മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ പരിശോധന സാധ്യമാകുന്നില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍

moonamvazhi

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ഒരു പരിരക്ഷയും നല്‍കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് രജിസ്ട്രാര്‍ ചെയ്ത 33 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും, കേരളം പ്രവര്‍ത്തന പരിധിയായി മറ്റുസംസ്ഥാനങ്ങള്ളില്‍ രജിസ്ട്രര്‍ ചെയ്ത 65 സഹകരണ സംഘങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര സഹകരണ രജിസ്ട്രാറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ സംഘങ്ങള്‍ ഒന്നും തന്നെ പ്രവര്‍ത്തനത്തിന് സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി തേടുന്നില്ല. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുള്ള ഒരു പരിശോധനകളും അനുവദിക്കുന്നുമില്ല. ഓഡിറ്റ് അടക്കമുള്ള കാര്യങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ അവര്‍ നിശ്ചയിക്കുന്ന രീതിയിലാണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുനരുദ്ധാരണ നിധിയില്‍ ഈ സംഘങ്ങള്‍ ഉള്‍പ്പെടുന്നില്ലന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടന അനുസരിച്ച് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സഹകരണ സംഘങ്ങളുടെ നിയന്ത്രണാധികാരി സഹകരണ സംഘം രജിസ്ട്രാറാണ്. സംസ്ഥാനത്ത് നല്ല രീതിയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. എന്നാല്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവര്‍ത്തനം സംസ്ഥാനങ്ങളിലൂടെ വ്യാപിപ്പിച്ച് ഒരു സഹകരണ സംവിധാനം നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നീക്കത്തിന് തടയിടുന്നത് നിയമപരമായ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതിനൊപ്പം ജനകീയ പ്രതിഷേധം ഉയരുന്നുണ്ട്. എം എല്‍ എ മാരായ സി കെ ആശ, ഇ.കെ വിജയന്‍ , ജി എസ് ജയലാല്‍ , സി സി മുകുന്ദന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!