഷികോത്സവത്തിലും ഉല്‍പ്പന്നങ്ങള്‍ നന്നായി വിറ്റു. നവംബറില്‍ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം-2023 മേളയില്‍ ബാങ്ക് മാഞ്ഞാലി ഉല്‍പ്പന്നങ്ങളും മാഞ്ഞാലി ബിരിയാണി എന്നു പ്രസിദ്ധമായ ബിരിയാണിയുടെ തത്സമയപാചകവുമായും പങ്കെടുക്കുന്നുണ്ട്.

സൗകര്യങ്ങളും
സേവനങ്ങളും

ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കാണിത്. ബാങ്കിലെ ഇടപാടുകാര്‍ക്കു മറ്റു ബാങ്കുകളിലേക്കും മറ്റു ബാങ്കുകളില്‍നിന്ന് ഈ ബാങ്കിലെ നിക്ഷേപകരുടെ വ്യക്തിഗതഅക്കൗണ്ടുകളിലേക്കും പണം കൈമാറാനുള്ള ആര്‍.ടി.ജി.എസ്/എന്‍.ഇ.എഫ്.ടി. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു തുക അടയ്ക്കാം. വായ്പകള്‍, എം.ഡി.എസ്, മറ്റു നിക്ഷേപഅക്കൗണ്ടുകള്‍ എന്നിവയിലേക്കു പ്രതിദിനകളക്ഷന്‍ നടത്തുന്ന പ്രതിദിനനിക്ഷേപപദ്ധതിയുമുണ്ട്. ആള്‍ജാമ്യത്തില്‍ ഒരു ലക്ഷം രൂപയും വസ്തുജാമ്യത്തില്‍ മൂന്നു ലക്ഷം രൂപയുമാണു കിസാന്‍ ക്രെഡിറ്റ് വായ്പ നല്‍കുന്നത്. കേരള ബാങ്ക് വഴി നടപ്പാക്കിയ റു പേ കാര്‍ഡ് വഴിയാണ് ഇതില്‍ പിന്‍വലിക്കലുകള്‍ നടത്തുന്നത്. ഈ വായ്പക്കു പലിശസബ്‌സിഡിയുണ്ട്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഒരംഗത്തിന് ആള്‍ജാമ്യത്തില്‍ അര ലക്ഷം രൂപ വരെയും വസ്തുഈടില്‍ പത്തു ലക്ഷം രൂപവരെയുമാണു വായ്പ കൊടുക്കുക. സ്വര്‍ണപ്പണയം, എല്ലാ മാസവും പലിശയടച്ചു പ്രതിവര്‍ഷം പുതുക്കുന്ന മൂന്നുവര്‍ഷ കാലാവധിയുള്ള ബിസിനസ് ഓവര്‍ഡ്രാഫ്റ്റ്, പ്രതിമാസതിരിച്ചടവുള്ള സാധാരണവായ്പ, ഗൃഹോപകരണവായ്പ, പ്രതിദിനകളക്ഷന്‍ വ്യവസ്ഥയില്‍ കച്ചവടവായ്പ, വസ്തുഈടുപണയവായ്പ, നിക്ഷേപഈടിലുള്ള നിക്ഷേപവായ്പ, വാഹനവായ്പ, ഭവനവായ്പ തുടങ്ങിയവ ബാങ്കിലുണ്ട്. മൂന്നു മാസത്തേക്കു കുറഞ്ഞ പലിശയ്ക്കു സ്വര്‍ണപ്പണയവായ്പയും നല്‍കുന്നു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകള്‍ക്കു കുറഞ്ഞ പലിശയ്ക്കു വിവിധ വായ്പകള്‍ നല്‍കുന്നുണ്ട്. ബാങ്കംഗങ്ങള്‍ രൂപവത്കരിക്കുന്ന കര്‍ഷകഗ്രൂപ്പുകള്‍ക്കു നാമമാത്രപലിശയ്ക്കു കാര്‍ഷികവായ്പ കൊടുക്കും. വായ്പ എടുത്ത അംഗം മരിച്ചാല്‍ ആറു മാസത്തില്‍കൂടുതല്‍ വായ്പക്കുടിശ്ശികയില്ലെങ്കില്‍ റിസ്‌ക്ഫണ്ട് ആനുകൂല്യം നല്‍കും. സീനിയര്‍മെമ്പര്‍ പെന്‍ഷന്‍പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. മുഖ്യശാഖയില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കിന് ഒരു മൊബൈല്‍ ആപ്പുണ്ട്. അതിലൂടെ ഫണ്ട് ട്രാന്‍സ്ഫര്‍, റീചാര്‍ജുകള്‍ തുടങ്ങിയവ നടത്താം. വായ്പകള്‍, നിക്ഷേപങ്ങള്‍, എം.ഡി.എസ.് എന്നിവയുടെ വിവരങ്ങളടങ്ങിയ പാസ്ബുക്കും ഈ ആപ്പിലുണ്ട്.

