മത്സ്യഫെഡിനെ ഉന്നതനിലവാരത്തിലേക്കുയർത്തും : മന്ത്രി സജി ചെറിയാൻ

moonamvazhi

മുഴുവൻ സംരഭങ്ങളെയും ലാഭത്തിലാക്കിക്കൊണ്ട് മത്സ്യഫെഡിനെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡ് സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ധനസഹായ വിതരണത്തിന്റെയും, മൽസ്യത്തൊഴിലാളികൾക്കുള്ള ട്രാക്ടർ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലാഭത്തിൽ പോകുന്ന സ്ഥാപനങ്ങളെ ആശ്രയിച്ച് നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ മുന്നോട്ട് പോകുന്ന പ്രവണത അംഗീകരിക്കാനാകില്ല.

മികച്ച പ്രൊഫഷണൽ സമീപനം നിലവിൽ ആവശ്യമുണ്ട്. വിപണന സാധ്യതകൾ കണ്ടെത്തിയും അനുബന്ധ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയും പുതിയ സംരഭങ്ങൾ ആരംഭിച്ചും മത്സ്യഫെഡിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം തുടർച്ചയായ മികച്ച പരിശീലനം സംഘത്തിന്റെ പ്രവർത്തനത്തിന് ആവശ്യമുണ്ട്. മത്സ്യബന്ധനത്തിനു ശേഷം വള്ളങ്ങൾ വലിച്ചു കയറ്റുന്നത് ശ്രമകരമായ ജോലിയാണ്. ഇതിനായി രണ്ട് ബോട്ടുകൾ സഹകരണ സംഘങ്ങൾക്ക് ചടങ്ങിൽ നൽകുകയാണ്. അടുത്ത 25 വർഷത്തെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനമാണ് സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്. സേവന വേതന  വ്യവസ്ഥകളിൽ കാലികമായ പരിഷ്‌കാരം ആവശ്യമുണ്ട്.

മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സീഫുഡ് റസ്റ്റോറന്റ് കേരളത്തിൽ വ്യാപകമാക്കണം. മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ മറ്റൊരു തൊഴിൽ കൂടി ഉറപ്പാക്കുക എന്നതും പ്രധാനപ്പെട്ടതാണ്. അപകടത്തിൽപ്പെടുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പി ഡബ്‌ള്യു ഡി റസ്റ്റ്ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിച്ചു. മൽസ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ.പി സഹദേവൻ, വാർഡ് കൗൺസിലർ മാധവദാസ്, കെ എൻ ശ്രീധരൻ, ആർ ജറാൾഡ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങൾ, ഇർഷാദ് എം.എസ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.