“മഴവെള്ളം – ശുദ്ധമായ വെള്ളം” പ്രചരണത്തിന് തൃശ്ശൂർ സഹകരണ കോളേജിൽ തുടക്കമിട്ടു.
മഴവെള്ളമാണ് ഏറ്റവും ശുദ്ധമായ വെള്ളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനുവേണ്ടി മഴ വെള്ളം കുടിച്ച് തൃശ്ശൂർ സഹകരണ കോളേജിലെ വിദ്യാർഥികളും അധ്യാപകരും വേറിട്ട പ്രചരണ രീതിയ്ക്ക് തുടക്കം കുറിച്ചു. വ്യത്യസ്തമായ പ്രചരണത്തിന് തുടക്കം കുറിക്കാൻ നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരും എത്തി. ഒയാസ്ക ഇന്റർനാഷണൽ എന്ന പരിസ്ഥിതി സംഘടനയും കോളേജിലെ പരിസ്ഥിതി സംഘടനയായ നിഫയും ചേർന്നാണ് മഴ വെള്ളത്തിന്റെ പ്രത്യേകതകൾ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നതിന് തുടക്കം കുറിച്ചത്. ഒരു ഗ്ലാസ് മഴ വെള്ളം കുടിച്ചു കൊണ്ടാണ് പ്രചരണം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തത്. ജലം അമൂല്യവും മഴവെള്ളം ഇപ്പോഴത്തെ സാഹചര്യത്തിൽ അമൃതുമാണെന്നു ജയരാജ് വാര്യർ പറഞ്ഞു. ചടങ്ങിൽ ഒയാസ്ക ഇന്റർനാഷണൽ പ്രസിഡണ്ടും തൃശ്ശൂർ ഔഷധി ഹോസ്പിറ്റൽ സൂപ്രണ്ടുമായ ഡോക്ടർ കെ.എസ്.രജിതൻ അധ്യക്ഷതവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ എസ്.അരുണ, കോളേജ് വൈസ് പ്രസിഡന്റ് ടി.എസ്.സജീവൻ, നിഫ ഭാരവാഹികൾ, വിദ്യാർത്ഥി- അധ്യാപക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.