ബാങ്കിങ് സേവനങ്ങള്‍ക്കുപുറമെ സാമൂഹികസേവനങ്ങളും ബാങ്ക് ചെയ്യുന്നുണ്ട്. ചികിത്സാസഹായമാണു പ്രധാനം. ലാഭത്തില്‍ ഒരു ഭാഗം ഇതിനുപയോഗിക്കുന്നു. സാന്ത്വനം ചികിത്സാസഹായനിധിയുണ്ട്. ലാഭത്തില്‍ ഒരുഭാഗമെടുത്തു വര്‍ഷം മൂന്നു ലക്ഷം രൂപ ചികിത്സാസഹായങ്ങള്‍ നല്‍കാന്‍ ചെലവാക്കും. എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും മികച്ചവിജയം നേടുന്നവര്‍ക്കു ക്യാഷ്അവാര്‍ഡും മെമന്റോയും നല്‍കാറുണ്ട്. ഒരു ലക്ഷത്തില്‍ത്താഴെമാത്രം വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നുണ്ട്. 2021 ല്‍ ഏര്‍പ്പെടുത്തിയതാണിത്. 33 പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും 37 ബിരുദവിദ്യാര്‍ഥികള്‍ക്കും 12 പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ആ വര്‍ഷം ഇതു ലഭിച്ചു. പ്രളയത്തിനും കോവിഡിനുംശേഷം ആളുകളുടെ തിരിച്ചടവുശേഷി കുറഞ്ഞു. പ്രളയകാലത്തു കെയര്‍ഹോംപദ്ധതിയില്‍ സര്‍ക്കാര്‍ധനസഹായം ഉപയോഗിച്ച് അഞ്ചു വീട് ഉണ്ടാക്കിക്കൊടുത്തു. കോവിഡ്കാലത്തു കര്‍ഷകരെ സഹായിക്കാന്‍ ബനാന ചലഞ്ച് സംഘടിപ്പിച്ചു. 2021-22 ല്‍ ബാങ്കംഗങ്ങളുടെ മക്കളായ 118 പേര്‍ക്കു സൗജന്യഓണ്‍ലൈന്‍ പി.എസ്.സി. പരിശീലനം സംഘടിപ്പിച്ചു.

70 വയസ്സില്‍ താഴെയുള്ള അംഗം അപകടത്തില്‍ മരിച്ചാല്‍ ഒരു ലക്ഷം രൂപയും അംഗഭംഗം സംഭവിച്ചാല്‍ പരിക്കിന്റെ തോതനുസരിച്ചും നഷ്ടപരിഹാരം നല്‍കും. കരുമാല്ലൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, 20 വാര്‍ഡുകളിലെ സാമൂഹികക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതു ബാങ്കിന്റെ കളകഷന്‍ ഏജന്റുമരാണ്.

പ്ലാവ്, പപ്പായ,
നെല്ലിക്ക കൃഷി

ഭാവിയില്‍ ചക്കയും പപ്പായയും വന്‍തോതില്‍ കൃഷിചെയ്യാന്‍ പരിപാടിയുണ്ടെന്നു പ്രസിഡന്റ് പി.എ. സക്കീറും സെക്രട്ടറി ടി.ബി. ദേവദാസും പറഞ്ഞു. ഇതിനുള്ള സഹായത്തിനായി നബാര്‍ഡിനു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍ അടിസ്ഥാനത്തില്‍ പ്ലാവിന്‍തോപ്പുകള്‍ ഒരുക്കുകയാണ് ആദ്യം ചെയ്യുക. അധികം ഉയരംവയ്ക്കാത്ത സങ്കരയിനം പ്ലാവുകളാണു വളര്‍ത്തുക. നിലവില്‍ ധാരാളം പേര്‍ ബാങ്ക് പരിധിയില്‍ പ്ലാവു വളര്‍ത്തുന്നുണ്ട്. ഒന്നരയേക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാംഘട്ടം പപ്പായയും മൂന്നാംഘട്ടം നെല്ലിക്കയുമായിരിക്കും. ജാതിക്കത്തൊണ്ടും തേനും ചേര്‍ത്തു തേന്‍ജാതിക്കയും തേനും നെല്ലിക്കയും ചേര്‍ത്തു തേന്‍നെല്ലിക്കയും ഉണ്ടാക്കി വില്‍ക്കുന്നകാര്യവും പരിഗണനയിലുണ്ട്. ഫുഡ് സ്റ്റാന്റേര്‍ഡൈസേഷന്‍ ആന്റ് ക്വാളിറ്റി ലാബ് സ്ഥാപിക്കാനും പരിപാടിയുണ്ട്. ഇതിന്റെ പദ്ധതിനിര്‍ദേശം അധികൃതര്‍ക്കു സമര്‍പ്പിച്ചു.

കേന്ദ്രകിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രത്തിലെയും ഇന്ത്യന്‍ കാര്‍ഷികഗവേഷണകൗണ്‍സിലിലെയും മറ്റും വിദഗ്ധരെക്കൊണ്ടാണു ബാങ്ക് കര്‍ഷകര്‍ക്കു പരിശീലനങ്ങള്‍ കൊടുക്കാറുള്ളത്. അതിനായി ഒരു സ്മാര്‍ട്ട് ഡിജിറ്റല്‍ സെമിനാര്‍ഹാള്‍ ഒരുക്കാന്‍ പരിപാടിയുണ്ട്. മൂന്നു കോടി രൂപ ഇതിനു ചെലവു വരും. നബാര്‍ഡിന്റെയും സംസ്ഥാന കൃഷി-സഹകരണവകുപ്പുകളുടെയും സഹായത്തോടെ ഇതു ചെയ്യാനാകുമെന്നാണു പ്രതീക്ഷ. വിദേശങ്ങളിലുള്ളവരും ബാങ്കിന്റെ ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ കയറ്റുമതി ചെയ്യാനും പരിപാടിയുണ്ട്. ഇതിനായി കയറ്റുമതി ലൈസന്‍സ് എടുക്കുകയും അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിട്ടിയിലും ജെമ്മിലും (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ്) രജിസ്റ്റര്‍ ചെയ്യുകയും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.

 

                                                (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

 

 

 

Leave a Reply

Your email address will not be published.