മംഗലാപുരം കാത്തലിക് സഹകരണ ബാങ്കിനു റെക്കോഡ് ലാഭം

moonamvazhi

കര്‍ണാടകത്തിലെ മംഗലാപുരം കാത്തലിക് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എം.സി.സി. ) 2021-22 സാമ്പത്തികവര്‍ഷം റെക്കോഡ് അറ്റലാഭം നേടി. 8.27 കോടി രൂപയാണ് ഇത്തവണത്തെ ലാഭം. അതായതു മുന്‍ വര്‍ഷത്തേതില്‍ നിന്നു 138 ശതമാനം വര്‍ധന. ഓഹരിയുടമകള്‍ക്കു ബാങ്ക് പത്തു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.

 

110 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള സഹകരണ ബാങ്കാണിത്. കോഡിയാല്‍ബെയിലില്‍ സെന്റ് അലോഷ്യസ് കോളേജില്‍ ചേര്‍ന്ന ബാങ്കിന്റെ നൂറ്റിനാലാമതു വാര്‍ഷിക പൊതുയോഗത്തിലാണ് ഇതുവരെയില്ലാത്ത ലാഭമാണ് ഇത്തവണ നേടിയതെന്ന പ്രഖ്യാപനമുണ്ടായത്. ബാങ്ക് ചെയര്‍മാന്‍ അനില്‍ ലോബോ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മുന്‍വര്‍ഷത്തേക്കാള്‍ ബാങ്കിന്റെ നിക്ഷേപത്തില്‍ 16.47 ശതമാനം വര്‍ധന കാണിച്ചു. ഇപ്പോള്‍ മൊത്തം നിക്ഷേപം 532.08 കോടി രൂപയാണ്. വായ്പയിനത്തിലും ഇക്കൊല്ലം വര്‍ധനയുണ്ട്. 328.56 കോടി രൂപയാണു വായ്പ നല്‍കിയത്. 2022 മാര്‍ച്ച് 31 നു ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം 615.06 കോടി രൂപയാണ്. ഓഹരി മൂലധനം 18.43 കോടി രൂപയും. നിഷ്‌ക്രിയ ആസ്തിയും കുറഞ്ഞിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം ഇതു 3.23 ശതമാനമായിരുന്നു. ഈ വര്‍ഷം ഇതു 1.6 ശതമാനമായി കുറഞ്ഞു.

1912 മെയ് എട്ടിനാണു മംഗലാപുരം കാത്തലിക് സഹകരണ ബാങ്ക് രൂപം കൊണ്ടത്. ഇപ്പോള്‍ 16 ശാഖകളുണ്ട്. കാനറയിലെ കത്തോലിക്ക സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് രൂപവത്കരിച്ച ഈ സഹകരണ ബാങ്കിന്റെ ആദ്യത്തെ പ്രസിഡന്റ് പി.എഫ്.എക്‌സ്. സല്‍ദാനയാണ്. സൈമണ്‍ അല്‍വാരിസ് വൈസ് പ്രസിഡന്റായും ജെ.എം. കാസ്റ്റലിനോ സെക്രട്ടറിയും ഖജാന്‍ജിയുമായും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News